ത്രില്ലർ ‘ടൈ’ക്കൊടുവിൽ സൂപ്പറായി ജയം പിടിച്ച് ഇന്ത്യ

പ​ല്ലേകെലെ: ട്വന്റി 20 പരമ്പരയിലെ അവസാന പോരാട്ടത്തിൽ അനായാസ ജയത്തിലേക്ക് നീങ്ങിയ ശ്രീലങ്കയെ ടൈയിൽ പിടിച്ചുകെട്ടുകയും അവസാനം സൂപ്പർ ഓവറിൽ ജയം പിടിക്കുകയും ചെയ്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നേടിയ 137 റൺസിന് മറുപടിയായി ബാറ്റ് വീശിയ ആതിഥേയർക്കും എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.

സൂപ്പർ ഓവറിൽ ഇന്ത്യക്കായി ബൗൾ ചെയ്യാനെത്തിയത് വാഷിങ്ടൺ സുന്ദർ. ആദ്യ പന്ത് വൈഡെറിഞ്ഞ് തുടങ്ങിയ താരം അടുത്ത പന്തിൽ ഒരു റൺസ് വഴങ്ങി. എന്നാൽ, അടുത്ത രണ്ട് പന്തുകളിൽ കുശാൽ പെരേരയെയും പതും നിസ്സങ്കയെയും മടക്കി സുന്ദർ ശ്രീലങ്കൻ സ്കോർ രണ്ട് റൺസിലൊതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി മഹീഷ് തീക്ഷ്ണ എറിഞ്ഞ ആദ്യ പന്ത് തന്നെ അതിർത്തി കടത്തി സൂര്യകുമാർ യാദവ് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. മൂന്ന് മത്സരമടങ്ങിയ പരമ്പര ഇതോടെ ഇന്ത്യ 3-0ത്തിന് സ്വന്തമാക്കി.

ഇന്ത്യൻ ബാറ്റർമാരെ തളച്ച് ശ്രീലങ്ക

മഴ കാരണം ഒരു മണിക്കൂർ വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തീരുമാനം ശരിവെച്ച് തുടക്കം മുതൽ നിശ്ചിത ഇടവേളകളിൽ അവർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. ആർക്കും കാര്യമായി തിളങ്ങാനാവാതിരുന്നതോടെ ഇന്ത്യക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് നേടാനായത്. 37 പന്തിൽ മൂന്ന് ഫോറടക്കം 39 റൺസെടുത്ത ഓപണർ ശുഭ്മൻ ഗില്ലായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.

ഒമ്പത് പന്തിൽ 10 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം വീണത്. മഹീഷ് തീക്ഷണ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. തുടർന്നെത്തിയ സഞ്ജു നാല് പന്ത് നേരിട്ട ശേഷം തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണെടുക്കാതെ മടങ്ങിയതോടെ സ്കോർ രണ്ടിന് 12 എന്ന നിലയിലായി. ശ്രീലങ്കക്കായി അരങ്ങേറ്റത്തിനിറങ്ങിയ ചമിന്ദു വിക്രമസിംഗെയുടെ പന്തിൽ ഹരസരങ്കക്ക് പിടികൊടുത്തായിരുന്നു മലയാളി താരത്തിന്റെ മടക്കം. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ റിങ്കു സിങ്ങിനെ മഹീഷ് തീക്ഷണ പതിരാനയുടെ കൈയിലെത്തിച്ചതോടെ 3.1 ഓവറിൽ മൂന്നിന് 14 എന്ന ദയനീയ സ്ഥിതിയിലേക്ക് ഇന്ത്യ വീണു. രണ്ട് പന്തിൽ ഒരു റൺസായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ നായകൻ സൂര്യകുമാർ യാദവും വന്നപോലെ മടങ്ങി. ഒമ്പത് പന്തിൽ എട്ട് റൺസെടുത്ത താരത്തെ അസിത ഫെർണാണ്ടോയുടെ പന്തിൽ ഹസരങ്ക കൈയിലൊതുക്കുകയായിരുന്നു. ശിവം ദുബെയുടെ ഊഴമായിരുന്നു അടുത്തത്. 14 പന്തിൽ 13 റൺസെടുത്ത ദുബെയെ രമേശ് മെൻഡിസ് വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസിന്റെ ഗ്ലൗസിലെത്തിക്കുകയായിരുന്നു.

ഒരറ്റത്ത് പിടിച്ചുനിന്ന ശുഭ്മൻ ഗില്ലിന് കൂട്ടായി റിയാൻ പരാഗ് എത്തിയതോടെയാണ് ഇന്ത്യൻ സ്കോർ ബോർഡിൽ ചലനമുണ്ടായത്. എന്നാൽ, സ്കോർ 100 കടന്നയുടൻ ഗിൽ വീണു. ഹസരങ്കയുടെ പന്തിൽ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് സ്റ്റമ്പ് ചെയ്യുകയായിരുന്നു. 18 പന്തിൽ 26 റൺസെടുത്ത പരാഗും വൈകാതെ പുറത്തായപ്പോൾ എട്ടാമനായെത്തിയ വാഷിങ്ടൺ സുന്ദർ മികച്ച ബാറ്റിങ്ങുമായി പ്രതീക്ഷ നൽകി. 18 പന്തിൽ 25 റൺസിലെത്തിയ സുന്ദറിനെ തീക്ഷണ ബൗൾഡാക്കിയതോടെ ഇന്ത്യയുടെ പോരാട്ടവും അവസാനിച്ചു. അവസാന പന്തിൽ മുഹമ്മദ് സിറാജ് റൺസെടുക്കാതെ റണ്ണൗട്ടായി മടങ്ങിയപ്പോൾ രവി ബിഷ്‍ണോയി എട്ട് റൺസുമായി പുറത്താകാതെ നിന്നു.

​ശ്രീലങ്കക്കായി മഹീഷ് തീക്ഷണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വനിന്ദു ഹസരങ്ക രണ്ടും ചമിന്ദു വിക്രമസിംഗെ, അസിത ഫെർണാണ്ടോ, രമേശ് മെൻഡിസ് എന്നിവർ ഓരോ വിക്കറ്റ് നേടി. 

അവിശ്വസനീയം ശ്രീലങ്കൻ തകർച്ച

138 റൺസെന്ന കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ​ലങ്കക്കായി ഓപണർമാരായ പതും നിസ്സങ്കയും കുശാൽ മെൻഡിസും മികച്ച തുടക്കമാണ് നൽകിയത്. 8.5 ഓവറിൽ 58 റൺസ് നേടിയ സഖ്യം പിരിച്ചത് രവി ബിഷ്‍ണോയി ആയിരുന്നു. 27 പന്തിൽ 26 റൺസെടുത്ത നിസ്സങ്കയെ ബിഷ്‍ണോയ് റിയാൻ പരാഗിന്റെ കൈയിലെത്തിക്കുകയായിരുന്നു. എന്നാൽ, തുടർന്നെത്തിയ കുശാൽ പെരേര കുശാൽ മെൻഡിസിനൊപ്പം ചേർന്ന് ഇന്ത്യൻ ബൗളർമാരെ ധീരമായി നേരിട്ടു. 34 പന്തിൽ 46 റൺസെടുത്ത കുശാൽ പെരേരയും 41 പന്തിൽ 43 റൺസെടുത്ത കുശാൽ മെൻഡിസും ലങ്കയെ ജയത്തിനടുത്തെത്തിച്ചെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടരെത്തുടരെ നിലംപൊത്തുകയായിരുന്നു. കുശാൽ മെൻഡിസിനെ ബിഷ്‍ണോയി വിക്കറ്റിന് മുന്നിൽ കുടുക്കിയതിന് പിന്നാലെ വനിന്ദു ഹസര​​​ങ്കെ (3), ചരിത് അസലങ്ക (0) എന്നിവരെ വാഷിങ്ടൺ സുന്ദറും കുശാൽ പെരേര (46), രമേശ് മെൻഡിസ് (3) എന്നിവരെ റിങ്കു സിങ്ങും മടക്കിയതോടെ രണ്ടിന് 110 എന്ന ശക്തമായ നിലയിൽനിന്ന് ശ്രീലങ്ക ആറിന് 132 എന്ന നിലയിലേക്ക് വീണു.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അവസാന ​ഓവർ എറിയാനെത്തുമ്പോൾ ശ്രീലങ്കക്ക് ജയിക്കാൻ വേണ്ടത് ആറ് റൺസ്. ആദ്യ പന്തിൽ കമിന്ദു മെൻഡിസിന് റൺ​സെടുക്കാനായില്ല. രണ്ടാം പന്തിൽ മെൻഡിസിനെ റിങ്കു സിങ്ങിന്റെയും മൂന്നാം പന്തിൽ മഹീഷ് തീക്ഷണയെ സഞ്ജുവിനെറയും കൈയിലെത്തിച്ച് സൂര്യ നിർണായക വിക്കറ്റുകൾ സമ്മാനിച്ചു. നാലാം പന്തിൽ അസിത ഫെർണാണ്ടോ ഒരു റൺസ് നേടിയപ്പോൾ ലക്ഷ്യം രണ്ട് പന്തിൽ അഞ്ച്. അഞ്ചാം പന്തിൽ വിക്രമസിംഗെ രണ്ട് റൺസ് നേടിയതോടെ അവസാന പന്തിൽ വേണ്ടത് മൂന്ന് റൺസ്. അവസാന പന്തിലും വിക്രമസിംഗെ രണ്ട് റൺസ് നേടിയ​തോടെ മത്സരം സമനിലയിൽ. ഇതോടെയാണ് സൂപ്പർ ഓവർ മത്സരത്തിന്റെ വിധി നിർണയിച്ചത്.

Tags:    
News Summary - India won in the super over at the end of the thriller 'tie'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.