മലപ്പുറം: ഹൈദരാബാദിൽ നടന്ന 68 -ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ കേരളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കലാശ പോരാട്ടം വരെയുള്ള അപരാജിത പ്രകടനത്തിനൊപ്പം ഏറെ ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു മുഖ്യ പരിശീലകൻ ബിബി തോമസിന്റേത്. സന്തോഷ് ട്രോഫിയുടെ ആരവം കെട്ടടങ്ങും മുമ്പേ പ്രധാനപ്പെട്ട രണ്ട് ഉത്തരവാദിത്തമാണ് ബിബി തോമസിനെ തേടിയെത്തിയിരിക്കുന്നത്. അണ്ടർ - 20 മെൻസ്, അണ്ടർ - 17 വുമൺസ് ഇന്ത്യൻ ടീമുകളുടെ കോച്ചായാണ് പുതിയ ചുമതല. ഉത്തരവാദിത്തത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും ബിബി തോമസ് മാധ്യമം ലേഖകൻ യാസീൻ റഷീദുമായി സംസാരിക്കുന്നു:
പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്?
പുതിയ ഉത്തരവാദിത്വത്തെ ഭാഗ്യമായി കാണുന്നു. സന്തോഷ് ട്രോഫിയിലെ ടീമിന്റെ മികച്ച പ്രകടനം മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കാൻ കാരണമായി. ഇനിയും ഏറെ മുന്നോട്ടു പോവാനുണ്ട്.
രണ്ട് ചുമതലകളും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകും ?
ഫോർ നേഷൻ കപ്പിനുള്ള അണ്ടർ 20 മെൻ ടീമിന്റെ ചുമതലയാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഗോവയിലാണ് ക്യാമ്പ്. 21 ന് മത്സരത്തിനായി ടീം ഇന്തോനേഷ്യയിലേക്ക് പോകും. ഇറാൻ, ഇന്തോനേഷ്യ, സിറിയ ടീമുകളാണ് എതിരാളികൾ. തിരിച്ചെത്തിയ ശേഷം ഫെബ്രുവരിയിലാണ് സാഫ് കപ്പിനുള്ള അണ്ടർ 17 വുമൺസ് ടീമിനൊപ്പം ബംഗളൂരുവിലെ ക്യാമ്പിൽ ചേരുക.
കൗമാര താരങ്ങളുടെ പരിശീലകനായ എത്തുമ്പോഴുള്ള വിലയിരുത്തലുകൾ..?
ഇന്ത്യയുടെ സീനിയർ ടീം ഒഴികെയുള്ള എല്ലാ ടീമിന്റെയും കൂടെ അസിസ്റ്റൻറ് കോച്ചായി വർക്ക് ചെയ്യാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. അതിനാൽ കളിയും ടീമും എങ്ങനെയാവണമെന്ന് കൃത്യമായ ധാരണയുണ്ട്. അണ്ടർ - 20 മത്സരമായിരുന്നിട്ടും 17, 18 വയസ്സുള്ള താരങ്ങളാണ് നമ്മുടെ ടീമിലുള്ളത്. വിദൂരമല്ലാത്ത ഭാവിയിൽ ഇവർ ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകും. സന്തോഷ് ട്രോഫിയിൽ ടീമുകളുടെ മുഖ്യചാലക ശക്തി ഈ കൗമാര താരങ്ങളായിരുന്നു.
വുമൺസ് സാഫ് കപ്പിൽ ഇത് രണ്ടാമൂഴമാണ്. പ്രതീക്ഷകൾ എന്തെല്ലാം?
കഴിഞ്ഞതവണയും സാഫ് കപ്പിനുള്ള അണ്ടർ 16 വുമൺസ് ടീം ഹെഡ് കോച്ച് ഞാനായിരുന്നു. 12, 13 വയസ്സുള്ള കുട്ടികളെയാണ് അന്ന് ടീമിലെടുത്തത്. അത് ഈ വർഷം നടക്കാനിരിക്കുന്ന അണ്ടർ 17 സാഫ് കപ്പ്, എ.എഫ്.സി കപ്പ് എന്നിവ മുന്നിൽ കണ്ടായിരുന്നു. ആ താരങ്ങളെല്ലാം ഇത്തവണത്തെ ചാമ്പ്യൻഷിപ്പിന് അനുയോജ്യരാണ്. കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമാക്കുന്നില്ല.
വുമൺസ് ഫുട്ബാളിന് ഇന്ത്യയിൽ ഒരുപാട് പരിമിതികളുണ്ട്. എങ്ങനെ മറികടക്കാമെന്നാണ് കരുതുന്നത്..?
വുമൺസ് ഫുട്ബാൾ വളരണമെങ്കിൽ മെൻസ് ഫുട്ബാളിന് നൽകുന്ന അതേ പ്രാധാന്യം നൽകണം. ദേശീയ മത്സരങ്ങളിൽ എല്ലാ സംസ്ഥാനങ്ങൾക്കും പങ്കാളിത്തം നൽകി വളർന്നുവരുന്ന കുട്ടികൾക്ക് പ്രചോദനമാകണം. നല്ല പരിശീലനം നൽകുന്ന വുമൺസ് പ്രഫഷണൽ ക്ലബുകളും ഉയർന്നുവരണം. സ്കൂൾ തലം തൊട്ട് തന്നെ കുട്ടികൾക്ക് പരിശീലനം നൽകണം. അതിൽ നിന്നും മികച്ച ടീമിനെ വളർത്തിക്കൊണ്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.