തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന 68ാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് രണ്ടു ദിനം പിന്നിട്ടപ്പോള്‍ ആധികാരിക ആധിപത്യത്തോടെ പാലക്കാട് ജില്ലയുടെ കുതിപ്പ്. ഒമ്പതു സ്വര്‍ണവും അഞ്ചു വെള്ളിയും എട്ടു വെങ്കലവുമടക്കം 157 പോയന്റാണ് പാലക്കാട് നേടിയത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 113 പോയന്റാണുള്ളത്.
എട്ടു സ്വര്‍ണവും ആറു വെള്ളിയും മൂന്നു വെങ്കലവുമാണ് എറണാകുളത്തിന്റെ സമ്പാദ്യം. തൊട്ടുപിറകിൽ നാലു സ്വര്‍ണവും അഞ്ചു വെള്ളിയും എട്ടു വെങ്കലവും നേടി 106 പോയന്റോടെ ആതിഥേയരായ മലപ്പുറം മൂന്നാമതുണ്ട്. രണ്ടു സ്വര്‍ണവും നാലു വെള്ളിയും നാലു വെങ്കലവും നേടി 84 പോയന്റുമായി കോട്ടയം നാലാം സ്ഥാനത്തും മൂന്നു സ്വര്‍ണവും നാലു വെള്ളിയും നാലു വെങ്കലവും നേടി 78 പോയന്റുമായി തിരുവനന്തപുരം അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. മൂന്നാം ദിനമായ ഇന്ന് 30 ഫൈനലുകള്‍ നടക്കും.
ട്രാക്കിലെ ആവേശമായ 100 മീറ്റര്‍, റിലേ മത്സരങ്ങളുടെ ഫൈനല്‍ ഇന്നാണ്. ഔപചാരിക ഉദ്ഘാടനം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി. അനില്‍ നിർവഹിച്ചു. കാലിക്കറ്റ് സർവകലാശാല കായികവിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈൻ, അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി ചന്ദ്രശേഖരന്‍ പിള്ള, സി. ഹരിദാസ്, തങ്കച്ചന്‍ മാത്യു, ലുക്കാ ഫ്രാന്‍സിസ്, രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മീറ്റില്‍ വെള്ളിയാഴ്ച നാല് മീറ്റ് റെക്കോഡുകള്‍ പിറന്നു. അണ്ടര്‍ 18 പുരുഷ വിഭാഗത്തില്‍ 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ പാലക്കാടിന്റെ കെ. കിരണ്‍ 13.80 സെക്കൻഡില്‍ ഓടി മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. മലപ്പുറത്ത് 2021ല്‍ സ്ഥാപിച്ച റെക്കോഡാണ് (13.97 സെക്കൻഡ്) കിരണ്‍ മറികടന്നത്.
വനിതകളുടെ അണ്ടർ 20 വിഭാഗം ഡിസ്‌കസ് ത്രോയില്‍ കാസര്‍കോടിന്റെ അഖില രാജുവാണ് മറ്റൊരു മീറ്റ് റെക്കോഡുടമ. 46.52 മീറ്റര്‍ എറിഞ്ഞാണ് അഖില റെക്കോഡിട്ടത്. 2002ല്‍ കോട്ടയത്തിന്റെ എം.കെ. പ്രജീഷ (45.51 മീറ്റര്‍) സ്ഥാപിച്ച റെക്കോഡാണ് മറികടന്നത്.
അണ്ടര്‍ 20 പുരുഷ വിഭാഗത്തില്‍ 400 മീറ്ററിലാണ് മറ്റൊരു മീറ്റ് റെക്കോഡ് പിറന്നത്. തിരുവനന്തപുരത്തിന്റെ അര്‍ജുന്‍ പ്രദീപാണ് റെക്കോഡ് സ്ഥാപിച്ചത്. 47.45 സെക്കൻഡില്‍ ഓടിയാണ് പുതിയ റെക്കോഡിട്ടത്. 2005ല്‍ എറണാകുളത്തിന്റെ വി.ബി. ബിനീഷ് (47.94 സെക്കൻഡ്) സ്ഥാപിച്ച റെക്കോഡാണ് അര്‍ജുന്‍ തകര്‍ത്തത്. പുരുഷ-വനിത മിക്സഡ് റിലേയില്‍ കോട്ടയം ജില്ല മീറ്റില്‍ പുതിയ റെക്കോഡ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.