ആവേശപ്പോരിൽ അടിതെറ്റി; പഞ്ചാബിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഓണാഘോഷത്തിമിർപ്പിൽ ഇഷ്ട ടീമിന്‍റെ പോര് കാണാനെത്തിയ ആരാധകർക്ക് മധുരമില്ലാതെ മടക്കം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറിയ ബ്ലാഴ്സ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരത്തിൽ പഞ്ചാബിനെതിരെ 2-1 തോൽവിയുമായി ആരാധകരെ നിരാശരാക്കി കൊമ്പന്മാർ. പകരക്കാരനായെത്തിയ ലൂക മജ്സെനും ഫിലിപ്പ് മർജലികുമാണ് പഞ്ചാബിനായി വലകുലുക്കിയത്.

86ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ലൂക മജ്സെൻ ടീമിനെ മുന്നിലെത്തിച്ചെങ്കിലും 92ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം ജീസസ് നൂനസ് ടീമിന് സമനില സമ്മാനിച്ചു. ആ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ ഫിലിപ്പ് മർജലിക് 94ാം മിനിറ്റിൽ രണ്ടാം ഗോൾ ബ്ലാസ്റ്റേഴ്സ് വലയിലാക്കിയപ്പോൽ സ്റ്റേഡിയം കനത്ത മൂകതയിലേക്കാണ് വഴുതിവീണത്.

കളിയിലുടനീളം പന്ത് കൈവശം വെക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് ഒരൽപ്പം മുന്നിട്ട് നിന്നെങ്കിലും എതിർ പോസ്റ്റിൽ സമ്മർദം തീർക്കുന്നതിൽ പഞ്ചാബ് എഫ്.സി കരുത്തുകാണിക്കുകയായിരുന്നു. ഒന്നാം പകുതിയിൽ തുടരെത്തുടരെ ബ്ലാസ്റ്റേഴ്സ് ബോക്സിൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്ന പഞ്ചാബ് എഫ്.സി ബെകങ്കയിലൂടെ 42 ാം മിനിറ്റിൽ ബ്ലാഴ്സ്റ്റേഴ്സ് വലകുലുക്കിയെങ്കിലും ലൈൻ റഫറി ഫ്ലാഗ് ഉയർത്തിയത് കൊമ്പന്മാർക്ക് തുണയായി.

ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ആദ്യപകുതിക്ക് ശേഷം പെപ്രെക്ക് പകരം സ്പാനിഷ് താരം ജീസസ് നൂയസിനെ കളത്തിലിറക്കിയായിരുന്നു ബ്ലാസ്റ്റേഴ്സ് പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. 59ാം മിനിറ്റിൽ നോഹ സദോയി പഞ്ചാബ് പോസ്റ്റിലേക്കുതിർത്ത ലോങ് ഷോട്ട് കീപ്പർ രവികുമാർ തട്ടിയകറ്റുകയായിരുന്നു. ലൂണയില്ലാത്ത ഓണത്തല്ലിന് ചൂരൊരൽപ്പം കുറയുമെന്ന ആരാധകരുടെ ആശങ്ക കളിയുടെ തുടക്കത്തിലേയുണ്ടായിരുന്നു. എന്നാൽ ആ വിടവ് നികത്താനും കൊമ്പന്മാർക്ക് സാധിച്ചില്ല.

രണ്ടു ടീമികളുടെയും സീസണിലെ ആദ്യ മത്സരം എന്നതിലുപരി ഇരു പരിശീലകരുടെയും ആദ്യ ഐ.എസ്.എൽ അങ്കം കൂടിയായിരുന്നു ഇന്ന്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയുടെയും പഞ്ചാബ് എഫ്.സി പരിശീലകൻ പനാജിയോട്ടിസ് ഡിൽപെരിസിന്‍റെയും ലക്ഷ്യം ആദ്യ അങ്കം ജയിക്കുക എന്നത് തന്നെയായിരുന്നു. അതിനായി 4- 2- 3- 1 എന്ന ഫോർമേഷനിലായിരുന്നു ഇരുവരും ടീമുകളെ കളത്തിൽ നിരത്തിയത്. എന്നാൽ ആദ്യ അങ്കം പഞ്ചാബ് പോരാളികൾ ഡിൽപെരിസിന് സമ്മാനിക്കുക‍യായിരുന്നു.

Tags:    
News Summary - Kerala Blasters lost to Punjab in a thrilling match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.