ഇസ്രായേലി ആക്രമണത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകർ ഒളിമ്പിക്സ് ദീപശിഖ പ്രയാണത്തിൽ

പാരിസ്: കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇസ്രായേലി സൈന്യത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഏജൻസ് ഫ്രാൻസ് പ്രസ് (എ.എഫ്.പി) ഫോട്ടോഗ്രാഫർ ക്രിസ്റ്റീന അസ്സിയും സഹപ്രവർത്തകൻ ഡിലൻ കോളിൻസിനും ഒളിമ്പിക്സ് ദീപശിഖ പ്രയാണത്തിൽ. മാധ്യമപ്രവർത്തകരെന്ന നിലയിൽ കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായവർക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ ദീപശിഖയേന്താൻ ക്ഷണിച്ചത്.

തെക്കൻ ലബനാനിൽ അതിർത്തി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേലി ടാങ്കിന്റെ ഷെല്ലാക്രണമത്തിൽ ക്രിസ്റ്റീനക്കും വിഡിയോ ജേണലിസ്റ്റായ കോളിൻസിനും പരിക്കേൽക്കുകയായിരുന്നു. ക്രിസ്റ്റീനയുടെ വലതുകാൽ മുറിച്ചുമാറ്റി. റോയിട്ടേഴ്‌സ് ജേണലിസ്റ്റ് ഇസ്സാം അബ്ദല്ല കൊല്ലപ്പെട്ട സംഭവത്തിൽ ആറ് മാധ്യമപ്രവർത്തകർക്കാണ് പരിക്കേറ്റത്. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇവർ വ്യക്തമാക്കിയിരുന്നു.

‘‘ഒളിമ്പിക് ജ്വാല വഹിക്കാൻ എ.എഫ്.പിയോട് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ ക്രിസ്റ്റീനയെക്കുറിച്ചാണ് ചിന്തിച്ചത്. അവരുടെ ധൈര്യവും സ്ഥിരോത്സാഹവും ഏജൻസിയിലെ എല്ലാവരും പ്രശംസിക്കുന്നു. സമാധാനത്തിന്റെ ഈ ചിഹ്നം അവർ വഹിക്കുന്നത് ശക്തമായ സന്ദേശമാണ് നൽകുന്നത്’’ -എ.എഫ്.പി സ്പോർട്സ് തലവൻ പിയറി ഗാലി പറഞ്ഞു. ‘‘ഒളിമ്പിക് ജ്വാല വഹിക്കുക എന്നത് ഒരു വൈകാരിക അനുഭവമാണ്, പ്രത്യേകിച്ച് അസൈൻമെന്റിലായിരിക്കുമ്പോൾ ഞങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തെ അതിജീവിച്ചതിന് ശേഷം. നൂറിലധികം മാധ്യമപ്രവർത്തകരുടെ ജീവൻ അപഹരിക്കപ്പെട്ട ഒരു വർഷത്തിനിടെ എന്റെ കഥ മറ്റു പലതിലും ഒന്നുമാത്രമാണ്’’ -29കാരി ക്രിസ്റ്റീന പറഞ്ഞു. ഫ്രാൻസിലെ വിൻസെൻസിലാണ് ഇവർ ദീപശിഖ വഹിച്ചത്. വീൽചെയറിൽ മുന്നോട്ട് നീങ്ങിയ ക്രിസ്റ്റീനക്ക് സഹായിയായി കോളിൻസുമുണ്ടായിരുന്നു.

Tags:    
News Summary - Lebanese photojournalist, wounded in Israeli strike, carries Olympic torch to honor journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.