തിരുവനന്തപുരം: മേഴ്സിക്കുട്ടനോട് സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷസ്ഥാനം ഒഴിയാൻ നിർദേശം നൽകിയതായി സൂചന. സ്പോര്‍ട്സ് കൗണ്‍സിലില്‍ സമ്പൂർണ അഴിച്ചുപണിക്കുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായി രാജിവെക്കാൻ ആവശ്യപ്പെട്ടെന്നാണ് വിവരം.
വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷിനോടും ആറ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളോടും രാജിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കുറച്ചുകാലമായി സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
കോവിഡിന് ശേഷം കൗൺസിലിന്റെ നേതൃത്വത്തിൽ പ്രധാന കായിക മേള സംഘടിപ്പിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്. ഫണ്ടുകളുടെ വിനിയോഗത്തിൽ ഉൾപ്പെടെ സംശയം ഉയർന്നിട്ടുണ്ട്. അടുത്തവർഷം ഏപ്രില്‍ വരെ നിലവിലെ ഭരണസമിതിക്ക് കാലാവധിയുണ്ട്.
അത്രയും കാലം ഭരണസമിതി തുടർന്നാൽ കൗൺസിലിനെതന്നെ ഇല്ലാതാക്കുമെന്ന് ഭരണപക്ഷത്തുനിന്നുൾപ്പെടെ വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇടപെടലുണ്ടായതെന്നാണ് വിവരം. 2016ൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റായാണ് മേഴ്സിക്കുട്ടൻ എത്തിയത്. ടി.പി. ദാസൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയപ്പോൾ കായികമേഖലയുടെ നിയന്ത്രണം കായികതാരങ്ങൾക്കെന്ന് ഉയർത്തിക്കാട്ടി 2019 ലാണ് മേഴ്സിക്കുട്ടനെ പ്രസിഡന്റാക്കിയത്.
ആദ്യമൊന്നും വലിയ പ്രശ്നങ്ങളുണ്ടായില്ലെങ്കിലും പിന്നീട് സ്വന്തം കായിക അക്കാദമിക്കായി മാത്രം സർക്കാർ ഫണ്ട് വാങ്ങുന്നുവെന്നുൾപ്പെടെ ആക്ഷേപമുണ്ടായി. സ്പോർട്സ് കൗൺസിൽ ചെയ്യേണ്ട പല കാര്യങ്ങളും കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് നടന്നത്.
കൗൺസിലിൽ കൂടുതൽ പിടിമുറുക്കാൻ സർക്കാർ തീരുമാനിച്ചതനുസരിച്ച് സെക്രട്ടറി ഉൾപ്പെടെ സ്ഥാനങ്ങളിൽ സെക്രട്ടേറിയറ്റിൽനിന്നുള്ള ജീവനക്കാരെ നിയോഗിച്ചു. ഇതിനു പിന്നാലെയാണ് ഭരണസമിതിയോട് രാജിവെക്കാൻ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.