പനാജി: സഞ്ചാരികൾ ചുറ്റുന്ന ഗോവൻതീരങ്ങളിൽ ഇനി കായിക ഇന്ത്യയുടെ ചാമ്പ്യൻപോരാട്ടം. രാജ്യത്തിന്റെ കായികോത്സവമായ ദേശീയ ഗെയിംസിന് വ്യാഴാഴ്ച ഗോവയിൽ തുടക്കം. തീരങ്ങളെ തൊട്ടുണർത്തി 10,500 താരങ്ങൾ ദേശീയ ഗെയിംസിൽ മാറ്റുരക്കും. ആദ്യമായി ഗോവ ആതിഥേയത്വം വഹിക്കുന്ന ഗെയിംസ് നാലു തീരനഗരങ്ങളിലും ഡൽഹിയിലുമായാണ് അരങ്ങേറുന്നത്. പനാജി, മപുസ, മഡ്ഗാവ്, പോണ്ട, വാസ്കോ എന്നീ ഗോവൻ നഗരങ്ങളിലും ഡൽഹിയിലുമാണ് മത്സരം. ഗോൾഫ്, സൈക്ലിങ് (ട്രാക്ക്) മത്സരങ്ങളാണ് ഡൽഹിയിൽ നടക്കുക.
28 സംസ്ഥാനങ്ങൾ, എട്ടു കേന്ദ്രഭരണപ്രദേശങ്ങൾ, സർവിസസ് സ്പോർട്സ് കൺട്രോൾ ബോർഡ്(സർവിസസ്) അടക്കം 37 ടീമുകൾ പങ്കെടുക്കും. ഗെയിംസിനായി ഒരുക്കങ്ങളെല്ലാം ചലച്ചിത്രമേളയുടെ നഗരം പൂർത്തിയാക്കി. ചെറുസംസ്ഥാനമായ ഗോവയുടെ നഗരവീഥികളിലെല്ലാം ഗെയിംസിന്റെ ഭാഗ്യചിഹ്നമായ ‘മോഗ’ നിറഞ്ഞു.
ദേശീയ ഗെയിംസിന്റെ 37ാം പതിപ്പ് വ്യാഴാഴ്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ സുവർണതാരം നീരജ് ചോപ്ര പതാക കൈമാറും. ഈ വർഷം ഏഴു പുതിയ ഇനങ്ങൾകൂടി ഉൾപ്പെടുത്തിയതോടെ ഗെയിംസിലെ മത്സരയിനങ്ങൾ 43 ആയി ഉയർന്നു. ബീച്ച് ഫുട്ബാൾ, റോൾബാൾ, ഗോൾഫ്, സെപക് താക്രോ, കളരിപ്പയറ്റ്, സ്ക്വേ മാർഷൽ ആർട്സ്, പെൻകാക്ക് സിലാറ്റ് എന്നിവയാണ് പുതിയ ഇനങ്ങള്‍. സർവിസസാണ് നിലവിലെ ജേതാക്കൾ. ഗുജറാത്തിൽ നടന്ന 36ാമത് ഗെയിംസിൽ കേരളം ആറാം സ്ഥാനത്തായിരുന്നു.
ഇത്തവണ നില മെച്ചപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. 33 ഇനങ്ങളിലായി 496 കായികതാരങ്ങളാകും കേരളത്തിനായി മത്സരിക്കുക. കഴിഞ്ഞ മേളയിലെ താരവും ഉറച്ച മെഡൽപ്രതീക്ഷയുമായ നീന്തൽതാരം ഒളിമ്പ്യൻ സജൻ പ്രകാശിന്റെ നേതൃത്വത്തിലാണ് മലയാളിസംഘം. അതേസമയം, കനത്തചൂട് തിരിച്ചടിയാകുമോയെന്ന ആശങ്കയുമുണ്ട്. കേരളത്തിന്റെ മെഡൽപ്രതീക്ഷയായിരുന്ന വോളിബാളിൽ അനിശ്ചിതത്വം നിലനിൽക്കുന്നതും കേരള ക്യാമ്പിൽ നിരാശ പടർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.