ജലപൂരത്തിന് നാടൊരുങ്ങി; നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച

ആലപ്പുഴ: പുന്നമടക്കായലിലെ ഓളങ്ങളിൽ തീപ്പൊരി പാറിച്ച് ജലരാജാക്കന്മാർ കൊമ്പുകോർക്കുന്ന കാഴ്ചക്ക് ഇനി ഒരുനാൾ മാത്രം. 19 ചുണ്ടനുകളടക്കം 74 ജലയാനങ്ങൾ മാറ്റുരക്കുന്ന നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച നടക്കും. രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചക്ക് രണ്ടിന് ഉദ്ഘാടന സമ്മേളനത്തിനുശേഷം മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ്ഡ്രിൽ അരങ്ങേറും. ഇതിന് പിന്നാലെ ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും.

ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ച് ഹീറ്റ്സുകളാണുള്ളത്. ആദ്യനാല് ഹീറ്റ്‌സുകളില്‍ നാലുവീതവും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുന്നത്. മികച്ച സമയംകുറിച്ച് ആദ്യമെത്തുന്ന നാലുവള്ളങ്ങൾ നെഹ്റുട്രോഫി ഫൈനലിൽ പോരിനിറങ്ങും. ചെറുവള്ളങ്ങളുടെ വിഭാഗത്തിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. യന്ത്രവത്കൃത സ്റ്റാർട്ടിങ്ങും ഫോട്ടോഫിനിഷിങ് സംവിധാനവുമുണ്ട്. ചുരുളന്‍-മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ്-നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-ഏഴ്, വെപ്പ് ബി ഗ്രേഡ്-നാല്, തെക്കനോടി തറ-മൂന്ന്, തെക്കനോടി കെട്ട്-നാല് എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങൾ.

ഇക്കൊല്ലം സി.ബി.എൽ ഒപ്പം ചേരാത്തതിനാൽ 61ലക്ഷം രൂപയുടെ കുറവുണ്ട്. വിവിധ സ്പോൺസർഷിപ്പിലൂടെ 70 ലക്ഷവും ഇതുവരെയുള്ള ടിക്കറ്റ് വിൽപനയിലൂടെ 50 ലക്ഷവും കിട്ടി. ഒരുകോടി സർക്കാർ ധനസഹായവുമുണ്ട്. സ്പീഡ് ബോട്ട് അടക്കം ജലയാനങ്ങളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണമുണ്ട്. സി-ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിപ്പിച്ച ടിക്കറ്റുകളുമായി എത്തുന്നവർക്ക് മാത്രമാകും പ്രവേശനം. പുന്നമടയിലും പരിസരങ്ങളിലുമായി 1800 പൊലീസുകാരെ വിന്യസിക്കും. വാർത്തസമ്മേളനത്തിൽ സബ്കലക്ടർ സമീർ കിഷൻ, ജില്ല പൊലീസ് മേധാവി എൻ.പി. മോഹനചന്ദ്രൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.എസ്. സുമേഷ്, എന്‍.ടി.ബി.ആര്‍ സൊസൈറ്റി അംഗം ആർ.കെ. കുറുപ്പ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Nehru Trophy Boat Race on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.