ഗ്ലാസ്ഗോ: ഏറ്റെടുക്കാൻ ആളില്ലാതെ അനിശ്ചിതത്വം തുടർക്കഥയാവുകയും വേദികൾ മാറിവരുകയും ചെയ്തതിനൊടുവിൽ ബ്രിട്ടൻ തന്നെ നടത്താമെന്നുവെച്ച കോമൺവെൽത്ത് ഗെയിംസിൽ ഇത്തവണ പ്രധാന ഇനങ്ങളിൽ പലതുമുണ്ടാകില്ല. ചടങ്ങുകഴിക്കാൻ മാത്രമായി ചുരുങ്ങിയ 2026ലെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ ഹോക്കി, ബാഡ്മിന്റൺ, ഗുസ്തി, ക്രിക്കറ്റ്, ഷൂട്ടിങ് തുടങ്ങിയ ഇനങ്ങളെല്ലാം ഒഴിവാക്കി. സാമ്പത്തിക പ്രയാസം പരിഹരിക്കാനെന്ന പേരിലാണ് ടേബിൾ ടെന്നിസ്, സ്ക്വാഷ്, ട്രയാത്ലൺ അടക്കം 2022ലെ ഗെയിംസിലുണ്ടായിരുന്ന ഒമ്പത് ഇനങ്ങൾ ഉപേക്ഷിച്ചത്.
പേരിൽ വൈവിധ്യം വിടാതെയും എന്നാൽ, സാമ്പത്തികമായി ഭാരം വരാതെയുമുള്ള 10 ഇനങ്ങളാണ് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നാലു വേദികളിലായി നടക്കുക. ഗ്ലാമർ ഇനമായ അറ്റ്ലറ്റിക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. നീന്തൽ, ജിംനാസ്റ്റിക്സ്, ട്രാക് സൈക്ലിങ്, നെറ്റ്ബാൾ, ഭാരോദ്വഹനം, ബോക്സിങ്, ജൂഡോ, ബൗൾസ്, 3x3 ബാസ്കറ്റ് ബാൾ എന്നിവയാണ് ഇനങ്ങൾ. സൈക്ലിങ്, ജിംനാസ്റ്റിക്സ് എന്നിവയിൽ ചില ഇനങ്ങൾ മാത്രമാകും ഉണ്ടാകുക.
ട്രയാത്ലണു പുറമെ മാരത്തണും റഗ്ബിയും ഇത്തവണ പുറത്തായി. ഒളിമ്പിക്സിലുൾപ്പെടെ ഇന്ത്യക്ക് മെഡൽ നൽകിയ ഇനങ്ങളിലേറെയും ഒഴിവാകുന്നതോടെ രാജ്യത്തിന്റെ പങ്കാളിത്തം പേരിനു മാത്രമാകും. 2026ലെ കോമൺവെൽത്ത് ഗെയിംസ് വേദിയായി ആദ്യം തീരുമാനിച്ചിരുന്നത് ആസ്ട്രേലിയയിലെ വിക്ടോറിയ ആയിരുന്നു. എന്നാൽ, സാമ്പത്തിക ചെലവ് പറഞ്ഞ് അവർ പിൻവാങ്ങുകയായിരുന്നു.
ഇതോടെ ഏറ്റെടുക്കാനാളില്ലാതെ പൂർണമായി മുടങ്ങുമെന്ന് കരുതിയിരിക്കെയാണ് ബ്രിട്ടൻ നേരിട്ട് ഏറ്റെടുക്കുന്നത്. 2026 ജൂലൈ 23 മുതൽ ആഗസ്റ്റ് രണ്ടുവരെ നടക്കുന്ന ഗെയിംസിൽ 74 രാജ്യങ്ങളിൽനിന്നായി 3,000 താരങ്ങൾ മെഡൽ തേടിയിറങ്ങും. ഇതിനൊപ്പം, പാരാഗെയിംസും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.