ട്രോളുകളൊന്നും തളർത്തിയിട്ടില്ല; കരിയറിലെ മെഡലുകളെല്ലാം നിരത്തി മനുവിന്റെ മറുപടി

മുംബൈ: പോകുന്നിടത്തെല്ലാം ഒളിമ്പിക്സ് മെഡലുകളുമായി പോകുന്നെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസമുയർന്നതിന് പിന്നാലെ കരിയറിൽ ഇതുവരെ ലഭിച്ച മെഡലുകളെല്ലാം പ്രദർശിപ്പിച്ച് ഷൂട്ടിങ് താരം മനു ഭാക്കർ. വിമർശനത്തിന് പിന്നാലെ, സാരിയുടുത്ത് കഴുത്തിൽ പാരിസ് ഒളിമ്പിക്സിൽ ലഭിച്ച ഇരു മെഡലുകളും ധരിച്ചുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് സമൂഹ മാധ്യമത്തിൽ സമ്പൂർണ ​‘മെഡൽ ഷോ’യുമായി താരം രംഗത്തെത്തിയത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തന്റെ കരിയറിനെ കുറിച്ച് വിശദമായ കുറിപ്പും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

‘ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട യാത്ര ആരംഭിക്കുമ്പോൾ എനിക്ക് 14 വയസ്സ് മാത്രമായിരുന്നു. ഇതുവരെ എത്താനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കൽ ഇറങ്ങിപ്പുറപ്പെട്ടാൽ, എത്രത്തോളം ബുദ്ധിമുട്ടാണെങ്കിലും സ്വപ്നം എത്തിപ്പിടിക്കുന്നതിനായി എല്ലാം സമർപ്പിക്കുക. ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ആവേശം കൈവിടാതിരിക്കുക. സ്വപ്നത്തോടുള്ള അടങ്ങാത്ത അഭിനിവേശമാകണം നമ്മുടെ ഇന്ധനം. ഓരോ ചെറിയ ചുവടും ആ സ്വപ്നത്തോട് നമ്മെ അടുപ്പിക്കുകയാണ്. തളരാതെ മുന്നേറുക. നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ മുന്നേറാൻ സാധിക്കുമെന്ന് ഉറപ്പ്. ഒളിമ്പിക്സിൽ സ്വർണ മെഡൽ സ്വന്തമാക്കുകയെന്ന സ്വപ്നം ഇപ്പോഴും അവശേഷിക്കുന്നു’ –മനു കുറിച്ചു.

ഒളിമ്പിക്സിലെ മെഡൽ നേട്ടത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ​ങ്കെടുക്കുന്ന പരിപാടികൾക്കെല്ലാം മനു ഭാക്കർ ഒളിമ്പിക്സ് മെഡലുകളുമായാണ് പോകുന്നത്. ഇതോടെയാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വ്യാപകമായത്.

‘പാരിസ് ഒളിമ്പിക്സിൽ ഞാൻ നേടിയ രണ്ടു മെഡലുകളും ഇന്ത്യയുടേതാണ്. ഏത് പരിപാടിക്ക് എന്നെ ക്ഷണിച്ചാലും മെഡലുകൾ കൂടി കൊണ്ടുവരണമെന്ന് ആവശ്യപ്പെടാറുണ്ട്. മെഡലുമായി പോകുന്നതിൽ അഭിമാനമേയുള്ളൂ. എന്റെ സുന്ദരമായ യാത്ര എല്ലാവരുമായി പങ്കുവെക്കുന്നതിനുള്ള എന്റെ രീതി ഇതാണ്’ – ​ട്രോളുകളോട് കഴിഞ്ഞ ദിവസം മനു ഭാക്കർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഒരു ഒളിമ്പിക്സിൽ ഒന്നിലധികം മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടം പാരിസ് ഒളിമ്പിക്സിൽ മനു ഭാക്കർ സ്വന്തമാക്കിയിരുന്നു. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും ടീം ഇനത്തിലും വെങ്കല മെഡൽ നേടിയാണ് 22കാരി ചരിത്രം കുറിച്ചത്.

Tags:    
News Summary - No trolls are stymied; Manu's reply by listing all the medals in her career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.