തിരുവനന്തപുരം:: കേരളം ആതിഥ്യം വഹിച്ച 2015ലെ ദേശീയ ഗെയിംസിൽ അത്ലറ്റിക്സ് മത്സരങ്ങളുടെ നടത്തിപ്പിനായി സർക്കാർ വാങ്ങിയ ഒന്നരക്കോടിയുടെ മത്സര ഉപകരണങ്ങൾ കാണാനില്ല. അത്ലറ്റിക്സ് നടത്തിപ്പിന് മാത്രം ഒന്നരക്കോടിയുടെ ഉപകരണങ്ങൾ വാങ്ങിയെന്നും മത്സരശേഷം അവയെല്ലാം സംസ്ഥാന സ്പോർട്സ് കൗൺസിലിന് കൈമാറിയെന്നും കായികവകുപ്പ് അറിയിച്ചിരുന്നെങ്കിലും സ്പോർട്സ് കൗൺസിലിന്റെ പക്കലോ ഉപകരങ്ങൾ സൂക്ഷിച്ചിരുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലോ ആറ്റിങ്ങൽ ശ്രീപാദത്തിലോ ഉപകരണം പോയിട്ട് ഒരു തുരുമ്പുപോലുമില്ല. ജാവലിൻ, ഹർഡിൽ, സ്റ്റാർട്ടിങ് ബ്ലോക്ക് തുടങ്ങി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അത്ലറ്റിക്സ് ഉപകരണങ്ങളാണ് കാണാതായവയിൽ ഏറെയും. ഇത് എവിടെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ച് സ്പോർട്സ് കൗൺസിലിന് ധാരണയില്ല. മത്സര ഉപകരണങ്ങൾക്ക് പുറമെ 33.9 ലക്ഷം രൂപയുടെ വിധിനിർണയ ഉപകരണങ്ങളും നഷ്ടമായതോടെ കേരള ഗെയിംസിന്റെ ഭാഗമായുള്ള അത്ലറ്റിക്സ് മത്സരങ്ങൾ സംഘടിപ്പിക്കാൻ പുറത്തുനിന്ന് ഉപകരണങ്ങളെല്ലാം വാടകക്കെടുക്കേണ്ട ഗതികേടിലാണ് അത്ലറ്റിക്സ് അസോസിയേഷൻ.
കായിക ഉപകരണങ്ങളെല്ലാം മോഷണം പോയതോടെ കഴിഞ്ഞമാസം തേഞ്ഞിപ്പലത്ത് നടന്ന ഫെഡറേഷൻ കപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിൽനിന്നാണ് വാടകക്കെടുത്തത്. തലസ്ഥാനത്ത് അടുത്തിടെ നടത്തിയ ഇന്ത്യൻ ഗ്രാൻപ്രീ, ദേശീയ ഓപൺ ജംപ്സ് എന്നിവക്കും ഉപകരണങ്ങൾ വാടകക്കെടുത്ത വകയിൽ ഏഴുലക്ഷത്തിലധികം രൂപയാണ് ചെലവായത്.
കേരള ഗെയിംസിനായി ഇത്രയും തുക ചെലവാക്കാനില്ലാത്തതിനാൽ കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽനിന്നും മറ്റ് കായിക സ്കൂളുകളിൽനിന്നും ഉപകരണങ്ങൾ കടംവാങ്ങി എത്തിച്ച് മീറ്റ് ഗംഭീരമാക്കാനാണ് സംഘാടകരുടെ തീരുമാനം. ഉപകരണങ്ങൾ കാണാനില്ലെന്നത് സംബന്ധിച്ച് നേരത്തേ പരാതികൾ ഉയർന്നിരുന്നെങ്കിലും കാര്യമായ അന്വേഷണം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഭാഗത്തുനിന്നോ കായികവകുപ്പിന്റെ ഭാഗത്തുനിന്നോ ഉണ്ടായില്ല.
കൊള്ളവാടക, മീറ്റുകൾ തലസ്ഥാനം വിടുന്നു
വളർന്നുവരുന്ന കായികതാരങ്ങൾക്കുവേണ്ടി സംസ്ഥാന ഖജനാവിൽനിന്ന് കോടികൾ ചെലവാക്കി പണിത സ്റ്റേഡിയങ്ങൾക്ക് 'പരിപാലനസംഘ'ങ്ങൾ ഈടാക്കുന്നത് കൊള്ളവാടക. വാടക നൽകിയാലും പറയുന്ന മത്സരങ്ങൾ മാത്രമേ നടത്താൻ അനുവദിക്കൂ. ഇതോടെ ഒരു മീറ്റിനായി രണ്ട് സ്റ്റേഡിയം വാടകക്കെടുക്കേണ്ട ഗതികേടിലാണ് തിരുവനന്തപുരം ജില്ല അത്ലറ്റിക്സ് അസോസിയേഷൻ.
പൊലീസിന്റെ കൈവശമുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് 15,000 രൂപയാണ് ഒരുദിവസത്തെ വാടക. എന്നാൽ, ഇവിടെ ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്കസ് ത്രോ ഇനങ്ങൾ അനുവദിക്കില്ല. മൈതാനത്ത് കുഴിവീഴുമെന്നാണ് പൊലീസിന്റെ ന്യായീകരണം. കേരള സർവകലാശാലയുടെ കീഴിലുള്ള യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാകട്ടെ ഒരുദിവസത്തെ വാടക 16,000 രൂപയാണ്. ഇവിടെ ഹൈജംപിനുള്ള സൗകര്യവുമില്ല. ഇതോടെ ഒരു മീറ്റ് നടത്താൻ രണ്ട് സ്റ്റേഡിയം വൻ തുകക്ക് വാടകക്കെടുക്കണം. സാധാരണഗതിയിൽ മൂന്ന് ദിവസത്തോളം മീറ്റുകൾ നീളും.
കൂലിപ്പണിക്കാരുടെ കുട്ടികൾവരെ പങ്കെടുക്കുന്ന മീറ്റുകളിൽ ഇവരിൽനിന്ന് പേരിന് മാത്രമായ രജിസ്ട്രേഷൻ തുകമാണ് അസോസിയേഷൻ വാങ്ങുന്നത്. ഈ തുകപോലും വാടകക്ക് തികയില്ല. തുക കണ്ടെത്താൻ കഴിയാതെവന്നതോടെ തലസ്ഥാനത്ത് നടക്കേണ്ട പല മീറ്റുകളും മറ്റ് ജില്ലകളിലേക്ക് കൈമാറുകയാണ്. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കൈവശമുള്ള സെൻട്രൽ സ്റ്റേഡിയത്തിന്റെ അവസ്ഥയും പരിതാപകരമാണ്. ഇവിടെ ഒരു കായികമത്സരംപോലും നടത്താൻ കഴിയില്ല.
ആറ് വയസ്സ് മുതലുള്ള കുട്ടികൾ പരിശീലനം നടത്തുന്ന സ്റ്റേഡിയം കഴിഞ്ഞയാഴ്ച ഫയർഫോഴ്സിനായി വാങ്ങിയ 61 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിന് വിട്ടുകൊടുത്തതോടെ ഉഴുതുമറിച്ച നിലംപോലെയായി. ഇത് ശരിയാക്കി നൽകുമെന്ന് ഫയർഫോഴ്സ് മേധാവി അറിയിച്ചെങ്കിലും ട്രാക്ക് പഴയപോലെയെത്താൻ ഇനിയും മാസങ്ങൾ കഴിയണം. മീറ്റുകൾ നടത്തുന്നതിന് മിതമായ വാടകനിരക്ക് ഈടാക്കി സ്റ്റേഡിയം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ജില്ല അത്ലറ്റിക്സ് അസോസിയേഷൻ പലതവണ യൂനിവേഴ്സിറ്റി അധികൃതർക്ക് കത്ത് നൽകിയെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.