ഡി. ഗുകേഷ്, സുൽത്താൻ ഖാൻ

ദൊമ്മരാജു ഗുകേഷ് ലോകചെസ് ചാമ്പ്യനായപ്പോൾ ഇന്ത്യയിലെ സോഷ്യൽ മാധ്യമങ്ങളിൽ ആഹ്ലാദത്തിന്റെ മുത്തുമഴ ചിതറി. പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ സംസ്കാരശൂന്യമായ കമൻറുകൾ വരുന്നത് പതിവാണ്. എന്നാൽ, ഗുകേഷിന്റെ വിജയവേളയിൽ അപ്രകാരമൊന്നും അധികം കണ്ടില്ല. എന്നു മാത്രമല്ല, കുറേ പേരെങ്കിലും ഗുകേഷിന്റെ വിജയത്തിനു പിറകിൽ വിശ്വനാഥൻ ആനന്ദിന്റെ അദൃശ്യ സാന്നിധ്യമുണ്ടെന്ന് തുറന്നു പറഞ്ഞു. ഒരു ഇന്ത്യൻ ചെസ് കളിക്കാരനും ലോകചെസിന്റെ ഉയർന്ന ശിഖരങ്ങളിൽ എത്താതിരുന്ന കാലത്ത് ആനന്ദ് ആ ശിഖരങ്ങളിൽ എത്തുകയും വിശ്വവിജയത്തിന്റെ ആകാശങ്ങളിലേക്ക് പറന്നുയരുകയും ചെയ്തു എന്ന് സമൂഹികമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ വന്നു. ഇതൊക്കെ നേടിയെടുക്കാൻ ഇന്ത്യക്കാർക്ക് കഴിയും എന്ന് കാണിച്ചു തന്ന ആനന്ദിനോടുള്ള ആദരവ്, ഗുരുത്വഗുണം, പൊതുവേ ചീത്തപ്പേര് മാത്രം ഉണ്ടാക്കുന്ന സാമൂഹികമാധ്യമങ്ങൾ കാണിച്ചല്ലോ. നല്ല കാര്യം തന്നെ. എങ്കിൽ എവിടെയാണ് ആ പൈതൃകത്തിന്റെ വേരുകൾ ആരംഭിക്കുന്നത്?

ചെസിന്റെ ജന്മനാട് ഇന്ത്യയാണ്. പ്രാചീന ഭാരതത്തിലെ ചതുരംഗമാണ് ഷത് രഞ്ച് എന്ന പേരിൽ പേഴ്സ്യക്കാരും അറബികളും ഏറ്റെടുത്തതും പിന്നീട് യൂറോപ്പിന്റെ നവോഥാനകാലത്ത് ഇറ്റലിയിൽ എത്തിച്ചതും. പ്രാചീന ബൗദ്ധികവിനോദമായ ചതുരംഗത്തിന്റെ ആദിമാചാര്യന്മാരെ നമുക്ക് വണങ്ങാം. പക്ഷേ, അക്കാലത്ത് ആരെല്ലാം ഇത് കളിച്ചിരുന്നുവെന്നോ ആര് ബുദ്ധിയുടെ തേര് തെളിച്ച് എതിരാളിയെ തോൽപ്പിച്ചുവെന്നോ നമുക്ക് അറിയില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ നമുക്ക് ഒരു ഇന്ത്യൻ പേരും ചതുരംഗക്കളത്തിൽനിന്ന് കണ്ടുകിട്ടാൻ കഴിഞ്ഞിട്ടില്ല.

ഒടുവിൽ ഇരുപതാം നൂറ്റാണ്ട് ആരംഭിച്ചു. പഴയ അവിഭക്ത പഞ്ചാബിലെ സർഗോധ എന്ന പട്ടണത്തിനടുത്തുള്ള ചെറിയൊരു ഗ്രാമം. അവിടെ മരച്ചുവട്ടിലോ ചിലപ്പോൾ പീടികവരാന്തയിലോ ഇരുന്ന് സദാ ചെസ് കളിക്കുന്ന ഒരാളെ കാണാം. പേര് സുൽത്താൻ ഖാൻ. പേര് സുൽത്താൻ എന്നാണെങ്കിലും ആൾ പരമദരിദ്രനാണ്. അയാൾക്ക് വേറെ തൊഴിലൊന്നുമില്ല. അതാണ് സദാ ചെസ് കളിക്കുന്നത്. പക്ഷേ, അയാൾ ചെസ് കളിക്കുന്നുണ്ടെങ്കിൽ ആളുകൾ ചുറ്റും കൂടും. കാരണം എതിരാളികൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ഇന്ദ്രജാലമാണ് അയാൾ ചതുരംഗക്കളത്തിൽ കാണിക്കുക. ഒരിക്കൽ അങ്ങിനെ തടിച്ചുകൂടിയവരിൽ ഒരാൾ നവാബിന്റെ കൊട്ടാരത്തിലെ സേവകനായിരുന്നു. ആ രാജസേവകൻ ഇക്കാര്യം നവാബിന്റെ ചെവിയിൽ എത്തിച്ചു. നവാബ് സർ ഉമർ ഹയാത്ത് ഖാൻ, അതായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം കോളജ് വിദ്യാഭ്യാസവും ഇംഗ്ലീഷ് ഭാഷാജ്ഞാനവുമുള്ള ആധുനികനായിരുന്നു. പോരാത്തതിന് ബ്രിട്ടീഷ് ചക്രവർത്തിമാരുടെ ഉറ്റ തോഴനും. രാജസേവകൻ തന്ന വിവരണത്തിൽനിന്ന് അദ്ദേഹത്തിന് മനസ്സിലായി, സുൽത്താൻഖാൻ അസാമാന്യനാണെന്ന്. അദ്ദേഹം ഉടൻ സുൽത്താൻ ഖാനെ ആളയച്ചു വരുത്തി. നവാബിന് മുന്നിൽ പേടിച്ചരണ്ട് സുൽത്താൻ ഖാൻ നിന്നു. ഹയാത്ത് ഖാൻ സുൽത്താൻ ഖാനെ ചതുരംഗം കളിക്കാൻ ക്ഷണിച്ചു. അങ്ങേയറ്റം ലജ്ജാലുവായ സുൽത്താൻ ഖാൻ വിഷമിച്ച് വിഷമിച്ച് ആ ക്ഷണം സ്വീകരിച്ചു. പക്ഷേ, ചതുരംഗക്കളത്തിനു മുന്നിൽ സുൽത്താൻ ഖാൻ കാണിച്ചുകൊടുത്തു, നവാബ് ചതുരംഗസാമ്രാജ്യത്തിൽ വെറും പ്രജ മാത്രമാണെന്ന്. സുൽത്താന് മുന്നിൽ ഹയാത്ത് ഖാൻ എളുപ്പം തോറ്റു.


പക്ഷേ, ഉദാരമതിയായ ഹയാത്ത് ഖാന് താൻ തോറ്റതിൽ വിഷമമുണ്ടായില്ല. എന്ന് മാത്രമല്ല, സന്തോഷത്തോടെ അദ്ദേഹം സുൽത്താൻ ഖാനോട് പറഞ്ഞു, ‘ഇനി താങ്കളുടെ താമസം തന്റെ കൊട്ടാരത്തിലാവാം’. അന്നുമുതൽ സുൽത്താൻ ഖാൻ നവാബിന്റെ മറ്റൊരു സേവകനായി കൊട്ടാരത്തിൽ താമസം തുടങ്ങി. കൂടെ നവാബ് യൂറോപ്യൻ ചെസിന്റെ ആദ്യപാഠം സുൽത്താൻ ഖാനെ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. സുൽത്താൻ ഖാന് അത് പഠിക്കാൻ ഒരു വിഷമവും ഉണ്ടായില്ല. കാരണം, ചതുരംഗവും ചെസും അടിസ്ഥാനപരമായി ഒന്ന് തന്നെയാണ്. കരുക്കളുടെ നീക്കങ്ങൾ കുറച്ച് വ്യത്യാസമുണ്ടെന്ന് മാത്രം. ആങ് പസാങ് (En passant) പോലുള്ള ചില പുതിയ നീക്കങ്ങളും നിയമങ്ങളും ഉണ്ടെന്ന് മനസ്സിലാക്കിയാൽ ചതുരംഗം കളിക്കാരന് ചെസും കളിക്കാം. സുൽത്താൻ ഖാൻ അങ്ങനെ ഹയാത്ത് ഖാന്റെ ശിഷ്യനുമായി. 1928ൽ സുൽത്താൻ ഖാൻ ഒരു അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഒമ്പതു റൗണ്ടുകള്ള കളികളിൽ സുൽത്താൻ ഖാൻ എട്ടും ജയിച്ചു. ഒരു സമനില. സുൽത്താൻ ഖാൻ ടൂർണമെൻറ് ചാമ്പ്യൻ.

സുൽത്താൻ ഖാനെ ചെസ് പഠിപ്പിക്കാൻ തീരുമാനിച്ചതിന് പിറകിൽ ഹയാത്ത് ഖാന് ചില പ്രത്യേക ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നു. ഒരു ദിവസം നവാബ് ഉമർ ഹായത്ത് ഖാൻ സുൽത്താൻ ഖാനോട് പറഞ്ഞു, നമുക്കൊരു യാത്ര പോവണം. കുറച്ചു ദിവസം നീണ്ടു നിൽക്കുന്ന യാത്രയാണ്. എങ്ങോട്ടാണ്?, സുൽത്താൻ ഖാൻ അത് ചോദിച്ചില്ല. ഹയാത്ത് ഖാൻ അക്കാര്യവും പറഞ്ഞു, ഇംഗ്ലണ്ടിലേക്ക്! ഇനി ചെസ് കളി ഇന്ത്യയിലല്ല, ലോക വേദികളിലാവട്ടെ.


അമ്പരന്നു പോയി സുൽത്താൻ ഖാൻ. തന്റെ വീടുവിട്ട് ദൂരദേശത്തേക്കൊന്നും പോയിട്ടില്ല ആ പാവം. ഇപ്പോഴിതാ തന്നോട് അന്യദേശമായ ശീമയിലേക്ക് വരാൻ പറയുന്നു നവാബ്. ആ പാവത്താൻ ചലനമില്ലാതെ നിന്നു പോയി. ഏതായാലും ഏതാനും ദിവസങ്ങൾക്കകം സുൽത്താൻ ഖാനെയും നവാബിനെയും കൊണ്ട് കപ്പൽ ലണ്ടൻ ലക്ഷ്യമാക്കി പുറപ്പെട്ടു. ഉമർ ഹയാത്ത് ഖാന് ലണ്ടനിൽ മറ്റൊരു അതിപ്രധാന രാഷ്ട്രീയദൗത്യം കൂടിയുണ്ടായിരുന്നു. ലണ്ടനിൽ ആരംഭിക്കാൻ പോകുന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത് ഇന്ത്യയിലെ പാർലിമെന്ററി പരിഷ്കാരങ്ങൾ തീരുമാനിക്കൽ.

ലണ്ടനിൽ എത്തിയ ഉടനെ സുൽത്താൻ ഖാൻ ചില ബ്രിട്ടീഷുകാരോട് കുറച്ച് ഗെയിമുകൾ കളിച്ചു. മിക്കതും ഖാൻ തോറ്റു. ഖാൻ തോൽക്കാൻ കാരണം ബുദ്ധിശക്തി കുറഞ്ഞതുകൊണ്ടല്ല, ചെസിന്റെ പ്രാരംഭസിദ്ധാന്തങ്ങൾ ഒട്ടും പഠിക്കാത്തതു കൊണ്ടാണെന്ന് അയാളെ തോൽപ്പിച്ച വില്യം വിന്റർ, ഫ്രെഡറിക് യെയ്റ്റ്സ് എന്നിവർക്ക് മനസ്സിലായി. ആ രണ്ട് ബ്രിട്ടീഷുകാരും വിശാലഹൃദയരായിരുന്നു. അവർ പ്രാരംഭസിദ്ധാന്തങ്ങളിൽ സുൽത്താൻ ഖാന് ഒരു ട്രെയിനിങ് തന്നെ നൽകി. മാത്രമല്ല, സുൽത്താൻ ഖാനെ ബ്രിട്ടീഷ് ദേശീയ ചാമ്പ്യനെ കണ്ടെത്തുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഫ്രെഡറിക് യെയ്റ്റ്സ് നിലവിലുള്ള (1928) ചാമ്പ്യൻ തന്നെയായിരുന്നു എന്നും സുൽത്താൻ ഖാൻ പിന്നീട് അറിഞ്ഞു. അങ്ങിനെ സുൽത്താൻ ഖാൻ സർ ഉമർ ഹയാത്ത് ഖാന്റെ സഹായത്തോടെ 1929 ലെ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഫ്രെഡറിക് യെയ്റ്റ്സിനെയും മറ്റ് എതിരാളികളെയും ചെസ് ലോകത്തെത്തന്നെയും അമ്പരപ്പിച്ചുകൊണ്ട് സുൽത്താൻ ഖാൻ ചെസ് ബോഡിൽ കൊടുങ്കാറ്റഴിച്ചുവിട്ടു. ആ കൊടുങ്കാറ്റടങ്ങിയപ്പോൾ ആളുകൾ കണ്ടു - സുൽത്താൻ ഖാൻ പുതിയ ബ്രിട്ടീഷ് ചെസ് ചാമ്പ്യൻ!


പക്ഷേ, സുൽത്താൻ ഖാന് ഈ പുതിയ പ്രശസ്തിയോടോ അതിന്റെ ആർഭാടങ്ങളിലോ തെല്ലും താൽപര്യമുണ്ടായിരുന്നില്ല. ഒന്നേ അദ്ദേഹം ആഗ്രഹിച്ചുള്ളൂ. എത്രയും വേഗം നാട്ടിലെത്തണം. ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥ അദ്ദേഹത്തിന് താങ്ങാനാവുന്നില്ല. ഭക്ഷണവും പിടിക്കുന്നില്ല. നാട്ടിൽ ചെന്ന് സ്ഥിരമായി കഴിക്കുന്ന റോട്ടിയും സബ്ജിയും കഴിക്കണം. തന്റെ ഭാഷയറിയുന്ന പഴയ കൂട്ടുകാരൊത്ത് സമയം ചെലവിടണം. അങ്ങനെ സുൽത്താൻ ഖാന്റെ നിർബന്ധത്തിന് വഴങ്ങി ഹയാത്ത് ഖാൻ മടങ്ങി. പിന്നീട് സുൽത്താൻ ഖാൻ ഇംഗ്ലണ്ടിൽ വന്നത് 1930 മെയ് മാസമായിരുന്നു. കഴിഞ്ഞ തവണ ഇംഗ്ലണ്ടിലെ വേദികളിലായിരുന്നു സുൽത്താനെ ഉമർ ഹയാത്ത് ഖാൻ കളിക്കാനിറക്കിയതെങ്കിൽ ഇത്തവണ യൂറോപ്പിലെ പ്രധാന ചാമ്പ്യൻഷിപ്പുകളായിരുന്നു ലക്ഷ്യം. ബെൽജിയത്തിലെ ലീജിൽ യൂറോപ്പിലെ മാത്രമല്ല, ലോകത്തിലെത്തന്നെ ഏറ്റവും മികച്ച കളിക്കാർ പങ്കെടുക്കുന്ന ഒരു ടൂർണമെന്റിൽ സുൽത്താൻ ഖാൻ രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനം പോളണ്ടിന്റെ റ്റാർറ്റക്കോവർക്കായിരുന്നു.

റ്റാർറ്റക്കോവർ ചെസിന്റെ പ്രാരംഭ സിദ്ധാന്തങ്ങളിൽ മഹാ പണ്ഡിതനായിരുന്നു. ക്വീൻസ് ഗാംബിറ്റ് ഡിക്ലൈൻഡ്, കാരോകാൻ എന്നീ പ്രതിരോധതന്ത്രങ്ങളിൽ സ്വന്തമായ വഴികൾ കണ്ടെത്തിയ മഹാമനീഷി, കാറ്റാലൻ ഓപ്പനിങ് ലോകത്തിനു മുന്നിൽ ആദ്യം അവതരിപ്പിച്ച സൈദ്ധാന്തികൻ. ഇങ്ങനെ റ്റാർറ്റക്കോവറുടെ ചെസ് പാണ്ഡിത്യം അപാരമായിരുന്നു. എന്നാൽ നിരക്ഷരനായിരുന്നു സുൽത്താൻ ഖാൻ. ഒരു ചെസ് പുസ്തകം പോലും വായിച്ചിട്ടില്ല. ചെസ് ബോർഡ് കണ്ട് കളിക്കാൻ മാത്രം അറിയാവുന്ന നാടൻ കളിക്കാരൻ. ലീജിലെ ടൂർണമെന്റിൽ ഖാന് മുന്നിൽ റ്റാർറ്റക്കോവർ ഒന്നാം സ്ഥാനം നേടിയെങ്കിലും ഖാനെതിരെ ഒരു നേരങ്കത്തിന് അദ്ദേഹം സമ്മതിച്ചു. 12 ഗെയിമുകൾ. 1931 ൽ കളി നടന്നു. വാശിയേറിയ മത്സരത്തിൽ ജയവും തോൽവിയും സമനിലയും മാറി മാറി വന്നു. ഒടുവിൽ സുൽത്താൻ ഖാന്റെ പ്രതിഭയ്ക്ക് മുന്നിൽ റ്റാർറ്റക്കോവറുടെ പാണ്ഡിത്യം അടിയറവ് പറഞ്ഞു. ഖാൻ നാല് ഗെയിമുകൾ ജയിച്ചപ്പോൾ റ്റാർറ്റക്കോവർക്ക് മൂന്നു ജയങ്ങൾ മാത്രം. അഞ്ചെണ്ണം സമനില.

Full View

1930-31ൽ ഹേസ്റ്റിങ്സിൽ നടന്ന ഒരു ടൂർണമെന്റ്. വെളുത്ത കരുക്കളെടുത്ത് കളിച്ച സുൽത്താൻ ഖാൻ പതുക്കെപ്പതുക്കെ എതിരാളിയെ വരിഞ്ഞു കെട്ടി. പെരുമ്പാമ്പ് ഇര വിഴുങ്ങും പോലെ. എതിരാളി കളിയിൽ ഒരു തെറ്റും വരുത്തിയിരുന്നില്ല. എന്നിട്ടും സുൽത്താൻ ഖാൻ പിടി മുറുക്കി. ഒടുവിൽ 63-ാം നീക്കത്തിൽ എതിരാളി അടിയറവ് പറഞ്ഞു. സുൽത്താൻ ഖാൻ ചുറ്റും നോക്കുമ്പോൾ അവിടെ കൂട്ടം കൂടി നിന്ന ആളുകൾ അമ്പരന്ന് വാ പൊളിച്ച് നിൽക്കുന്നു. എന്തിനാണ് ഇത്ര അമ്പരപ്പ്, സുൽത്താൻ ഖാന് കാര്യം പിടികിട്ടിയില്ല. തന്നെ നേരിട്ട എതിരാളിയെ ഖാന് വലിയ പരിചയം പോരായിരുന്നു. അത് ലോക ചെസിലെ അതികായനായിരുന്ന സാക്ഷാൽ കാപ്പാബ്ലാങ്കയായിരുന്നു അത്! ബോബി ഫിഷർക്ക് മുമ്പ് പാശ്ചാത്യലോകം ഉൾക്കിടിലത്തോടെ പറഞ്ഞിരുന്ന പേര്. ജീനിയസുകളിൽ അഗ്രഗണ്യൻ. എതിരാളിയെ പതിയെപ്പതിയെ വിഴുങ്ങുന്ന കലയിൽ കാപ്പാബ്ലാങ്ക കഴിഞ്ഞേ ഒരാൾ ഉള്ളൂ. ആ കാപ്പാബ്ലാങ്കയെയാണ് അതേ ശൈലിയിൽ സുൽത്താൻ ഖാൻ എന്ന ഇന്ത്യക്കാരൻ തോൽപ്പിച്ചത്. വിശ്വവിജയത്തിന് സമാനമായ നേട്ടം. മുമ്പ് ലീജിൽ വെച്ച് ഖാൻ അമേരിക്കൻ ചാമ്പ്യൻ ഫ്രാങ്ക് മാർഷലിനെ തോൽപ്പിച്ചിരുന്നു. എല്ലാ കരുക്കളും ബലി കൊടുത്ത് അപ്രതീക്ഷിത വിജയം നേടുന്ന അസാധാരണ ചെസ് താരമായിരുന്നു മാർഷൽ. പക്ഷേ, മാർഷലിന്റെ തന്ത്രം ഖാന്റെ മുന്നിൽ വില പോയില്ല. മാർഷലിന്റെ തകർപ്പൻ ആക്രമണം കഴിഞ്ഞപ്പോഴും ഖാന്റെ രാജാവ് ഭദ്രം. മത്സരം ഖാൻ ജയിച്ചു.

Full View

1932ലും 1933ലും ഖാൻ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു. രണ്ടു തവണയും ഖാൻ തന്നെ ചാമ്പ്യൻ. അങ്ങിനെ മൂന്നു തവണ ബ്രിട്ടീഷ് ചാമ്പ്യനായി ഖാൻ. അക്കാരണത്താൽ ലോക ചെസ് ഒളിമ്പ്യാഡിൽ പല വട്ടം ഖാൻ ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടുണ്ട്. ഇത്രയൊക്കെ ആയിട്ടും ഖാൻ ഉള്ളിന്റെയുള്ളിൽ ആ പാവം ഗ്രാമീണൻ തന്നെയായിരുന്നു. 1933 ന് ശേഷം അദ്ദേഹം തിരിച്ചു പോയി. പിന്നീട് അദ്ദേഹം യൂറോപ്പിലേക്ക് തിരിച്ചു വന്നതേയില്ല. ലോക ചെസ് രംഗത്തു നിന്ന് അദ്ദേഹം വിട്ടു പോയി. ഇന്ത്യയിൽ തിരിച്ചെത്തിയ ഖാൻ അന്നത്തെ ഇന്ത്യയിലെ മികച്ച താരം വി.കെ ഖാദിൽക്കുമായി 10 ഗെയിമുകളുള്ള ഒരു പരമ്പര കളിച്ചു. ഒമ്പതിലും ഖാൻ ജയിച്ചു. ഒന്നിൽ സമനിലയും. അതായിരുന്നു ഖാന്റെ അവസാന ചെസ് അരങ്ങ്.

സർ ഹയാത്ത് ഖാന്റെ മരണശേഷം സുൽത്താൻ ഖാൻ സർഗോധയിലെ തന്റെ ഗ്രാമത്തിലേക്ക് തിരിച്ചുപോയി. പിന്നെ വർഷങ്ങൾക്കു ശേഷം ഒരു വാർത്തയാണ് ലോകം അദ്ദേഹത്തെക്കുറിച്ച് കേട്ടത്. 1966 ഏപ്രിൽ 25ന് അദ്ദേഹം അന്തരിച്ചുവെന്ന വാർത്ത. അദ്ദേഹം ജീവിച്ചിരുന്ന പഞ്ചാബിലെ സർഗോധ ഇന്ത്യാ വിഭജനത്തിന് ശേഷം പാകിസ്ഥാനിലായിരുന്നു. എന്നാൽ, പാകിസ്ഥാൻ സർക്കാർ സുൽത്താൻ ഖാനെ കാര്യമായി പരിഗണിച്ചതേയില്ല. ഒരിക്കൽ ബോംബെയിൽ വെച്ച് അദ്ദേഹത്തിന് ജനങ്ങളുടെ ആദരവ് നൽകുന്ന പൊതുപരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യയാണ് അൽപമെങ്കിലും അദ്ദേഹത്തെ അറിഞ്ഞാദരിച്ചത്.

വാസ്തവത്തിൽ ഗുകേഷിന്റെ വിജയത്തിന്റെ ഈ സുമുഹൂർത്തത്തിൽ ഇന്ത്യക്കാരെങ്കിലും ഇന്ത്യൻ ചെസ് സൃഷ്ടിച്ച ആദ്യത്തെ അനൗദ്യോഗിക ലോക ചാമ്പ്യനായി അവിഭക്ത ഇന്ത്യയിൽ ജനിച്ച സുൽത്താൻ ഖാനെ അംഗീകരിക്കേണ്ടേ? സുൽത്താൻ ഖാനൊപ്പം മലയാളികൾ അറിഞ്ഞിട്ടും ആദരവ് നൽകാത്ത ഒരു മഹാറാണിയുണ്ട്. കോലത്തിരി രാജാവിന്റെ പത്നി. കോലത്തിരി രാജാവ് ഉദയവർമനും ചെറുശ്ശേരി നമ്പൂതിരിയുംകൂടി ചതുരംഗം വച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്തു തൊട്ടിലില്‍ കുട്ടിയെക്കിടത്തി ആട്ടിക്കൊണ്ടിരുന്ന രാജാവിന്റെ പത്നി ഒരു നിലകൂടി തെറ്റിയാല്‍ രാജാവിനു് അടിയറവായി എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കി. ‘ഉന്തുന്തൂ ഉന്തുന്തൂ ഉന്തുന്തൂ ഉന്തൂന്തൂ, ഉന്തുന്തൂ ഉന്തുന്തൂ ആളേ ഉന്തൂ’ എന്നു കുട്ടിയെ ഉറക്കുന്നഭാവത്തില്‍ പാടി ഭര്‍ത്താവിനു നില്ക്കക്കള്ളി കാണിച്ചുകൊടുക്കുകയും അതിന്റെ സാരം ഗ്രഹിച്ച രാജാവു് ആളിനെ ഉന്തി കളിയില്‍ ജയിക്കുകയും ചെയ്തു. സന്തുഷ്ടനായ രാജാവ് റാണിയുടെ ആ താരാട്ടിന്റെ ഈണത്തിൽ കൃഷ്ണന്റെ കഥ മുഴുവൻ കവിതാ രൂപത്തിൽ എഴുതാൻ ചെറുശ്ശേരിയോട് ആവശ്യപ്പെട്ടുവത്രേ. അങ്ങിനെ ചെറുശ്ശേരി എഴുതിയ കവിതയാണ് കൃഷ്ണഗാഥ. ചതുരംഗത്തിൽ നിപുണയായ ആ മഹാറാണിക്ക് എന്തുപറ്റി? സുൽത്താൻ ഖാനെപ്പോലെ ആ മഹാറാണിയും ചരിത്രത്തിൽനിന്ന് മാഞ്ഞു പോയി. ഒറ്റ നോട്ടത്തിൽ കരുനില മനസ്സിലാക്കുകയും ചതുരംഗപ്പലക നോക്കാതെതന്നെ വിജയത്തിനുള്ള നീക്കം മനസ്സിലാക്കി അത് താരാട്ട് രൂപത്തിൽ മഹാരാജാവിനെ അരനിമിഷത്തിൽ അറിയിക്കുകയും ചെയ്ത അവരുടെ കഴിവ് ഇന്നത്തെ റാപ്പിഡ് ചെസിന്റെയും ബ്ലൈൻഡ് ഫോൾഡ് ചെസിന്റെയും കളിക്കാർ അറിയേണ്ടതല്ലേ? 

Tags:    
News Summary - A Sultan and Maharani,Ancestors of D Gukesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.