തൃപ്പൂണിത്തുറ (എറണാകുളം): ശനിയാഴ്ച രാവിലെ 10.30, ഇന്ത്യയുടെ അഭിമാനം ലോകമൊട്ടാകെ എത്തിയ നിമിഷമായിരുന്നു അത്. ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി ഓട്ടമത്സരത്തിൽ രണ്ടാമനായി ഫ്രാൻസിലെ ബയാനത്ത് തീരം മലയാളി നാവികൻ അഭിലാഷ് ടോമി തൊട്ടതോടെ ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ ആദ്യതാരമാണ് പിറന്നത്. ഇതോടെ എറണാകുളം ജില്ലയിലെ ഉദയംപേരൂരിനടുത്ത് കണ്ടനാട്ടെ അഭിലാഷ് ടോമിയുടെ വീട് ആഹ്ലാദനിര്‍ഭരമായി. പിതാവ് റിട്ട. കമാന്‍ഡര്‍ വി.സി. ടോമിയും വത്സമ്മ ടോമിയും മകന് ചരിത്രനേട്ടം കൈവരിക്കുന്നത് തല്‍സമയം കണ്ടുകൊണ്ടിരുന്നു. എട്ടുമാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അഭിലാഷ് ചരിത്രനേട്ടത്തിലേക്ക് കടൽ കടന്നെത്തിയത്.
‘‘റേസില്‍ ഒന്നാമതോ രണ്ടാമതോ എത്തുക എന്നതല്ല, റേസ് പൂര്‍ത്തിയാക്കുക എന്നതായിരിക്കണം നിന്റെ ലക്ഷ്യം’’ -മത്സരത്തിന് പുറപ്പെടും മുമ്പ് പിതാവ് മകന് നല്കിയ ഉപദേശം ഇതായിരുന്നു. ഈ വാക്കുകള്‍ നെഞ്ചിലേറ്റി അതിനും മുകളിലെത്താൻ അഭിലാഷിനായി. 48,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് നേട്ടം സ്വന്തമാക്കിയത്. റേസ് പൂര്‍ത്തിയാക്കാന്‍ 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്തു.
2018ല്‍ തന്റെ ചിരകാലസ്വപ്നം തേടി ഇറങ്ങിയെങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തില്വെച്ചുണ്ടായ കടല്‍ക്ഷോഭത്തില്‍ അഭിലാഷിന്റെ വഞ്ചി തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ് വീണ അഭിലാഷിനെ ഫ്രഞ്ച് മീന്‍പിടിത്ത കപ്പലാണ് രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് ആത്മധൈര്യം പകര്‍ന്ന് മാതാപിതാക്കള്‍ കൂടെത്തന്നെ കൂടി. പ്രതികൂല സാഹചര്യത്തിലും മനോധൈര്യം കൈവിടാതെ പൊരുതി മാതൃരാജ്യത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ അഭിലാഷിന് അഭിനന്ദനമറിയിക്കാന്‍ ഉദയംപേരൂരിലെ വീട്ടിലേക്കെത്തിയത് നാടുമുഴുവനാണ്. അഭിലാഷിന്റെ ഭാര്യ ബംഗാള്‍ സ്വദേശിയായ ഊര്‍മി മാലയും മക്കളായ ഒമ്പതു വയസ്സുള്ള വേദാന്തും നാലു വയസ്സുള്ള അബ്രാനീലും ഗോവയിലാണ് താമസം. സന്തോഷ വാര്‍ത്ത അറിഞ്ഞതുമുതല്‍ അഭിലാഷിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തിരക്കിലായതിനാല്‍ വിളിക്കാനോ സംസാരിക്കാനോ കഴിഞ്ഞില്ലെന്ന് പിതാവ് പറഞ്ഞു. എങ്കിലും രാജ്യത്തിന്റെ അഭിമാനമായി മാറാന്‍ മകന് കഴിഞ്ഞതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് പ്രകടമായിരുന്നു.
ലെ സാബ്ലെ ദൊലാന്‍ (ഫ്രാൻസ്): മലയാളിയായ അഭിലാഷ് ടോമി ഒറ്റക്ക് പായ്വഞ്ചിയിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് പലതരം പ്രതിസന്ധികളും അതിജീവിച്ചാണ്. 1968ൽ ആദ്യ ഒറ്റയാൾ പായ്വഞ്ചി യാത്ര വിജയകരമായി പൂർത്തിയാക്കിയ സർ റോബിൻ നോക്സ് ജോൺസ്റ്റൺ ഉപയോഗിച്ച പായ്വഞ്ചിയുടെ മാതൃകയിലാണ് അഭിലാഷ് ടോമിയുടെ പായ്വഞ്ചിയും നിർമിച്ചത്. അക്കാലത്തെ സാങ്കേതികവിദ്യ മാത്രമേ വഞ്ചിയിൽ ഉപയോഗിക്കാൻ പാടുള്ളൂ.
അഭിമാനലാഷ ലക്ഷ്യം
2018ൽ ഗോൾഡൻ ഗ്ലോബ് മത്സരം അഭിലാഷ് പൂർത്തിയാക്കിയിരുന്നില്ല. ഇന്ത്യൻ സമുദ്രത്തിൽ കനത്ത കാറ്റിൽ വഞ്ചിയുടെ പായ്മരം തകരുകയും അഭിലാഷിന് നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൂന്നു ദിവസത്തെ അലച്ചിലിനുശേഷം ഫ്രഞ്ച് കപ്പൽ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു. ശസ്ത്രക്രിയക്കും വിശ്രമത്തിനും ശേഷം അനുപമമായ ലക്ഷ്യം നേടാൻ അഭിലാഷ് ടോമി വീണ്ടും സാഹസികതയുടെ പായ്വഞ്ചിയിലേറുകയായിരുന്നു. ഇതിനു മുന്നോടിയായി 2021ൽ നാവികസേനയിൽനിന്ന് സ്വയം വിരമിച്ചു.
2012ൽ നാവികസേന ഉദ്യോഗസ്ഥനായിരിക്കെ ‘സാഗർ പരിക്രമ’യുടെ ഭാഗമായാണ് അഭിലാഷ് ടോമി മുംബൈ തീരത്തുനിന്ന് ‘മാദേയി’ എന്ന പായ്വഞ്ചിയിൽ ആദ്യമായി ലോകയാത്ര നടത്തിയത്. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയും മുൻ നാവികസേന ഉദ്യോഗസ്ഥനുമായ വി.സി. ടോമിയുടെയും വൽസമ്മ ടോമിയുടെയും മകനാണ്. ബംഗാൾ സ്വദേശി ഊർമി മാല നാഗ് ആണ് ഭാര്യ. വേദാന്ത്, അബ്രനീൽ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.