പനാജി: ദേശീയ ഗെയിംസ് ജൂഡോയിൽ ദമ്പതികളിലൂടെ കേരളത്തിന് ഇരട്ട മെഡൽ. 78 കിലോയിൽ താഴെയുള്ള വനിതകളുടെ മത്സരത്തിൽ പി.ആർ. അശ്വതി വെള്ളി സ്വന്തമാക്കിയപ്പോൾ, പുരുഷന്മാരുടെ 100 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഭർത്താവ് പി.സി. അശ്വിനാണ് വെങ്കലം. ഇതടക്കം ഗെയിംസിന്റെ 12ാം നാൾ ഒരു വെള്ളിയും രണ്ടു വെങ്കലവും മാത്രമാണ് കേരളത്തിന്റെ ശേഖരത്തിലേക്കെത്തിയത്.
വനിതകളുടെ കയാക്കിങ്ങിലാണ് രണ്ടാം വെങ്കലം. നിലവിൽ 15 സ്വർണവും 20 വെള്ളിയും 23 വെങ്കലവുമായി ഒമ്പതാം സ്ഥാനത്താണ് കേരളം. 68 സ്വർണവുമായി മഹാരാഷ്ട്രയാണ് മുന്നിൽ. 54 സ്വർണവുമായി സർവിസസ് രണ്ടാമതും 50 സ്വർണവുമായി ഹരിയാന മൂന്നാമതുമാണ്.
ജൂഡോയിൽ ഉറച്ച സ്വർണപ്രതീക്ഷയായിരുന്ന പി.ആർ. അശ്വതിയെ മണിപ്പൂരിന്റെ ഇന്ദുബാലയാണ് മലർത്തിയടിച്ചത്. കഴിഞ്ഞ ഗെയിംസിൽ അശ്വതി സ്വർണം സ്വന്തമാക്കിയിരുന്നു. എന്നാൽ, ഗോവയിൽ ഈ പ്രകടനം ആവർത്തിക്കാൻ കഴിയാതെപോയി. യി. ഇടുക്കി സ്വദേശിനിയായ അശ്വതി ജലസേചന വകുപ്പിലെ ജീവനക്കാരിയാണ്. യു.പി താരത്തെ തോൽപിച്ചായിരുന്നു കേരള പൊലീസിന്റെ ഭാഗമായ തൃശൂർ സ്വദേശി അശ്വിൻ വെങ്കലം നേടിയത്.
തൃശൂർ സായിയിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. കഴിഞ്ഞ ഗെയിംസിൽ അശ്വിൻ മത്സരിച്ചിരുന്നെങ്കിലും മെഡൽ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. വനിതകളുടെ കയാക്കിങ് ടീം ഇനത്തിലാണ് തിങ്കളാഴ്ചത്തെ മറ്റൊരു വെങ്കല നേട്ടം. ട്രീസ ജേക്കബ്, ശ്രീലക്ഷ്മി, അലീന ബിജി, എ.എസ്. അനുപമ എന്നിവരടങ്ങിയ ടീമാണ് കെ4 ഇനത്തിൽ വെങ്കലം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.