പാലാ: എം.ജി സർവകലാശാല അത്ലറ്റിക് മീറ്റിൽ ഇരട്ടറോളിലായിരുന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മേഴ്സിക്കുട്ടൻ. മീറ്റിെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച മേഴ്സിക്കുട്ടൻ ചടങ്ങിനു പിന്നാലെ ഔദ്യോഗിക പരിവേഷം ഉപേക്ഷിച്ച് പരിശീലകയുടെ റോളിലേക്ക് ഓടിക്കയറി.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷവും സ്റ്റേഡിയത്തിൽതന്നെ തുടർന്ന ഇവർ സ്വന്തം ശിഷ്യർ മത്സരത്തിനിറങ്ങിയതോടെ പ്രോത്സാഹനവും നിർദേശവുമായി ട്രാക്കിൽ നിറഞ്ഞു. അധികം കഴിയും മുമ്പ് പ്രിയശിഷ്യ പരിശീലകക്ക് സ്വർണം സമ്മാനിച്ചു. മേഴ്സിക്കുട്ടൻ അത്ലറ്റിക് അക്കാദമിയിൽ പരിശീലിക്കുന്ന ഗൗരിനന്ദനയാണ് വനിതകളുടെ 400 മീറ്ററിൽ സ്വർണം കഴുത്തിലണിഞ്ഞത്. ഇതോടെ ശിഷ്യയെ കെട്ടിപ്പിടിച്ച് പ്രസിഡൻറ് ആഹ്ലാദവും പങ്കിട്ടു.
എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വർഷം പൊളിറ്റിക്സ് ബിരുദവിദ്യാർഥിനിയായ ഗൗരിനന്ദനയുടെ സർവകലാശാല തലത്തിെല ആദ്യമത്സരം കൂടിയായിരുന്നു ഇത്. സ്കൂൾ മീറ്റിലും ജൂനിയർ മീറ്റുകളിലും സ്വർണം സ്വന്തമാക്കിയ ഗൗരിനന്ദന വൈപ്പിൻ നായരമ്പലം സ്വദേശിനാണ്. മേഴ്സിക്കുട്ടനൊപ്പം സ്വർണനേട്ടം പിതാവിെൻറ ഓർമകൾക്ക് മുന്നിൽക്കൂടി സമർപ്പിക്കുകയാണ് ഗൗരിനന്ദന.
ആറുമാസം മുമ്പായിരുന്നു ഗൗരിയുടെ പിതാവ് രാജേഷ് മരിച്ചത്. പിതാവിനാണ് സ്വർണമെന്നും ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഏറെ സന്തോഷത്തോടെ ഫോൺവിളി എത്തുമായിരുന്നുെവന്നും ഗൗരിനന്ദന പറഞ്ഞു. സ്വർണത്തിലേക്ക് ഓടിക്കയറിയതിനു പിന്നാെല മാതാവ് കവിതയെ വിളിച്ച് ഗൗരി സന്തോഷം പങ്കിട്ടു. മേഴ്സിക്കുട്ടൻ അത്ലറ്റിക് അക്കാദമിയിലാണ് എട്ടാം ക്ലാസ് മുതൽ ഗൗരിനന്ദന പരിശീലനം നടത്തുന്നത്.
ഔദ്യോഗിക തിരക്കുകൾക്കിടയിലും മേഴ്സിക്കുട്ടൻ തന്നെയാണ് പരിശീലകയുടെ റോളിൽ. പുലർച്ച തന്നെ പരിശീലിപ്പിക്കാൻ എത്തുമെന്ന് ഗൗരിനന്ദന പറഞ്ഞു. എത്താൻ കഴിയാത്ത ദിനങ്ങളിൽ ഫോണിലൂടെ നിർദേശങ്ങൾ നൽകും. എം.ജി മീറ്റിൽ ഇവരുടെ അത്ലറ്റിക് അക്കാദമിയിലെ മൂന്നുപേരാണ് മത്സരിക്കാനുള്ളത്. നിലവിൽ 11പേരാണ് പരിശീലനത്തിലുള്ളതെന്ന് മേഴ്സിക്കുട്ടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.