സോൾ: ജൂലൈയിൽ ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്സിന് ടീമിനെ അയക്കില്ലെന്ന് ഉത്തര കൊറിയ. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ അത്ലറ്റുകളുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് അറിയിച്ചാണ് ഒളിമ്പിക്സിൽനിന്ന് പിൻവാങ്ങുന്നെതന്ന് ഉത്തര കൊറിയൻ കായിക മന്ത്രാലയം അറിയിച്ചു. കോവിഡ് കാരണം 2020ൽനിന്നും 2021ലേക്ക് മാറ്റിവെച്ച ഒളിമ്പിക്സിൽനിന്ന് ആദ്യമായാണ് ഒരു രാജ്യം പിൻവാങ്ങുന്നത്.
ഉത്തര കൊറിയയുടെ അപ്രതീക്ഷിത പിന്മാറ്റം ബദ്ധശത്രുക്കളും അയൽക്കാരുമായ ദക്ഷിണ കൊറിയയെ ആണ് ഏറെ നിരാശപ്പെടുത്തിയത്. 2018ൽ പ്യോങ്യാങ് വേദിയായി ശീതകാല ഒളിമ്പിക്സിൽ ആരംഭിച്ച ഇരു കൊറിയകളുടെയും നയതന്ത്ര ചർച്ചകളുടെ തുടർച്ചക്കായുള്ള കാത്തിരിപ്പിനിടെയാണ് ഉത്തര കൊറിയയുടെ പിന്മാറ്റം. ഇരു കൊറിയൻ അത്ലറ്റുകളും ഒന്നായി, ഐക്യ കൊറിയയുടെ പതാകക്കു കീഴിൽ അണിനിരന്ന മാർച്ച് പാസ്റ്റ് കാലങ്ങളായി ഏറ്റുമുട്ടിയ രണ്ടു രാജ്യങ്ങളുടെ സൗഹൃദ കാഴ്ചയായിരുന്നു. തുടർച്ചയെന്നോണം കൊറിയ- അമേരിക്കൻ പ്രസിഡൻറുമാരുടെ കൂടിക്കാഴ്ചയും നടന്നു. വനിത ഐസ് ഹോക്കിയിൽ ഇരു കൊറിയകളും സംയുക്ത ടീമായാണ് മത്സരിച്ചത്.
ഇൗ നയതന്ത്ര സൗഹൃദങ്ങളുടെ തുടർച്ച ടോക്യോ ഒളിമ്പിക്സോടെ സജീവമാക്കാമെന്ന പ്രതീക്ഷകൾക്കിടെയാണ് ഉത്തര കൊറിയൻ പിന്മാറ്റം. ഒളിമ്പിക്സിനിടെ അമേരിക്ക-ഉത്തര കൊറിയ ചർച്ചകൾക്ക് വഴിയൊരുക്കാൻ ശ്രമിക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ നേരേത്ത പറഞ്ഞിരുന്നു. കോവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ അതിർത്തികൾ കൊട്ടിയടച്ച് രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ട ഉത്തര കൊറിയ കൂടുതൽ വ്യാപന സാധ്യത ഒഴിവാക്കാനാണ് ഒളിമ്പിക്സിൽനിന്ന് പിൻവാങ്ങിയതെന്നാണ് സൂചന.
കോവിഡിലെ അടച്ചുപൂട്ടൽ രാജ്യത്തിെൻറ സാമ്പത്തികാവസ്ഥക്കും തിരിച്ചടിയായി. ആരോഗ്യ മേഖലയിലെ ദുർബലാവസ്ഥ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും തിരിച്ചടിയായെന്നാണ് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.