ആർ. പ്രഗ്നാനന്ദയിലായിരുന്നു ഒരു രാജ്യത്തിന്റെ മുഴുവൻ കണ്ണുകളും. ചെസ് ലോകകപ്പില്‍ നോർവേ താരം മാഗ്നസ് കാള്‍സണെതിരെ ഫൈനലിനിറങ്ങിയപ്പോൾ എന്തായിരിക്കും ആ 18കാരന്റെ മനസ്സിലുണ്ടായിരിക്കുക? എന്നത്തെയുംപോലെ തന്റെ സൗമ്യമുഖവുമായാണ് പ്രഗ്നാനന്ദ കരുക്കളത്തിനു മുന്നിലെത്തിയത്. ഭാവഭേദങ്ങളൊന്നുമില്ലാതെ കളിയിൽ മുഴുകി. കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിലെത്തിയപ്പോൾതന്നെ ആ കൗമാരക്കാരന്റെ കരുത്തിനെ ലോകം മുഴുവൻ വാഴ്ത്തി. ചെസ് ലോകകപ്പ് ചരിത്രത്തില്‍ മാഗ്നസ് കാള്‍സണും ആർ. പ്രഗ്നാനന്ദയും ആദ്യമായാണ് മുഖാമുഖം വരുന്നത്. ഫൈനലിലെ രണ്ട് ഗെയിമുകളും സമനിലയിൽ അവസാനിച്ചതോടെ ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീളുകയായിരുന്നു.
‘എനിക്ക് പറ്റിയ എതിരാളികളില്ല, അതിനാൽ ചെസ് മടുത്തു’ എന്നുപറഞ്ഞ ഗ്രാൻഡ് മാസ്റ്റർ മാഗ്നസ് കാൾസന്റെ കുതിച്ചുപാച്ചിലിന് മുമ്പും തടയിട്ടത് ഈ 18കാരനാണ്. ഇന്ത്യൻ താരം തമിഴ്നാട്ടുകാരൻ രമേശ് ബാബു പ്രഗ്നാനന്ദ. തുടർച്ചയായ മൂന്നുതവണ ചെസ് അതികായനെ കരുക്കൾകൊണ്ട് മറിച്ചിട്ട് ചരിത്രംകുറിച്ചിട്ടുണ്ട് പ്രഗ്നാനന്ദ. ചെസ് ബോർഡിനു മുന്നിലും പിന്നിലും എപ്പോഴും സൗമ്യമായ മുഖവുമായി നിൽക്കുന്ന കൗമാരക്കാരന്റെ കരുത്ത് ആത്മവിശ്വാസം മാത്രമാണ്. ‘‘ഒരു ഓപൺ ടൂർണമെന്റ് വിജയിക്കുന്നത് എപ്പോഴും നല്ലതാണ്. ഒരു വിജയവും എളുപ്പമല്ല. ചില ബുദ്ധിമുട്ടുള്ള കളികൾ എപ്പോഴുമുണ്ടാകും. അവസാനം വിജയിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.’’ ഓരോ ടൂർണമെന്റ് കഴിയുമ്പോഴും പ്രഗ്നാനന്ദയുടെ പ്രതികരണമിങ്ങനെ.
മാഗ്നസ് കാൾസണും വിശ്വനാഥൻ ആനന്ദുമാണ് പ്രഗ്നാനന്ദയുടെ ഇഷ്ടപ്പെട്ട താരങ്ങൾ. ‘‘ചെസ് കളിച്ചുതുടങ്ങിയ കാലത്ത് ഒരു വലിയ ചെസ് കളിക്കാരനാകണമെന്നായിരുന്നു ആഗ്രഹം. ചെറുപ്പത്തിൽ ഗാരി കാസ്പറോവിനും വിശ്വനാഥൻ ആനന്ദിനുമൊപ്പം ചിത്രമെടുക്കാൻ സാധിച്ചിരുന്നു. അതോടൊപ്പം ലോകചാമ്പ്യൻ കാൾസൺ ഇന്ത്യയിലെത്തിയപ്പോൾ ഒരു അപൂർവചിത്രം പകർത്താനും അവസരം ലഭിച്ചു’’. ഇതെല്ലാം ഒരിക്കലും മറക്കാനാകാത്ത ഓർമയാണ് താരത്തിന്.
മിയാമിയിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്.ടി.എക്സ് ക്രിപ്റ്റോ കപ്പിൽ ലോക ചാമ്പ്യനെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിക്കാനും ഈ 18കാരന് കഴിഞ്ഞിരുന്നു. പോയന്റുകളുടെ അടിസ്ഥാനത്തിൽ കാൾസൺതന്നെയാണ് അന്ന് ടൂർണമെന്റ് ചാമ്പ്യനായതെങ്കിലും പ്രഗ്നാനന്ദയുടെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽ ഈ മത്സരം ബാക്കിയാക്കിയിരുന്നു. ലോക ചാമ്പ്യന്റെ ഉറക്കം നഷ്ടപ്പെടുത്തുന്ന പരാജയത്തിന്റെ കയ്പുനീർ നൽകിയായിരുന്നു അന്ന് പ്രാഗിന്റെ മടക്കം.
ബാങ്ക് ഉദ്യോഗസ്ഥനായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായി 2005 ആഗസ്റ്റ് 10നാണ് പ്രഗ്നാനന്ദയുടെ ജനനം. അമ്മ നാഗലക്ഷ്മിയും സഹോദരി ആർ. വൈശാലിയുമാണ് പ്രഗ്നാനന്ദയുടെ കരുത്ത്. അന്താരാഷ്ട്ര ചെസ് താരമാണ് വൈശാലി. ‘കുട്ടിക്കാലത്ത് മത്സരങ്ങളിൽ ഏർപ്പെടുമ്പോഴും അതിനായി പോകുമ്പോഴും മടുപ്പ് തോന്നുമായിരുന്നു. എന്നാൽ, അമ്മ എല്ലാ മത്സരങ്ങളിലും എന്നെ അനുഗമിക്കും. വീട്ടിൽനിന്ന് വിട്ടുനിൽക്കുന്നതിന്റെ വിഷമം എന്നെ അറിയിക്കാതിരിക്കാനായിരുന്നു അതെല്ലാം’ -പ്രാഗ് പറയുന്നതിങ്ങനെ.
മുൻ ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന്റെ അക്കാദമിയിലൂടെയായിരുന്നു പ്രാഗിന്റെ തുടക്കം. ചേച്ചിയുടെ പ്രേരണയിലും പ്രോത്സാഹനത്തിലും നന്നേ ചെറുപ്പത്തിൽ കരുക്കൾ നീക്കിത്തുടങ്ങിയ പ്രഗ്നാനന്ദ, അണ്ടർ എട്ട് ലോക യൂത്ത് ചാമ്പ്യനായി ഏഴാം വയസ്സിൽതന്നെ ഫിഡേ മാസ്റ്റർ പദവിയിലെത്തി; 2015ൽ അണ്ടർ-10 കിരീടവും. 2016ൽ ചരിത്രത്തിൽ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി. പിറ്റേവർഷം ആദ്യ ഗ്രാൻഡ്മാസ്റ്റർ നോം ലഭിച്ചു. 2018ൽ ഇറ്റലിയിൽ നടന്ന ഗ്രഡിൻ ഓപൺ ടൂർണമെന്റ് എട്ടാം റൗണ്ടിൽ ലൂക്ക മോറോണിയെ തോല്പിച്ച് മൂന്നാമത്തെയും അവസാനത്തെയും നോമുമായി ഗ്രാൻഡ് പദവിയിലെത്തുമ്പോൾ 12 വയസ്സ് മാത്രം. ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്ററായിരുന്നു അന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.