കോഴിക്കോട്: ഇന്ത്യൻ വോളിബാളിൽ പ്രഫഷനലിസത്തിന്റെ പുതിയ സ്മാഷുകൾ തീർത്ത പ്രൈം വോളി ലീഗിന്റെ രണ്ടാം സീസണിനൊരുങ്ങി ടീമുകൾ. ഫെബ്രുവരി നാലു മുതൽ മാർച്ച് അഞ്ചു വരെ ഒരു മാസം നീളുന്ന ലീഗിൽ എട്ടു ടീമുകൾ കളത്തിലിറങ്ങും.
നിലവിലെ ജേതാക്കളായ കൊൽക്കത്ത തണ്ടർ ബോൾട്ട്, കേരളത്തിന്റെ ശക്തി തെളിയിക്കാനൊരുങ്ങുന്ന കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കഴിഞ്ഞ തവണത്തെ റണ്ണറപ്പായ അഹ്മദാബാദ് ഡിഫൻഡേഴ്സ്, പുതുമുഖങ്ങളായ മുംബൈ മീറ്റിയോസ് എന്നീ ടീമുകൾക്കൊപ്പം ചെന്നൈ ബ്ലിറ്റ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ബംഗളൂരു ടോർപിഡോസ് എന്നീ സംഘങ്ങളും പ്രൈം വോളിക്കായി കടുത്ത പരിശീലനത്തിലാണ്.
ബംഗളൂരു, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ രാത്രി ഏഴു മണിക്കാണ് മത്സരങ്ങൾ. രണ്ടു കളികളുള്ള ദിവസം രണ്ടാം മത്സരം രാത്രി 9.30നാണ്. ആകെ 31 മത്സരങ്ങളുണ്ടാകും. കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ ഫെബ്രുവരി നാലു മുതൽ 12 വരെയാണ് ബംഗളൂരുവിലെ മത്സരങ്ങൾ.
ഉദ്ഘാടന ദിനം ആതിഥേയരായ ബംഗളുരു ടോർപിഡോസും കൊൽക്കത്ത തണ്ടർബോൾട്ടും ഏറ്റുമുട്ടും. ഫെബ്രുവരി 15 മുതൽ 21 വരെ ഹൈദരാബാദിലെ ഗച്ചിബൗളി ജി.എം.സി ബാലയോഗി ഇൻഡോർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ അരങ്ങേറും.
റൗണ്ട് റോബിൻ ലീഗിലെ അവസാന പോരാട്ടങ്ങൾ കൊച്ചി കടവന്ത്ര റീജനൽ സ്പോർട്സ് സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ ഫെബ്രുവരി 24 മുതൽ മാർച്ച് രണ്ടു വരെയാണ്. മാർച്ച് മൂന്നിന് ഒന്നാം സെമിയും നാലിന് രണ്ടാം സെമിയും അഞ്ചിന് ഫൈനലും കൊച്ചിയിലാണ്. ലീഗിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന നാലു ടീമുകളാണ് സെമിഫൈനലിന് യോഗ്യത നേടുക.
സോണി സ്പോർട്സ് നെറ്റ്വർക്കിൽ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുഗു, മറാത്തി ഭാഷകളിൽ കളിവിവരണമുണ്ടാകും. ഒന്നാം സീസണിൽ 4.10 കോടി പേർ ടി.വിയിൽ മത്സരങ്ങൾ കണ്ടിരുന്നു. 4.3 കോടി ആളുകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രൈം വോളി വിഡിയോ കണ്ടു.
ഇത്തവണ മികച്ച മത്സരങ്ങളും വോളിബാൾ അനുഭവങ്ങളുമാണ് കളിപ്രേമികളെ കാത്തിരിക്കുന്നതെന്ന് പ്രൈം വോളി സി.ഇ.ഒ ജോയ് ഭട്ടാചാര്യ ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡ് പ്രശ്നങ്ങളും ബയോബബ്ൾ അടക്കമുള്ള കടമ്പകളുമുണ്ടായിട്ടും ലീഗ് വൻ വിജയമായിരുന്നെന്നും ഭട്ടാചാര്യ പറഞ്ഞു.
വോളിബാളിനെ ഏറെ സ്നേഹിക്കുന്ന മലയാളക്കരയിൽനിന്ന് രണ്ടു ടീമുകളാണ് ഇത്തവണയും പ്രൈം വോളിക്ക് ഒരുങ്ങുന്നത്, കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും. പെറു ദേശീയ ടീം ക്യാപ്റ്റൻ എഡ്വേർഡോ റൊമേ, ബ്രസീലിന്റെ സെന്റർ ബ്ലോക്കർ വാൾട്ടർ ഡിക്രൂസ് നെറ്റോ, കേരള പൊലീസിന്റെ അറ്റാക്കർ എറിൻ വർഗീസ്, യൂനിവേഴ്സൽ ജിബിൻ സെബാസ്റ്റ്യൻ, ഇന്ത്യൻ റെയിൽവേ അറ്റാക്കറും 17.5 ലക്ഷം രൂപക്ക് സ്വന്തമാക്കിയ താരവുമായ അറ്റാക്കർ രോഹിത് കുമാർ തുടങ്ങിയ പ്രമുഖ താരങ്ങൾ കൊച്ചി നിരയിൽ അണിനിരക്കും.
മലയാളിയായ എസ്.ടി. ഹരിലാലാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ബോബി സേവ്യറാണ് സഹ പരിശീലകൻ. ഫെബ്രുവരി ഏഴിന് ചെന്നൈ ബ്ലിറ്റ്സിനെതിരെയാണ് കൊച്ചിയുടെ ആദ്യ അങ്കം.
2019ലെ പ്രോ വോളിയിൽ റണ്ണറപ്പും പ്രൈം വോളി ഒന്നാം സീസണിൽ സെമിഫൈനലിസ്റ്റുമായിരുന്ന കാലിക്കറ്റ് ഹീറോസ് ഇത്തവണയും കരുത്തരുമായാണെത്തുന്നത്. അമേരിക്കയുടെ മാറ്റ് ഹീലിങ്, ക്യൂബയുടെ ജോസെ സാൻഡോവെൽ, കൊച്ചി ബി.പി.സി.എല്ലിന്റെ ജെറോം വിനീത്, അശ്വിൻ രാജ്, ചിരാഗ് യാദവ്, സൂപ്പർ സെറ്റർ ഉക്രപാണ്ഡ്യൻ തുടങ്ങിയവർ ടീമിലുണ്ട്.
മുൻ ഇന്ത്യൻ താരം ഇ.കെ. കിഷോർ കുമാറാണ് പരിശീലകൻ. ഫെബ്രുവരി അഞ്ചിന് മുംബൈ മീറ്റിയോസാണ് ആദ്യ കളിയിൽ കാലിക്കറ്റിന്റെ എതിരാളികൾ. ഹൈദരാബാദ് ഹോക്സ് ടീമിനെ മുൻ ഇന്ത്യൻ നായകനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫാണ് പരിശീലിപ്പിക്കുന്നത്. ലീഗിലെ എല്ലാ ടീമുകളിലും ശക്തമായ മലയാളി സാന്നിധ്യമുണ്ട്.
വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (വി.എഫ്.ഐ) ഭീഷണിയും എതിർപ്പും അവഗണിച്ചാണ് ആദ്യ സീസണിൽ പ്രൈം വോളി നടന്നത്. പ്രൈം വോളിയുമായി സഹകരിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് വി.എഫ്.ഐ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രമുഖ താരങ്ങളും പരിശീലകരും വകവെച്ചില്ല.
ഇതിനിടയിൽ വി.എഫ്.ഐയുടെ അംഗീകാരം തന്നെ നഷ്ടമായി. ഇത്തവണ പ്രൈം വോളി ലീഗിനിടെ ദേശീയ ചാമ്പ്യൻഷിപ്പും ഫെഡറേഷൻ കപ്പും പ്രഖ്യാപിച്ചാണ് വി.എഫ്.ഐ പ്രതികാരം തുടരുന്നത്. ഫെബ്രുവരി രണ്ടു മുതൽ ഒമ്പതു വരെ ഗുവാഹതിയിലാണ് ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്.
ഫെബ്രുവരി 28 മുതൽ മാർച്ച് ഏഴു വരെ കൊച്ചിയിലാണ് ഫെഡറേഷൻ കപ്പ്. ചൈനയിൽ സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ ദേശീയ ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതാണ് പതിവ്.
വി.എഫ്.ഐക്ക് അംഗീകാരമില്ലാത്തതിനാൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഓപൺ ട്രയൽസ് നടത്തി ടീമിനെ തിരഞ്ഞെടുക്കുമെന്നാണ് താരങ്ങളുടെ പ്രതീക്ഷ. ഐ.എസ്.എല്ലിലെ മികവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീമിൽ നിരവധി താരങ്ങൾ സെലക്ഷൻ നേടിയതും ഇവർ ചൂണ്ടിക്കാട്ടുന്നു.
വി.എഫ്.ഐ സഹകരിക്കുന്നില്ലെങ്കിലും വോളിബാളിലെ അന്താരാഷ്ട്ര സംഘടനയായ എഫ്.ഐ.വി.ബിയുടെ സെക്രട്ടറി ജനറൽ അടക്കമുള്ളവർ പ്രൈം വോളി നിരീക്ഷിക്കാനെത്തുമെന്ന് സി.ഇ.ഒ ജോയ് ഭട്ടാചാര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.