ചെന്നൈ: കേരളത്തില്‍നിന്ന് രണ്ടു ടീമുകളായിരുന്നു റുപേ പ്രൈം വോളിബാള്‍ ലീഗില്‍ ആവേശപ്പോര് നയിച്ചത്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് പക്ഷേ, സൂപ്പര്‍ ഫൈവ് കാണാതെ പുറത്തായപ്പോള്‍ കേരളത്തിന്റെ വോളി ആരാധകരുടെ മുഴുവന്‍ പ്രതീക്ഷയും കാലിക്കറ്റ് ഹീറോസിലായി. സീസൺ തുടക്കം മുതല്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹീറോസ്, ടീമിന് പിന്തുണയുമായി ചെന്നൈയിലേക്ക് ഒഴുകിയെത്തിയ ആരാധകരോട് കടപ്പാട് തീര്‍ക്കുകയും ചെയ്തു. ലീഗ് ഘട്ടത്തിലും സൂപ്പര്‍ ഫൈവിലും ഒന്നാം സ്ഥാനക്കാരായാണ് ടീം ഫൈനലിലേക്കു കുതിച്ചത്. ജയത്തോടെ ഡിസംബറില്‍ ഇന്ത്യ വേദിയാവുമെന്ന് പ്രതീക്ഷിക്കുന്ന എഫ്.ഐ.വി.ബി ക്ലബ് ലോക ചാമ്പ്യന്‍ഷിപ്പിലേക്കും ഇന്ത്യന്‍ പ്രതിനിധികളായി ഹീറോസ് യോഗ്യത നേടി. താരങ്ങളുടെ മികവിനു പുറമേ ലീഗില്‍ ഏറ്റവും വലിയ ആരാധകവൃന്ദവും ഹീറോസിനെ കിരീടധാരണത്തിന് സഹായിച്ചു.
ക്യാപ്റ്റന്‍ ജെറോം വിനീതിന്റെ പ്രകടനമാണ് ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകമായതെന്ന് നിസ്സംശയം പറയാം. ഫൈനലില്‍ ബ്രസീലിയന്‍ താരം ലൂയിസ് പെരോറ്റോയും മികവുകാട്ടി. കലാശക്കളിയിലെ താരമായ വിനീത് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.
കാലിക്കറ്റിന്റെ ചിരാഗ് യാദവാണ് എമര്‍ജിങ് പ്ലയര്‍ ഓഫ് ദ സീസണ് പുരസ്കാരം നേടിയത്. മറ്റൊരു താരം മോഹന്‍ ഉക്രപാണ്ഡ്യന് മോസ്റ്റ് ഇന്നൊവേറ്റിവ് സെറ്റര്‍ പുരസ്കാരത്തിനും അര്‍ഹനായി. ജെറോം വിനീത് നയിച്ച കാലിക്കറ്റ് ഹീറോസില്‍ അമന്‍കുമാര്‍, ഉക്രപാണ്ഡ്യന്, ഡാനിയേല്‍ മൊയതാസെദി, ഷഫീഖ് റഹ്മാന്, വികാസ് മാന്‍, അശോക് ബിഷ്ണോയ്, ചിരാഗ് യാദവ്, ലൂയിസ് പെരോറ്റോ, എം. അശ്വിന് രാജ്, പ്രവീണ്‍കുമാര്‍ ജി, പ്രിന്‍സ്, അലന് ആഷിഖ്, മുകേഷ് കുമാര്‍ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. മുന്‍ ഇന്ത്യന്‍ താരം കിഷോര്‍ കുമാറിന്റെയും ഷൈലന്‍ റാംദോയുടെയും മുഖ്യപരിശീലനത്തിലായിരുന്നു ടീമിന്റെ ഒരുക്കം. പി.എ. അഹമ്മദ് ഫായിസായിരുന്നു സഹ പരിശീലകന്റെയും മാനേജറുടെയും റോളില്‍. രതീഷ് രാജേന്ദ്രന്, അസ്കര്‍ പി.വി, സാദിഖ് പി.പി, സയീദ് എന്നിവര്‍കൂടി ഉള്‍പ്പെട്ടതാണ് സപ്പോര്‍ട്ടിങ് സ്ക്വാഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.