ഇന്ത്യയിൽ ക്രിക്കറ്റിന് മറ്റുള്ള സ്പോർട്സിനേക്കാൾ ഒരുപാട് പരിഗണന കൂടുതൽ നൽകുന്നുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ് ബാഡ്മിന്‍റൺ താരം സൈന നെഹ്വാൾ. 2012 ലണ്ടൺ ഒളിമ്പിക്സിൽ ഇന്ത്യക്കായി ബാഡ്മിന്‍റണിൽ വെങ്കലം നേടിയ താരമാണ് സൈന. ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം ജസ്പ്രീത് ബുംറക്ക് തന്‍റെ സ്മാഷ് നേരിടാൻ സാധിക്കുമോ എന്ന് സൈന തമാശരൂപേണ ചോദിച്ചു.
നേരത്തെ താരം ക്രിക്കറ്റിനേക്കാൾ അധ്വാനം വേണ്ട കളികളാണ് ടെന്നീസ്, ബാഡ്മിന്‍റൺ പോലെയുള്ളവ എന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടയിയുമായി ക്രിക്കറ്റ് താരം അംഗൃഷ് രഘുവൻഷി രംഗത്തെത്തിയിരുന്നു. സൈന ബുംറയുടെ 150 കിലോമീറ്ററിൽ വരുന്ന പന്ത് നേരിടുമോ എന്ന് നോക്കാമെന്നായിരുന്നു രഘുവൻഷി കമന്‍റ് ചെയ്തത്. ഇതിന് ശേഷമാണ് സൈന ബുംറ തന്‍റെ സ്മാഷ് താങ്ങില്ലെന്ന് തമാശയാക്കി പറഞ്ഞത്.
'നിങ്ങൾ എങ്ങനെയാണ് വിരാട് കോഹ്ലി ആകുക? എങ്ങനെയാണ് രോഹിത് ശർമയാവുക? ഒരുപാട് താരങ്ങൾക്ക് അവരെ പോലെ ആകണം. സാധിക്കില്ല, അത് പോലെ കുറച്ചുപേരെ ഉണ്ടാകുകയുള്ളൂ. എനിക്ക് തോന്നുന്നത് ഇത് സ്കിൽ അടിസ്ഥാനമാക്കിയുള്ള കളിയാണ്. ബൗളർമാരുടെ കാര്യം ഞാൻ അംഗീകരിക്കുന്നു. ഞാൻ അവിടെ വന്ന് മരിക്കാൻ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിലും ഞാൻ എന്തിനാണ് ബുംറയെ നേരിടുന്നത്? ഞാൻ ഒരു എട്ട് വർഷമായി ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിൽ എനിക്ക് ബുംറയെ നേരിടാം.
ബുംറ എനിക്കെതിരെ ബാഡ്മിന്‍റൺ കളിക്കുവാണെങ്കിൽ അദ്ദേഹത്തിന് എന്‍റെ സ്മാഷ് താങ്ങാൻ സാധിക്കണമെന്നില്ല. നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും നമ്മുടെ രാജ്യത്തിൽ വെച്ച് ഇങ്ങനെ അടി ഉണ്ടാക്കരുത്. എല്ലാ സ്പോർട്സിനും അതിന്‍റെ സ്ഥാനമുണ്ട്. മറ്റ് സ്പോർട്സിനും വില നൽകണമെന്നേ ഞാൻ പറയുന്നുള്ളൂ. അല്ലെങ്കിൽ കായിക സംസകാരം നമുക്ക് ലഭിക്കുമോ? ക്രിക്കറ്റിലും ബോളിവുഡിലുമായിരിക്കും നമ്മുടെ ശ്രദ്ധ എപ്പോഴും,' ശുബാങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സൈന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.