ഈ ചാട്ടം സ്റ്റൈലായി: മുഹമ്മദ്‌ അനീസിന് ഏഷ്യൻ, കോമൺ വെൽത്ത് ഗെയിംസ് യോഗ്യത; നിലമേൽ ആഹ്ലാദ കൊടുമുടിയിൽ

കൊല്ലം: വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലേക്കും കോമൺവെൽത്ത് ഗെയിംസിലേയ്ക്കും യോഗ്യതനേടി യുവാവ്. തിരുവനന്തപുരത്ത് നടന്ന ജംപ്സ് അത്‌ലറ്റിക് മീറ്റിൽ ലോങ്ജംപിൽ 8.15 മീറ്റർ ചാടി വെള്ളി മെഡൽ കരസ്ഥമാക്കിയ നിലമേൽ വളയിടം സ്വദേശി മുഹമ്മദ് അനീസാണ് ഇരു ഗെയിംസുകളിലേയ്ക്കും മത്സരിക്കാനുഉള്ള യോഗ്യത കരസ്ഥമാക്കിയത്.

അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക് മീറ്റിലെ ലോങ്ജംപിലെ റെക്കോർഡ് ജേതാവ് കൂടിയായ മുഹമ്മദ് അനീസ് നിരവധി ദേശീയ മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ലോക യൂനിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ മത്സരിച്ചിട്ടുള്ള അനീസ് നിലവിൽ കേരള പോലീസിൽ ഹവിൽദാർ ആയി ജോലി നോക്കുകയാണ്.


ഒളിമ്പ്യൻ മുഹമ്മദ് അനസിന്റെ ഇളയസഹോദരൻകൂടിയാണ് മുഹമ്മദ് അനീസ്. റിയോ ഒളിമ്പിക്സിലും, ടോകിയോ ഒളിമ്പിക്സിലും പങ്കെടുത്ത മുഹമ്മദ് അനസ്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമാണ്. മുഹമ്മദ്‌ അനീസ് ഇപ്പോൾ ഇന്ത്യൻ ക്യാമ്പിൽ കോച്ച് അനൂപിന്റെ കീഴിലാണ് പരിശീലനം നടത്തി വരുന്നത്. നിലമേൽ സ്റ്റൈൽ സ്പോർട്സ് അക്കാദമിയിലൂടെ കായികരംഗത്ത് എത്തിച്ചേർന്ന അനീസ് കായിക അധ്യാപകനായ അൻസറിന്റെ കീഴിൽ ഏറെനാൾ പരിശീലനം നേടിയിരുന്നു. പ്ലസ് ടു പഠനകാലത്ത് തിരുവനന്തപുരം സായിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. സായ് കോച്ച് നിഷാന്തിന്റെ കീഴിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ജംപർമാരുടെ പട്ടികയിലേക്ക് അനീസ് ഉയരുകയായിരുന്നു.

നിലമേൽ സ്റ്റൈൽ അക്കാഡമി പരിശീലകൻ അൻസർ, ബിജിത്ത് എന്നിവരോടൊപ്പം മുഹമ്മദ് അനീസ്

ഒളിമ്പ്യൻ മുഹമ്മദ് അനസിനുശേഷം അനിയനുംകൂടി ഏഷ്യൻഗെയിംസിലേക്ക് മത്സരിക്കാൻ ഇറങ്ങുന്നത് വളരെ ആവേശത്തോടെയാണ് നിലമേൽ ഗ്രാമം നോക്കിക്കാണുന്നത്.തങ്ങളുടെ പ്രിയ കായികതാരം നാട്ടിലെത്തുന്നമുറക്ക് സ്വീകരണം ഒരുക്കുവാനുള്ള ആലോചനയിലാണ് അനീസിന്റെ ആദ്യകാല കായിക പരിശീലന കേന്ദ്രമായ സ്റ്റൈൽ സ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങളും പരിശീലകരും.


Tags:    
News Summary - Muhammad Anees qualifies for Asian and Commonwealth Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.