പാലക്കാട്: രാജ്യത്തിനുവേണ്ടി സ്വന്തം പേരിൽ ഒരു ഒളിമ്പിക്സ് മെഡൽ. ആ സ്വപ്നനേട്ടം കുറിക്കാനുള്ള അവസാനവട്ട പരിശീലനത്തിലാണ് രാജ്യാന്തര ലോങ്ജംപ് താരം എസ്. ശ്രീശങ്കർ. ഒളിമ്പിക്സിനുള്ള ഇന്ത്യൻ ക്യാമ്പിൽ ചേരുന്നതിനായി ശ്രീയും അച്ഛനും പരിശീലകനുമായ എസ്. മുരളിയും ബുധനാഴ്ച വണ്ടികയറും. പട്യാലയിൽ, ഗ്രാൻഡ്പ്രീക്കും ഇൻറർ സ്റ്റേറ്റ് മീറ്റിനും ശേഷം ഒരു മാസത്തോളം ഇന്ത്യൻ ക്യാമ്പിൽ. ജൂലൈ 23 മുതലാണ് ടോക്യോ ഒളമ്പിക്സ്.
കഴിഞ്ഞ മാർച്ചിൽ, പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സിൽ 8.26 മീറ്റർ ദൂരം ചാടിക്കടന്ന് ഒളിമ്പിക് യോഗ്യതയും േദശീയ റെേക്കാഡും കുറിച്ച 21കാരനായ ശ്രീയുടെ ജൈത്രയാത്ര തുടങ്ങിയത് പാലക്കാട് വെസ്റ്റ് യാക്കരയിലെ സ്വന്തം വീട്ടിൽനിന്നാണ്. ട്രിപ്ൾ ജംപ് താരവും സാഫ് ഗെയിംസ് മെഡൽ ജേതാവുമാണ് അച്ഛൻ എസ്. മുരളി. അമ്മ കെ.എസ്. ബിജിമോൾ രാജ്യാന്തര കായികതാരം. ഇരുവരുടെയും പ്രേരണയും ചെറുപ്പംതൊട്ട് നൽകിയ ശിക്ഷണവുമാണ് ശങ്കുവിനെ ഉയരങ്ങളിലെത്തിച്ചത്.
2012ൽ സംസ്ഥാന മീറ്റിൽ റെക്കോഡോടെ നേട്ടം കുറിച്ചാണ് അരങ്ങേറ്റം.
തുടർന്നുള്ള ഒമ്പത് വർഷവും ഒട്ടുമിക്ക ദേശീയ റെക്കോഡുകളും ശങ്കു സ്വന്തം പേരിലെഴുതി. 15ാം വയസ്സിൽ അഞ്ച് മീറ്റർ ചാടിക്കടന്നു. 2018ൽ ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും മുന്നിൽകണ്ട് കഠിന പരിശ്രമത്തിനൊടുവിൽ ആ വർഷത്തെ ദേശീയ സീനിയർ അത്ലറ്റിക്സിൽ 7.99 മീറ്റർ ചാടി റെക്കോഡിട്ടു. കോമൺ വെൽത്തിന് യോഗ്യത നേടിയെങ്കിലും തയാറെടുപ്പിനിടെ അപ്പൻഡിക്സ് കണ്ടെത്തിയതോടെ യാത്ര മുടങ്ങി. ചികിത്സക്കും വിശ്രമത്തിനും ശേഷം അതിവേഗം ജംപിങ് പിറ്റിൽ തിരികെയെത്തിയ ശങ്കു, ഏഷ്യൻ ജൂനിയർ മീറ്റിൽ വെങ്കലം നേടി.
2018 സെപ്റ്റംബറിൽ ദേശീയ ഒാപൺ അത്ലറ്റിക്സിൽ 8.20 മീറ്റർ ചാടി ഒളിമ്പിക്സ് പ്രതീക്ഷ വീണ്ടെടുത്തു. സ്വന്തം പേരിലുള്ള ഇൗ റെക്കോഡ് കഴിഞ്ഞ പട്യാല സീനിയർ മീറ്റിൽ തിരുത്തിയാണ് ശ്രീ, ഒളിമ്പിക്സിൽ ഇടം ഉറപ്പിച്ചത്. കോവിഡിെൻറ രണ്ടാം തരംഗത്തിൽ അടച്ചുപൂട്ടപ്പെട്ടപ്പോഴും പാലക്കാട് ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിലും വീട്ടിൽ ഒരുക്കിയ ജിമ്മിലും കഠിന പരിശീലനത്തിലായിരുന്നു ശ്രീ. നിലവിൽ, ശ്രീശങ്കർ മികച്ച ഫോമിലാണെന്നും മെഡൽ നേടാനാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും എസ്. മുരളി പറഞ്ഞു.
ഇന്ത്യൻ ക്യാമ്പിെൻറ ഭാഗമായി കൊറിയയിലെ െഡയ്ഗുവിൽ പരിശീലനം ഉണ്ടാവും. ജൂലൈ 31നാണ് ഒളിമ്പിക്സിലെ ക്വാളിഫൈയിങ് മത്സരം. ആഗസ്റ്റ് രണ്ടിന് ഫൈനൽ നടക്കുമെന്നും മുരളി പറഞ്ഞു. പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ അവസാന വർഷ ബി.എസ്സി വിദ്യാർഥിയാണ് ശ്രീശങ്കർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.