ടോക്യോ: ഇസ്രായേലുമായുള്ള മത്സരം ഒഴിവാക്കാൻ ടോക്കിയോ ഒളിംപിക്സിൽ നിന്നും പിന്മാറിയ അൾജീരിയൻ ജൂഡോ താരം ഫതഹി നൗറിന് 10 വർഷം വിലക്ക്. താരത്തിനൊപ്പം പരിശീലകനെയും അന്താരാഷ്ട്ര ജുഡോ ഫെഡറേഷൻ വിലക്കിയിട്ടുണ്ട്.
രാഷ്ട്രീയവും മതപരവുമായ പ്രചാരണത്തിനും പ്രതിഷേധത്തിനുമുള്ള ഒരു വേദിയായി ഇരുവരും ഒളിമ്പിക്സ് വേദി ഉപയോഗപ്പെടുത്തിയെന്ന് ഐ.ജെ.എഫ് വ്യക്തമാക്കി. ഒളിമ്പിക്സ് ചട്ടങ്ങളുടെ ലംഘനമാണിതെന്നും ഫെഡറേഷൻ ഗവേണിങ് ബോഡി വ്യക്തമാക്കി.
പുരുഷൻമാരുടെ 73 കിലോ വിഭാഗത്തിലെ ആദ്യ റൗണ്ടിൽ സുഡാൻ താരം മുഹമ്മദ് അബ്ദുൽ റസൂലുമായിട്ടായിരുന്നു ഫതഹിയുടെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. അതിൽ ജയിച്ചാൽ അടുത്ത റൗണ്ടിൽ ഇസ്രായേലി താരം തോഹർ ബുത്ബുളുമായാണ് ഏറ്റുമുട്ടേണ്ടത്. അതൊഴിവാക്കാനാണ് ഫതഹി നൗറിൻ മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്.
2031 ജൂലൈ 23 വരെ ഐ.ജെ.എഫ് സംഘടിപ്പിക്കുന്ന മത്സരങ്ങളിലും പരിപാടികളിം ഇരുവർക്കും പങ്കെടുക്കാനാകില്ല. ഫലസ്തീൻ പോരാട്ടത്തിനുള്ള തെൻറ രാഷ്ട്രീയ പിന്തുണ ഇസ്രയേലുമായി മത്സരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്നാണ് ഫതഹി നൗറിൻ അൾജീരിയൻ ടെലിവിഷനോട് പറഞ്ഞത്. " ഒരുപാട് പരിശ്രമിച്ചിട്ടാണ് ഒളിംപിക്സിലെത്തിയത്. എന്നാൽ ഫലസ്തീൻ പോരാട്ടം എല്ലാത്തിലും വലുതാണ്" - അദ്ദേഹം പറഞ്ഞു.
ഫതഹി നൗറിനെയും കോച്ച് അമർ ബെനിഖ്ലഫിനെയും അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ താൽക്കാലികമായി സസ്‍പെൻഡ് ചെയ്തിരുന്നു. അൾജീരിയൻ ഒളിമ്പിക് കമ്മിറ്റി രണ്ടുപേരുടെയും അക്രഡിറ്റേഷൻ പിൻവലിച്ച് ഇരുവരെയും നാട്ടിലേക്കയച്ചു.
ഇതാദ്യമായല്ല ഫതഹി മത്സരത്തിൽ നിന്നും ഇത്തരത്തിൽ പിന്മാറുന്നത്. ഇസ്രായേലുമായുള്ള മത്സരം ഒഴിവാക്കാൻ 2019 ൽ ടോക്കിയോയിൽ നടന്ന ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ നിന്നും താരം പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.