ബുഡപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്വപ്നങ്ങൾ ചുമലിലേറ്റി എം. ശ്രീശങ്കറും ജെസ്വിൻ ആൽഡ്രിനും ബുധനാഴ്ച ഇറങ്ങുന്നു. ഇന്ത്യൻ സമയം ഉച്ചക്ക് 2.45ന് ആരംഭിക്കുന്ന പുരുഷ ലോങ് ജംപ് യോഗ്യത മത്സരത്തിൽ ഇരുവരും മാറ്റുരക്കും. കഴിഞ്ഞവർഷം യൂജീനിൽ പാലക്കാട്ടുകാരൻ ശ്രീശങ്കർ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഫൈനലിൽ ഏഴാം സ്ഥാനമാണ് ലഭിച്ചത്. ജെസ്വിന് മെഡൽപോരാട്ടത്തിന് യോഗ്യത നേടാനുമായില്ല. ഇക്കുറി രണ്ടുപേരും ഫൈനൽ പ്രതീക്ഷയിലാണ്. ഇരുവരുടെ മികച്ച വ്യക്തിഗതപ്രകടനങ്ങൾ നോക്കുമ്പോൾ ഇന്ത്യയുടെ മെഡൽ സ്വപ്നം അതിമോഹവുമല്ല.
രണ്ട് ഗ്രൂപ്പുകളിലായി 39 പേരാണ് യോഗ്യത റൗണ്ടിൽ മത്സരിക്കുന്നത്. ശ്രീശങ്കർ ഉൾപ്പെട്ട ഗ്രൂപ് എയിൽ 20ഉം ജെസ്വിനടങ്ങിയ ബിയിൽ 19ഉം പേർ. 8.15 മീറ്റർ ചാടിയാൽ ഫൈനലിലേക്ക് സ്വമേധയാ യോഗ്യത ലഭിക്കും. അല്ലെങ്കിൽ ഏറ്റവും മികച്ച 12 പേരെ പരിഗണിക്കും. 2022ൽ എട്ട് മീറ്റർ ചാടി ഏഴാമനായി ഫൈനലിൽ കടന്ന ശ്രീശങ്കർ മെഡൽ മത്സരത്തിൽ 7.96ലൊതുങ്ങി. ഫൈനലിലും ഏഴാം സ്ഥാനം. യോഗ്യത റൗണ്ടിൽ 20ാമനായിരുന്നു ജെസ്വിൻ (7.79). നിലവിലെ സീസണിൽ ലോകത്തുതന്നെ ഏറ്റവും മികച്ച പ്രകടനം ജെസ്വിന്റെതാണ്, 8.42 മീറ്റർ. 8.41 മീറ്ററുമായി ശ്രീശങ്കർ രണ്ടാംസ്ഥാനത്തുമുണ്ട്. ഇരുവരും ഇന്ത്യയിലാണ് ഈ പ്രകടനങ്ങൾ നടത്തിയത്. ഹംഗേറിയൻ സാഹചര്യത്തിൽ ഇത് ആവർത്തിക്കാനായാൽ അത് ചരിത്രമാകും. വ്യാഴാഴ്ചയാണ് ഫൈനൽ.
ബുഡപെസ്റ്റ്: ലോക അത്ലറ്റിക് മീറ്റിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണമണിഞ്ഞ് അമേരിക്കയുടെ ഷാ കാരി റിച്ചാഡ്സൻ. 10.65 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കി ചാമ്പ്യൻഷിപ് റെക്കോഡോടെയാണ് താരം ഒന്നാമതെത്തിയത്. ജമൈക്കയുടെ ഷെരിക്ക ജാക്സൻ വെള്ളിയും നിലവിലെ ചാമ്പ്യൻ ഷെല്ലി ആൻഫ്രേസർ വെങ്കലവും നേടി. കഴിഞ്ഞ വർഷം ഷെല്ലി ആൻഫ്രേസർ സ്ഥാപിച്ച റെക്കോഡിനെ 0.02 സെക്കൻഡ് വ്യത്യാസത്തിലാണ് 23കാരി മറികടന്നത്.
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ടോക്യോ ഒളിമ്പിക്സിലും കഴിഞ്ഞവർഷം യൂജിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാൻ ഷാ കാരിക്ക് കഴിഞ്ഞിരുന്നില്ല. ആദ്യത്തെ പ്രധാന നേട്ടമാണിത്. 200 മീറ്റർ ജേത്രിയായ ഷെരിക്ക ജാക്സൻ 10.72 സെക്കന്‍ഡിൽ ഫിനിഷ് ചെയ്താണ് 100 മീറ്ററിൽ രണ്ടാമതെത്തിയത്. ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചുതവണ സ്വർണം നേടിയ ഷെല്ലി ആൻഫ്രേസര്‍ ഇത്തവണ 10.77 സെക്കൻഡിൽ മൂന്നാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.