പാരിസ്: യു.എസ് താരം നോഹ ലൈൽസ് പാരിസ് ഒളിമ്പിക്സിലെ വേഗ രാജാവ്. പുരുഷ 100 മീറ്റർ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 9.79 സെക്കൻഡിലാണ് താരം ഫിനിഷിങ് ലൈൻ തൊട്ട് സ്വർണം നേടിയത്.
താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ്. സെമിയിൽ നോഹ ലൈൽസ് മൂന്നാം സ്ഥാനത്തായിരുന്നു. 9.83 സെക്കൻഡിലാണ് ഓടിയെത്തിയത്. 2004 ഒളിമ്പിക്സിൽ ജസ്റ്റിൻ ഗാട്‍ലിനുശേഷം 100 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ യു.എസ് താരമാണ് നോഹ. 2020ലെ ടോക്യോ ഒളിമ്പിക്സിൽ 200 മീറ്ററിൽ വെങ്കലം നേടിയിരുന്നു. താരത്തിന്‍റെ ആദ്യ ഒളിമ്പിക്സ് സ്വർണ നേട്ടമാണിത്. ജമൈക്കയുടെ കിഷെയ്ൻ തോംസൺ വെള്ളി നേടി. 9.79 (9.789) സെക്കൻഡിലാണ് മത്സരം പൂർത്തിയാക്കിയത്. സെക്കൻഡിന്‍റെ 5000ൽ ഒരു അംശത്തിനാണ് വെള്ളിയിലൊതുങ്ങിയത്.
യു.എസിന്‍റെ തന്നെ ഫ്രെഡ് കെർലിക്കിനാണ് വെങ്കലം (9.81). ടോക്യോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായിരുന്നു. നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ മാർസൽ ജേക്കബ്സിന് മെഡൽ നേടാനായില്ല. 9.85 സെക്കൻഡിൽ ഓടിയെത്തിയ താരം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ദക്ഷിണാഫ്രിക്കയുടെ അകാനെ സിംപിനെ 9.82 സെക്കൻഡിൽ ഓടിയെത്തി നാലാം സ്ഥാനം സ്വന്തമാക്കി. ബോട്സ്വാനയുടെ ലെറ്റ്സിൽ ടെബോഗോ (9.86), യു.എസ്.എയുടെ കെന്നി ബെഡ്നറിക് (9.88), ജമൈക്കൻ താരം ഒബ്ലിക് സെവില്ല (9.91) എന്നിവരാണ് യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലെത്തിയത്.
ഒളിമ്പിക്സിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് പാരിസ് വേദിയായത്. ആദ്യ എട്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത താരങ്ങളെല്ലാം റെക്കോഡ് പ്രകടനമാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.