കൊച്ചി: പ്രൈം വോളിബാള്‍ ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ തോൽപിച്ച് ബംഗളൂരു ടോർപിഡോസ് ഫൈനലില്‍ കടന്നു. 3-1നാണ് ടോർപിഡോസിന്റെ വിജയം. സ്‌കോര്‍: 15-10, 10-15, 15-13, 15-10.
ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ കാലിക്കറ്റ് ഹീറോസ് അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. ലീഗ് റൗണ്ടില്‍ അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഏഴു മത്സരങ്ങളില്‍ അഞ്ചു വിജയങ്ങളുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, ഏഴു മത്സരങ്ങളില്‍ നാലു വിജയങ്ങളുമായി കാലിക്കറ്റ് ഹീറോസ് മൂന്നാം സ്ഥാനത്തെത്തി. ലീഗ് റൗണ്ടില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഹ്മദാബാദിനായിരുന്നു ജയം. ഏത് ടീമിനെയും നേരിടാനുള്ള വളരെയേറെ ആത്മവിശ്വാസം റോബിന്‍ റൗണ്ട് ഘട്ടത്തില്‍ തങ്ങള്‍ നേടിയിട്ടുണ്ടെന്ന് സെമിഫൈനലിനു മുന്നോടിയായി കാലിക്കറ്റ് ഹീറോസ് സെറ്റര്‍ മോഹന്‍ ഉക്രപാണ്ഡ്യന്‍ പറഞ്ഞു.
ലീഗില്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയതുപോലെ സെമിഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് ടീമംഗങ്ങളും വിശ്വസിക്കുന്നത്. മുന്‍മത്സരങ്ങളില്‍ വരുത്തിയ പിഴവുകളില്‍നിന്ന് ടീം പാഠം പഠിച്ചെന്നും അവ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഉക്രപാണ്ഡ്യന്‍ പറഞ്ഞു. അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സ് എങ്ങനെ കളിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം, അവര്‍ അവരുടെ മികവ് കാത്തുസൂക്ഷിക്കുന്നുണ്ട് -അദ്ദേഹം പറഞ്ഞു. എല്ലാ തലത്തിലും ബംഗളൂരു ടോർപിഡോസിനെ അപേക്ഷിച്ച് കാലിക്കറ്റ് കൂടുതല്‍ ശക്തരായ എതിരാളികളാണെന്ന് അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ സ്റ്റാര്‍ പ്ലെയർ അംഗമുത്തു രാമസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.