ന്യൂഡൽഹി: വിഖ്യാത ബ്രസീലിയൻ ഫുട്ബാളറും 2002 ലോകകപ്പ് ജയിച്ച ടീമിൽ അംഗവുമായ റൊണാൾഡിഞ്ഞോ ഇന്ത്യയിൽ ക്രിക്കറ്റിന്റെ പ്രചാരത്തിന് രംഗത്തിറങ്ങുന്നു. 'പവർ സ്പോർട്സ്' എന്ന ലൈവ് ഡിജിറ്റൽ സ്പോർട്സ് ചാനൽ കമ്പനിയുമായി സഹകരിച്ചാണ് റൊണാൾഡിഞ്ഞോ ക്രിക്കറ്റിന്റെ പ്രചാരത്തിനായി ബാറ്റുവീശുന്നത്. എൻ.ആർ.ഐ ഫെസ്റ്റിവലിന്റെയും സ്പോർട്സ് മഹോത്സവിന്റെയും ഭാഗമായി പവർ സ്പോർട്സ് സംഘടിപ്പിക്കുന്ന ഗ്ലോബൽ പവർ ക്രിക്കറ്റ് ലീഗിന്റെ പ്രചാരണമാണ് റൊണാൾഡിഞ്ഞോയുടെ നേതൃത്വത്തിൽ നടക്കുക.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന 'ആസാദി കാ അമൃദ് മഹോത്സവി' നോടനുബന്ധിച്ചാണ് ജി.പി.സി.എൽ എന്ന പേരിൽ ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ രണ്ടുമുതൽ ഒമ്പതു വരെ ന്യൂഡൽഹിയിലെ യമുന സ്പോർട്സ് കോംപ്ലക്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ. ജി.പി.സി.എൽ ഉദ്ഘാടന എഡിഷൻ ഇക്കുറി ഇന്ത്യയിലാണ് നടക്കുന്നത്. തുടർന്നുള്ള എ ഡിഷനുകൾ ഗൾഫ് രാജ്യങ്ങൾ, യു.എസ്.എ, കനഡ, യു.കെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി നടക്കും.
ക്രിക്കറ്റിന്റെ പ്രചാരത്തിനായി ഇന്ത്യയിലെത്തുന്ന റൊണാൾഡിഞ്ഞോ പക്ഷേ, കൂടുതൽ ആവേശം കൊള്ളിക്കുന്നത് രാജ്യത്തെ ഫുട്ബാൾ ആരാധകരെയാകും. ബ്രസീലിന്റെയും ബാഴ്സലോണ ഉൾപെടെ ക്ലബുകളുടെയും കുപ്പായത്തിൽ കണ്ണഞ്ചിക്കുന്ന കളി കെട്ടഴിച്ച 42കാരന് ഇന്ത്യയിൽ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.
ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, യു.എസ്.എ, അയർലൻഡ്, സ്കോട്‍ലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളാണ് ജി.പി.സി.എല്ലിൽ മാറ്റുരക്കുന്നത്. നാലു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് പോരാട്ടം. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ടു ടീമുകൾ സെമിയിലെത്തും.
ഇന്ത്യൻ സഫയേഴ്സ്, ആസ്ട്രേലിയൻ ഗോൾഡ്സ്, ഇംഗ്ലീഷ് റെഡ്സ്, അമേരിക്കൻ ഇൻഡിഗോസ്, ഐറിഷ് ഒലിവ്സ്, സ്കോട്ടിഷ് മൾബറീസ്, സൗത്ത് ആഫ്രിക്കൻ എമറാൾഡ്സ്, ശ്രീലങ്കൻ വയലറ്റ്സ് എന്നിങ്ങനെയാണ് ടീമുകളുടെ പേര്. മുനാഫ് പട്ടേൽ, യൂസുഫ് പത്താൻ, ഇയാൻ ബെൽ, ഗുൽബദിൻ നായിബ്, കല്ലം ഫെർഗൂസൻ, നരസിംഹ് ദിയോനാരായൺ, ദിൽഷൻ മുനവീര, കിർക് എഡ്വാർഡ്സ് എന്നിവരാണ് മാർക്വീ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.