കൊച്ചി: തീപാറുന്ന സ്മാഷുകളിൽ കളി മാറിമറിഞ്ഞ പ്രൈം വോളിയുടെ രണ്ടാം സീസണിൽ കിരീടം ചൂടി അഹ്മദാബാദ് ഡിഫൻഡേഴ്സ്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു ടോർപ്പിഡോസിനെ 3-2ന് തോൽപിച്ചാണ് മിന്നും വിജയം ടീം സ്വന്തമാക്കിയത്. സ്കോർ 7-15, 10-15, 20-18, 15-13, 10-15. ഏകപക്ഷീയമായി ആദ്യ രണ്ടു സെറ്റും സ്വന്തമാക്കിയ ഡിഫൻഡേഴ്സിനെ പിന്നെയുള്ള രണ്ടു സെറ്റുകളിൽ ടോർപ്പിഡോസ് പിടിച്ചുകെട്ടിയെങ്കിലും അവസാന സെറ്റിൽ കോർട്ടിൽ തീപ്പൊരി പ്രകടനത്തിനൊടുവിൽ അഹ്മദാബാദ് വിജയകിരീടത്തിൽ മുത്തമിട്ടു.
ആദ്യ സെറ്റിന്റെ തുടക്കം ബംഗളുരു ടോർപ്പിഡോസിന് അനുകൂലമായിരുന്നു. ആ ആവേശം കൈവിട്ട കളിയായിരുന്നു പിന്നീട്. ഡിഫൻഡേഴ്സിന്റെ യൂനിവേഴ്സൽ താരം അംഗമുത്തു രാമസ്വാമിയുടെ സ്മാഷുകളിൽ ടോർപ്പിഡോസിന് പിടിച്ചുനിൽക്കാനായില്ല. ഇറാനിയൻ ബ്ലോക്കർ ഡാനിയലും നന്ദഗോപാലും ഉണർന്നതോടെ സെറ്റ് ഡിഫൻഡേഴ്സ് സ്വന്തമാക്കി. യൂനിവേഴ്സൽ താരം ഐബിൻ ജോസിലും അറ്റാക്കർ പങ്കജ് ശർമയിലും മാത്രമൊതുങ്ങി ബംഗളൂരുവിന്റെ പ്രതിരോധം. ആദ്യ സെറ്റ് കിട്ടിയതിന്റെ ആവേശത്തിൽ തന്നെയായിരുന്നു രണ്ടാം സെറ്റിലും അഹ്മദാബാദ് മുന്നേറിയത്. എന്നാൽ, ബംഗളൂരു തിരിച്ചടി തുടങ്ങിയതോടെ ഡിഫൻഡേഴ്സ് വിയർത്തു. മുജീബും സ്വെടെലിനും ബംഗളൂരുവിനെ നയിച്ചു. കളി ഒപ്പത്തിനൊപ്പം. പക്ഷേ, ഡിഫൻഡേഴ്സിന്റെ രക്ഷകരായി അംഗമുത്തുവും നന്ദഗോപനും എത്തിയതോടെ രണ്ടാം സെറ്റും അനായാസം അഹ്മദാബാദിന് സ്വന്തമായി.
മൂന്നാം സെറ്റിൽ ഒരു തിരിച്ചുവരവ് എന്ന ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ബംഗളൂരുവിനെയാണ് കോർട്ടിൽ കണ്ടത്. ഇരു ടീമുകളും മികച്ച ഗെയിം എടുത്തതോടെ കോർട്ടും ഗാലറിയും ആവേശത്തിരയിൽ. വെടിച്ചില്ലുപോലുള്ള എസ്. സന്തോഷിന്റെ സ്മാഷിൽ ഡിഫൻഡേഴ്സ് കുതിച്ചെങ്കിലും അശ്വത് പാണ്ഡ്യരാജിലൂടെ ബംഗളൂരു കളി അനുകൂലമാക്കി. നന്ദകുമാറിന്റെ സർവിസും ലക്ഷ്യം തെറ്റി പുറത്തേക്ക് പറന്ന അംഗമുത്തുവിന്റെ സ്മാഷും ഡിഫൻഡേഴ്സിനെ തകർത്തു. സെറ്റ് ബംഗളൂരു തിരിച്ചുപിടിച്ചതോടെ കളി മുറുകി. അംഗമുത്തു- ഡാനിയേൽ-നന്ദഗോപാൽ ത്രയത്തിൽ മുന്നേറിയ ഡിഫൻഡേഴ്സ് നാലാം സെറ്റിലും വീറുകാണിച്ചു. ഇറാനിയൻ അറ്റാക്കർ അലിറെസ അബലൂച്ചും സേതുവും കളി ബംഗളൂരുവിന് അനുകൂലമാക്കിയതോടെ ഗാലറിയിൽ ആവശേത്തിരയിളകി. അഞ്ചാം സെറ്റ് ഡിഫൻഡേഴ്സ് സ്വന്തമാക്കിയതോടെ കിരീടമില്ലാതെ ബംഗളൂരുവിന് മടങ്ങേണ്ടിവന്നു. ആദ്യ സീസൺ ഫൈനലില്‍ ഡിഫന്‍ഡേഴ്സ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനോട് തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.