തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ യൂത്ത് അത്‍ലറ്റിക് മീറ്റിന് പിറകെ ആരംഭിച്ച സംസ്ഥാന സീനിയർ മീറ്റിൽ 123 പോയന്റുമായി എറണാകുളത്തിന്റെ തേരോട്ടം. 68ാമത് ഡോ. ടോണി ഡാനിയൽ മെമ്മോറിയൽ സീനിയർ അത്‍ലറ്റിക് മീറ്റിന്റെ ആദ്യദിനമായ ശനിയാഴ്ച എട്ട് സ്വർണം, ഏഴ് വെള്ളി, അഞ്ച് വെങ്കലം എന്നിവ നേടി 123 പോയന്റോടെയാണ് എറണാകുളം മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള കോട്ടയം ഒരു സ്വർണം, അഞ്ച് വെള്ളി എന്നിവയോടെ 72 പോയന്റ് നേടി. മൂന്നാം സ്ഥാനക്കാരായ പാലക്കാട് അഞ്ച് സ്വർണം, ഒരു വെള്ളി, നാല് വെങ്കലം എന്നിവയോടെ 65 പോയന്റാണ് നേടിയത്.
പുരുഷ വിഭാഗത്തിൽ എറണാകുളം ഒന്നാമതും മലപ്പുറം രണ്ടാമതും കോട്ടയം മൂന്നാമതുമാണ്. വനിത വിഭാഗത്തിലും എറണാകുളമാണ് മുന്നിൽ. കോട്ടയം രണ്ടും പാലക്കാട് മൂന്നും സ്ഥാനത്താണ്. മീറ്റിന്റെ ആദ്യ ദിനത്തിൽ ഡിസ്കസ് ത്രോയിൽ മീറ്റ് റെക്കോഡ് കുറിച്ചു. കാസർകോടിന്റെ അഖില രാജുവാണ് വനിതകളുടെ ഡിസ്കസ് ത്രോയിൽ 45.69 മീറ്റർ എറിഞ്ഞ് റെക്കോഡ് സ്ഥാപിച്ചത്. മീറ്റ് ഞായറാഴ്ച സമാപിക്കും.
സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റ് റിലേയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് പാലക്കാടിന്റെ ചുണക്കുട്ടികൾ. പുരുഷ വിഭാഗം 4x400 മീറ്ററിൽ സ്വർണവും 4x100 മീറ്ററിൽ വെള്ളിയും പാലക്കാടിന്റെ താരങ്ങൾ നേടി. വനിത വിഭാഗം 4x400 മീറ്ററിൽ സ്വർണവും 4x100 മീറ്ററിൽ വെള്ളിയുമാണ് പാലക്കാടിന്റെ നേട്ടം.
പുരുഷ വിഭാഗത്തിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണവും 400 മീറ്റർ വനിത വിഭാഗത്തിൽ വെങ്കലവും പാലക്കാടിനാണ്. സ്റ്റെഫി സാറ കോശിയാണ് വെങ്കലമണിഞ്ഞത്. 100 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ പ്രവീണയും 20 കിലോമീറ്റർ നടത്തത്തിൽ എസ്. സോണിയയും വെങ്കലമണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.