തൃക്കരിപ്പൂർ (കാസർകോട്): വെള്ളിയാഴ്ച ദുബൈയിൽ സമാപിച്ച പ്രശസ്തമായ ഹാഫ് അയൺമാൻ മത്സരത്തിൽ ചെറുവത്തൂർ കാടങ്കോട് സ്വദേശി ഷാഫി തയ്യിലിൻറെ(39) നേട്ടം ജില്ലക്ക് അഭിമാനമായി. നീന്തലും സൈക്ലിങ്ങും ദീർഘദൂര ഓട്ടവും സമന്വയിക്കുന്ന കടുകട്ടി കായികക്ഷമതാ മത്സരമാണ് 'അയൺമാൻ'. ജില്ലയിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെയാളാണ് ഷാഫി.
ദുബൈ ഭരണകൂടത്തിൻറെ പിന്തുണയോടെ അയൺമാൻ ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിച്ചത്. എട്ടരമണിക്കൂർ കൊണ്ട് പൂർത്തീകരിക്കാവുന്ന മത്സരം രണ്ടുമണിക്കൂർ ബാക്കിനിൽക്കേയാണ് ഷാഫി പൂർത്തീകരിച്ചത്. 1.9 കിലോമീറ്റർ നീന്തലും 90 കിലോമീറ്റർ സൈക്ലിങും 21 കിലോമീറ്റർ ഓട്ടവുമാണ് ഹാഫ് അയൺമാൻ കടമ്പകൾ. ജുമൈറ കടലിലായിരുന്നു നീന്തൽ.
പിന്നീട് വേഷം മാറി സൈക്കിളിലേക്ക്. അൽ ഖുദ്റയിലേക്കും തിരിച്ചുമായിരുന്നു യാത്ര. പിന്നീട് പൊരിവെയിലിൽ 21 കിലോമീറ്റർ ഓടിയെത്തിയാണ് ദുബൈയിൽ ഐ.ടി കമ്പനി നടത്തുന്ന ഷാഫി മെഡലിൽ മുത്തമിട്ടത്. ജീവിത ശൈലി രോഗങ്ങളെ ചെറുക്കാൻ വ്യായാമം പതിവാക്കിയ ഷാഫി നേരത്തെ നഗ്നപാദനായി ജബൽ ജൈസ് മല കയറിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നായ ജബൽ ജെയ്‌സിന് 1800 മീറ്റർ ഉയരമുണ്ട്.
80 രാജ്യങ്ങളിൽ നിന്നുള്ള 1800 ഓളം മത്സരാർത്ഥികളാണ് പങ്കെടുത്തത്. വരുന്ന ആഗസ്റ്റിൽ കസാഖിസ്ഥാനിൽ നടക്കുന്ന ഫുൾ അയൺമാൻ മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഷാഫി. കാടങ്കോട്ടെ മുഹമ്മദ് -ഹഫ്സത്ത് ദമ്പതിമാരുടെ മകനാണ്. ഭാര്യ: ഷമീല. മക്കൾ: ആയിഷ, അലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.