തേഞ്ഞിപ്പലം: സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയം വേദിയാകുമ്പോള്‍ ഈ കളിക്കളത്തില്‍നിന്ന് ഉയര്‍ന്നുവന്ന താരങ്ങള്‍ക്കും പറയാനേറെയുണ്ട്. സര്‍വകലാശാലയുടെ ആസ്ഥാനമൈതാനമായതിനാല്‍ ഇന്‍റര്‍വാഴ്സിറ്റി മത്സരങ്ങള്‍ക്ക് മുമ്പ് ഒത്തുചേരുന്നതും പരിശീലനം നടത്തുന്നതും ഇവിടത്തെ മണ്‍ട്രാക്കിലായിരുന്നു. സുവര്‍ണറാണി പി.ടി. ഉഷക്കും ലോകചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേത്രി അഞ്ജു ബോബി ജോര്‍ജിനും മേഴ്സിക്കുട്ടനുമെല്ലാം ഈ ട്രാക്ക് നിറയെ ഓര്‍മകളാണ്.
നൂറുകണക്കിന് സ്വര്‍ണം സ്വന്തമാക്കിയ പി.ടി. ഉഷക്ക് ഒരു സ്വര്‍ണം നഷ്ടമായ മൈതാനമാണിത്. സ്വര്‍ണമെഡലല്ല, സ്വര്‍ണമാലയാണെന്ന് മാത്രം. 1985ലെ ജകാര്‍ത്ത ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റിന് മുമ്പ് ഒരു മാസക്കാലം പരിശീലനത്തിനത്തെിയപ്പോഴാണ് ‘സ്വര്‍ണ നഷ്ടം’. സര്‍വകലാശാല അതിഥി മന്ദിരത്തിലായിരുന്നു താമസം. ഒ.എം. നമ്പ്യാര്‍ക്ക് കീഴിലായിരുന്നു പരിശീലനം. അതിനുംമുമ്പ് മേഴ്സി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ 81-82 കാലത്ത് ഇവിടെ പരിശീലിച്ചിരുന്നു. അന്തര്‍ സര്‍വകലാശാല മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പിനായിരുന്നു ആ വരവ്. റിലേ മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു തേഞ്ഞിപ്പലത്തത്തെിയത്.
ഇന്നത്തെക്കാള്‍ വിശാലമായ മൈതാനത്ത് യൂനിവേഴ്സിറ്റിയില്‍ ഡോ. മുഹമ്മദ് അഷ്റഫും എന്‍.എസ്. കൈമളും പരിശീലകരായുണ്ടായിരുന്നു. കാലിക്കറ്റിന്‍െറ സുവര്‍ണകാലമായിരുന്നു അത്. സിന്തറ്റിക് ട്രാക്ക് ആയി മാറിയതോടെ ഈ മൈതാനത്തിന് സൗന്ദര്യത്തിനൊപ്പം ഗുണവും കൂടിയെന്ന് ഉഷ പറയുന്നു.
1992 മുതല്‍ 98 വരെ തൃശൂര്‍ വിമല കോളജില്‍ പഠിക്കുമ്പോള്‍ തേഞ്ഞിപ്പലത്ത് ക്യാമ്പിനത്തെുന്നത് അഞ്ജു ബോബി ജോര്‍ജ് മറന്നിട്ടില്ല. എന്‍.എസ്.കൈമളായിരുന്നു സര്‍വകലാശാല കോച്ച്. ജിന്‍സി ഫിലിപ്പ്, മഞ്ജിമ കുര്യാക്കോസ്, ബോബി അലോഷ്യസ്, ലേഖ തോമസ്, രാമചന്ദ്രന്‍, ലിജോ ഡേവിഡ് തോട്ടാന്‍ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങള്‍ ക്യാമ്പിലുണ്ടായിരുന്നു. വിമലയില്‍ ടി.പി. ഒൗസേപ്പും പി.ജെ. ജോര്‍ജും പരിശീലകരായുണ്ടായിരുന്നു.
കോരുത്തോട് സ്കൂളില്‍നിന്നാണ് അന്ന് വിമലയിലത്തെിയത്. 92ല്‍ പാലായില്‍ നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ ലോങ്ജംപ്, ഹൈജംപ്, 400 മീറ്റര്‍ ഹര്‍ഡ്ല്‍സ് എന്നീയിനങ്ങളില്‍ സ്വര്‍ണം നേടി വ്യക്തിഗത ജേതാവായതിന്‍െറ പകിട്ടിലായിരുന്നു കോളജ്തലത്തിലേക്കുയര്‍ന്നത്. പഴയ മണ്‍ട്രാക്കിന് പകരം പുതുപുത്തന്‍ സിന്തറ്റിക് ട്രാക്കില്‍ കൗമാരതാരങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയാണ് അഞ്ജുവിന്.
സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് കൂടിയായ മേഴ്സിക്കുട്ടനും (അന്ന് മേഴ്സി മാത്യു) കാലിക്കറ്റിലെ മൈതാനം പ്രിയപ്പെട്ടതാണ്. 400 മീറ്റര്‍ റിലേയിലും ലോങ്ജംപിലും ഇന്‍റര്‍വാഴ്സിറ്റി മേളകളില്‍ മെഡല്‍ നേടാന്‍ ഒരുക്കം നടത്തിയ കളിയിടം. ശ്രീകുമാരിയും ഉഷയും എം.ഡി. വത്സമ്മയുമടക്കമുള്ള താരങ്ങളും കൂടെയുണ്ടായിരുന്നു. അന്തര്‍ സര്‍വകലാശാല മത്സരങ്ങളടക്കം അരങ്ങേറിയ ട്രാക്കില്‍ ആദ്യമായി സംസ്ഥാന സ്കൂള്‍ മേളവരുമ്പോള്‍ മേഴ്സിക്കുട്ടന്‍ അക്കാദമിയില്‍നിന്നും താരങ്ങളത്തെുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.