ന്യൂഡല്‍ഹി: വിജേന്ദര്‍ സിങ് ഇതുവരെ കാണാത്ത ഇടി ഇന്നു കാണാമെന്ന് ആസ്ട്രേലിയക്കാരനായ കെറി ഹോപ്. എങ്കില്‍ ഇന്ന് റിങ്ങില്‍ കാണാമെന്ന് വിജേന്ദറിന്‍െറ മറുപടി. റിങ്ങില്‍ പോരാട്ടത്തിന് വിസില്‍ മുഴങ്ങുംമുമ്പേ വാക്കുകളുടെ ഇടിപ്പന്തം തീര്‍ത്ത ബോക്സിങ് പോരാട്ടം ഇന്ന്.
അമച്വറില്‍നിന്ന് പ്രഫഷനല്‍ ബോക്സിങ് റിങ്ങിലേക്ക് കൂടുമാറിയ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്ങിന് ശനിയാഴ്ച സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ആദ്യ കിരീടപ്പോരാട്ടം. ലോക ബോക്സിങ് കൗണ്‍സിലിന്‍െറ ഏഷ്യ-പസഫിക് സൂപ്പര്‍ മിഡ്ല്‍വെയ്റ്റ് ചാമ്പ്യന്‍പട്ടത്തിനായുള്ള പോരാട്ടത്തില്‍ ആസ്ട്രേലിയയുടെ കെറി ഹോപാണ് എതിരാളി. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴിന് തലസ്ഥാന നഗരിയിലെ ത്യാഗരാജ സ്റ്റേഡിയത്തിലെ മത്സരത്തിന് സാക്ഷികളാവാന്‍ കായിക ഇതിഹാസങ്ങള്‍ മുതല്‍ രാഷ്ട്രീയ-ബോളിവുഡ് താരനിരയുമത്തെും. ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവ്, യുവരാജ് സിങ്, വിരേന്ദര്‍ സെവാഗ്, സുരേഷ് റെയ്ന, ഗൗതം ഗംഭീര്‍, ഒളിമ്പിക്സ് മെഡല്‍ ജേതാവ് സുശില്‍ കുമാര്‍, ബോക്സിങ് ലോകചാമ്പ്യന്‍ മേരികോം, ബോളിവുഡ് താരങ്ങളായ ഇര്‍ഫാന്‍ ഖാന്‍, രണ്‍ദീപ് ഹൂഡ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, രാഹുല്‍ ഗാന്ധി, അമിത് ഷാ എന്നിവര്‍ക്കു പുറമെ കേന്ദ്ര മന്ത്രിമാരും കാണികളായത്തെും. ഇന്ന് ജയിച്ചാല്‍ ലോക ബോക്സിങ് ഓര്‍ഗനൈസേഷന്‍ റാങ്കിങ്ങില്‍ ആദ്യ 15ല്‍ വിജേന്ദര്‍ ഇടംനേടും.
ഒരു വര്‍ഷം മുമ്പ് മാത്രം പ്രഫഷനല്‍ റിങ്ങില്‍ അരങ്ങേറ്റം കുറിച്ച 30കാരനായ വിജേന്ദര്‍ ആറു മത്സരവും ജയിച്ചാണിറങ്ങുന്നത്. ആറും നോക്കൗട്ട് ജയവും. അതേസമയം, മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ കെറി ഹോപ് പരിചയസമ്പന്നനായ എതിരാളിയാണ്. 23 ജയവും ഏഴു തോല്‍വിയുമുള്ള ഹോപ് വെയ്ല്‍സില്‍നിന്ന് ആസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു.

‘ഇന്നത്തെ മത്സരം വരെ കാത്തിരിക്കാനാവില്ല. ആറു വര്‍ഷത്തിനു ശേഷമാണ് നാട്ടുകാര്‍ക്കു മുന്നില്‍ മത്സരിക്കുന്നത്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു അവസാനമായി ഇവിടെ മത്സരിച്ചത്. തിരിച്ചുവരവ് ആവേശഭരിതമാക്കുന്നു’ -ഇടിക്കൂട്ടിലേക്ക് ഒരുങ്ങും മുമ്പ് വിജേന്ദറിന്‍െറ വാക്കുകള്‍.
എന്നാല്‍, റിങ്ങിലത്തെും മുമ്പേ എതിരാളിയെ വാക്കുകളില്‍ ഇടിച്ചിടുകയാണ് ഹോപ്. ‘വിജേന്ദര്‍ ഇതുവരെ കാണാത്തത് ഇന്നു കാണാം. അതിനായി കഠിനമായി പരിശീലിച്ചാണ് വരുന്നത്’ -ഹോപിന്‍െറ വെല്ലുവിളി. എന്നാല്‍, വാക്പയറ്റിലല്ല, റിങ്ങിലാണ് പോരാട്ടമെന്നായിരുന്നു വിജേന്ദറിന്‍െറ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.