ഗ്ലാസ്ഗോ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം ഫൈനൽ എന്ന സൈന നെഹ്വാളിെൻറ മോഹങ്ങൾ ജപ്പാൻ തടയിൽ തട്ടിവീണു. മൂന്ന് ഗെയിം നീണ്ട ആവേശകരമായ സെമി പോരാട്ടത്തിൽ ഏഴാം സീഡായ ജാപ്പനീസ് താരം നൊസോമി ഒകുഹര സൈനയെ കീഴടക്കി. ആദ്യ ഗെയിം ജയിച്ച് രണ്ടാം ഗെയിമിൽ വിജയത്തിനരികിലെത്തിയ സൈനയെ പിടിച്ചുകെട്ടി കളിയിൽ തിരിച്ചെത്തിയ െനാസോമി മൂന്നാം ഗെയിം ഏകപക്ഷീയമായി സ്വന്തമാക്കി ഫൈനലിൽ ഇടംപിടിച്ചു. സ്കോർ: 21-12, 17-21, 10-21. ഇതോടെ സൈനയുടെ കുതിപ്പ് വെങ്കലത്തിലൊതുങ്ങി. 2015 ജകാർത്ത ലോക ചാമ്പ്യൻഷിപ്പിൽ സൈന വെള്ളി നേടിയിരുന്നു. പി.വി. സിന്ധു-ചെൻ യുഫി രണ്ടാം സെമിയിലെ വിജയിയാവും ഞായറാഴ്ചത്തെ കിരീടപ്പോരാട്ടത്തിൽ ഒകുഹരയുടെ എതിരാളി.
പുരുഷവിഭാഗം സിംഗ്ൾസിൽ ചൈനയുടെ ചെൻലോങ്ങിനെ വീഴ്ത്തി ഡെന്മാർക്കിെൻറ മൂന്നാം നമ്പറുകാരൻ വിക്ടർ അക്സൽസൻ ഫൈനലിൽ കടന്നു. 21-9, 21-10 സ്കോറിനായിരുന്നു ജയം. ഒന്നാം നമ്പർ സൺ വാൻ ഹു-മുൻ ചാമ്പ്യൻ ലിൻഡാൻ മത്സരത്തിലെ വിജയിയാവും ഞായറാഴ്ചത്തെ ഫൈനലിൽ അക്സൽസെൻറ എതിരാളി.ഉറപ്പിച്ച ജയമായിരുന്നു സൈനയിൽനിന്നും വഴുതിപ്പോയത്. മുമ്പ് ഏഴുതവണ ജപ്പാൻകാരിയെ നേരിട്ടപ്പോൾ ആറിലും ജയിച്ചതിെൻറ ആത്മവിശ്വാസവും ഇന്ത്യക്കാരിക്കുണ്ടായിരുന്നു. ഒന്നാം ഗെയിമിൽ എതിരാളിയെ കോർട്ടിെൻറ നാലു ദിക്കിലും പായിച്ച സൈന വ്യക്തമായ മേധാവിത്വത്തോടെ തന്നെ ലീഡ് നേടി. 6-3ന് തുടങ്ങിയ താരം 12-6ന് മുൻതൂക്കം നേടി, ഒടുവിൽ 21-12ന് അനായാസം ഗെയിം പിടിച്ചു.
രണ്ടാം ഗെയിമിൽ തളരാതെയായിരുന്നു ഒകുഹരയുടെ തിരിച്ചടി. കോർട്ടിെൻറ ഏത് കോണിൽ വീഴുന്ന കോക്കും ഒാടിയെടുത്ത ജപ്പാൻ താരം സൈനക്കുമേൽ സമ്മർദം സൃഷ്ടിച്ചുതുടങ്ങി. 4-0ത്തിന് തുടങ്ങി തുടക്കത്തിൽ സൈന 9-5ന് ലീഡ് പിടിച്ചപ്പോൾ ഫൈനൽ പ്രവേശനം എളുപ്പമെന്ന് കരുതി. പക്ഷേ, തുടർച്ചയായി നെറ്റ്ഷോട്ടിൽ പോയൻറ് വാരിയ ഒകുഹര കളിയിലേക്ക് തിരിച്ചുവരുന്നതാണ് കണ്ടത്. കളി ഇഞ്ചോടിഞ്ചായി മാറി. ഇരുവരും ഒപ്പത്തിനൊപ്പം സ്കോർ ചെയ്തു. ഒടുവിൽ സൈനയെ മറികടന്ന ജപ്പാൻ കാരി തുടർച്ചയായി മൂന്ന് പോയൻറുകളിൽ ഗെയിം പിടിച്ചെടുത്ത് ആവേശകരമാക്കി. ഇതോടെ, മൂന്നാം ഗെയിം ഫൈനൽ പോരാട്ടമായി. തുടക്കത്തിൽ സൈനക്കായിരുന്നു ലീഡ് (3-1). പക്ഷേ, നീണ്ട റാലികളിലൂടെ കോർട്ട് നിറഞ്ഞ ഒകുഹര സർവ് കൈവിടാതെ കൊടുങ്കാറ്റായി മാറി. ഒറ്റ നിൽപിൽ വാരിയെടുത്തത് ഒമ്പത് പോയൻറ്. 10-1ന് ഒകുഹര ലീഡ് പിടിച്ചപ്പോൾ സൈന തളർന്നു. പിന്നീട് ഒരിക്കൽപോലും കളിയിൽ തിരിച്ചെത്താൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. ഇതിനിടെ ഒറ്റപ്പെട്ട പോയൻറുകൾ സമ്പാദിച്ചെങ്കിലും എതിരാളിക്കുമേൽ വെല്ലുവിളി തീർക്കാനായില്ല. ഇതോടെ വനിതകളിൽ ഇന്ത്യൻ ഫൈനൽ എന്ന സ്വപ്നം പൊലിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.