മുഷ്താഖ് അലി ട്വൻറി-20: പഞ്ചാബിനെ വീഴ്ത്തി കേരളം സൂപ്പർലീഗിൽ

കൊച്ചി: ആസ്ട്രേലിയയിലേക്ക് പറക്കാനൊരുങ്ങുന്ന യുവരാജ് സിങ്ങിന്‍െറ വെടിക്കെട്ട് ബാറ്റിങ്ങിന് അതേനാണയത്തില്‍ സഞ്ജു വി. സാംസണിലൂടെ മറുപടി നല്‍കി കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി.44 പന്തില്‍ 55 റണ്‍സെടുത്ത യുവരാജ് സിങിനെ വകയായിരുന്നു കൊച്ചി കളമശ്ശേരി ഗ്രൗണ്ടിലെ ആദ്യ വെടിക്കെട്ട്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 135 റണ്‍സെടുത്ത് മടങ്ങി. മറുപടിബാറ്റിങ്ങിനിറങ്ങിയ കേരളം സഞ്ജുവിലൂടെ റണ്‍പൂരത്തിന്‍െറ രണ്ടാം ഭാഗത്തിന് തുടക്കമിട്ടു. 56 പന്തില്‍ 72 റണ്‍സെടുത്ത സഞ്ജു യുവിയേക്കാള്‍ മികച്ചു നിന്നപ്പോള്‍ കേരളം വിജയ ലക്ഷ്യം ഒരു പന്തും അഞ്ചു വിക്കറ്റും ബാക്കിനില്‍ക്കെ മറികടന്നു.

ചാമ്പ്യന്‍ഷിപ്പിലെ തുടര്‍ച്ചയായി അഞ്ചാം ജയത്തോടെ, ഗ്രൂപ് ‘ബി’യില്‍ 20 പോയന്‍റുമായി കേരളം സൂപ്പര്‍ ലീഗിലേക്കും. ഗ്രൂപ് റൗണ്ടില്‍ ഒരു മത്സരം കൂടി ബാക്കിനില്‍ക്കെയാണ് ആതിഥേയരുടെ നോക്കൗട്ട് പ്രവേശം. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഈ മാസം 15ന് മുംബൈയില്‍ ആരംഭിക്കും. ഗ്രൂപ് ബിയില്‍ ഝാര്‍ഖണ്ഡ് രണ്ടാം സ്ഥാനത്തും സൗരാഷ്്ട്ര മൂന്നാം സ്ഥാനത്തുമാണ്. നാലു ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സൂപ്പര്‍ലീഗില്‍ ഏറ്റുമുട്ടുക. 2009ലാണ് ഇതിന് മുമ്പ് കേരളം നോക്കൗട്ട് റൗണ്ടിലത്തെിയത്.  

ഹര്‍ഭജന്‍ സിങ് നയിച്ച പഞ്ചാബിനെതിരെ കേരളത്തിനായിരുന്നു ടോസ് വിജയം. 54 റണ്‍സെടുത്ത യുവരാജ് സിങിനൊപ്പം പ്രഗത് സിങ് 35 റണ്‍സുമെടുത്തു. കേരളത്തിനുവേണ്ടി പി. പ്രശാന്ത് മൂന്നും ബേസില്‍ തമ്പി രണ്ട് വിക്കറ്റുമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തപ്പോള്‍ സഞ്ജുവിനൊപ്പം മുഹമ്മദ് അസ്ഹറുദ്ദീന്‍ (25) ഉറച്ച പിന്തുണ നല്‍കി. യുവി ഒരു സിക്സും ഏഴ് ബൗണ്ടറിയും പറത്തിയപ്പോള്‍ സഞ്ജു മൂന്ന് സിക്സറും ആറ് ബൗണ്ടറിയും നേടി.

ഗ്രൂപ് ബിയിലെ മറ്റൊരു മത്സരത്തില്‍ ത്രിപുര രാജസ്ഥാനെ ഒരു വിക്കറ്റിനും ഝാര്‍ഖണ്ഡ് സൗരാഷ്ട്രയെ ഏഴ് വിക്കറ്റിനും പരാജയപ്പെടുത്തി.
പഞ്ചാബിനു പുറമെ സൗരാഷ്ട്ര, ത്രിപുര, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നീ ടീമുകളെ കേരളം പരാജയപ്പെടുത്തിയിരുന്നു. കേരളം തിങ്കളാഴ്ച ഝാര്‍ഖണ്ഡിനെ നേരിടും. ഒരുമണിക്ക് കളമശ്ശേരി സെന്‍റ് പോള്‍സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒമ്പതിന് പഞ്ചാബ് സൗരാഷ്ട്രയെയും ഒരുമണിക്ക് ജമ്മു കശ്മീര്‍ രാജസ്ഥാനെയും നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.