ഇന്ദോറില്‍ അശ്വമേധം

ഇന്ദോര്‍: ശരിക്കും അശ്വമേധം തന്നെ. മൂന്ന് ടെസ്റ്റുകളില്‍നിന്ന് അറുത്തെടുത്തത് 27 വിക്കറ്റ്. അവസാന ടെസ്റ്റില്‍ മാത്രം 13 വിക്കറ്റ്. രവിചന്ദ്ര അശ്വിന്‍ എന്ന പേരുകേട്ട് ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാര്‍ ഇനി ഏതുറക്കത്തിലും ഞെട്ടിയെണീല്‍ക്കാനിടയുണ്ട്. ഏഴില്‍ പരസഹായമില്ലാതെ വീഴ്ത്തിയ ആറു വിക്കറ്റ് പ്രകടനം ന്യൂസിലന്‍ഡിന് ഏല്‍പിച്ച പ്രഹരം കനത്തതായിരുന്നു. ഇന്ദോറില്‍ മൂന്നാം ടെസ്റ്റിലും ന്യൂസിലന്‍ഡിനെ അശ്വിന്‍ ഒറ്റക്ക് കഥ കഴിച്ചു. നാലാം ദിവസം ചായക്കു ശേഷമുള്ള 35.5 ഓവറില്‍ എന്താണ് സംഭവിച്ചതെന്ന് ആലോചിക്കാന്‍പോലും അവസരം കൊടുക്കാത്തവണ്ണം 321 റണ്‍സിന് ഇന്ത്യ വിജയം പിടിച്ചടക്കി. ആദ്യ ഇന്നിങ്സില്‍ ആറു വിക്കറ്റു വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിങ്സില്‍ ഏഴു വിക്കറ്റ് നേട്ടം കരിയര്‍ ബെസ്റ്റ് പ്രകടനമാക്കി സ്വന്തം പേരിനുനേരെ കുറിച്ചു. സ്കോര്‍: ഇന്ത്യ 557, 216. ന്യൂസിലന്‍ഡ്: 299, 153 ഓള്‍ ഒൗട്ട്. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരി.

നാലാം ദിവസം ചയക്കു തൊട്ടുമുമ്പ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ളയര്‍ ചെയ്ത ഇന്ത്യ ന്യൂസിലന്‍ഡിനു മുന്നില്‍ ഉയര്‍ത്തിയത് 475 റണ്‍സിന്‍െറ അസാധ്യമായ ലക്ഷ്യമായിരുന്നു. തോല്‍വിയില്‍ കുറഞ്ഞ് മറ്റൊന്നും പ്രതീക്ഷിക്കാനില്ലാതെ സ്പിന്നര്‍മാരുടെ പറുദീസയായി മാറിയ പിച്ചില്‍ ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാരുടെ ശരീരഭാഷയും തോല്‍വി ഉറപ്പിച്ച മട്ടിലായിരുന്നു. ചായക്ക് പിരിയുമ്പോള്‍ ഒമ്പത് ഓവറില്‍ ഒരു വിക്കറ്റ് മാത്രം ബലി കഴിച്ച് 38 റണ്‍സെടുത്ത ന്യൂസിലന്‍ഡിന് 35.5 ഓവറില്‍ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. രണ്ടാമത്തെ ഓവറില്‍ ഉമേഷ് യാദവായിരുന്നു ആദ്യ പ്രഹരമേല്‍പിച്ചത്. ആറ് റണ്‍സെടുത്ത ടോം ലാഥമിനെ യാദവ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

ചായക്കുശേഷമുള്ള രണ്ടാമത്തെ ഓവറില്‍ അവസാന പന്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 29 റണ്‍സെടുത്ത് രവീന്ദ്ര ജദേജയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. മറുവശത്ത് അശ്വിന്‍ ഉഗ്രരൂപം പൂണ്ടത്തെിയപ്പോള്‍ കിവികള്‍ വട്ടംകറങ്ങി. എവിടെ പിച്ചു ചെയ്താലും സ്റ്റംപിലേക്ക് കറങ്ങിയത്തെുന്ന പന്തുകള്‍ എങ്ങനെയെങ്കിലും തടുക്കുകമാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ. 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ വില്യംസണും രണ്ടാം ഇന്നിങ്സിലെ അശ്വിന്‍െറ ആദ്യ ഇരയായി വിക്കറ്റിനു മുന്നില്‍ കുടുങ്ങി. 32 റണ്‍സെടുത്ത് അശ്വിന്‍െറ പന്തില്‍ കുറ്റിതെറിച്ചു പുറത്തായ റോസ് ടെയ്ലറായിരുന്നു ടോപ് സ്കോറര്‍. 15 റണ്‍സെടുത്ത ലുക് റോഞ്ചിയുടെ കുറ്റിയും അശ്വിന്‍തന്നെ പിഴുതു. നാലിന് 102 റണ്‍സ് എന്നിടത്തുനിന്ന് പിന്നെ കൂറ്റന്‍ പതനമായിരുന്നു. കളി അഞ്ചാം ദിവസത്തിലേക്ക് നീളില്ളെന്നുറപ്പായി.  

പിന്നെ ഹോല്‍ക്കാര്‍ സ്റ്റേഡിയം കണ്ടത് അശ്വിന്‍െറ തേരോട്ടമായിരുന്നു. മിച്ചല്‍ സാന്‍റ്നര്‍ (14), ജീതന്‍ പട്ടേല്‍ (പൂജ്യം), മാറ്റ് ഹെന്‍റി (പൂജ്യം) ട്രന്‍റ് ബോള്‍ട്ട് (4) എന്നിങ്ങനെ അശ്വിന്‍െറ മുന്നില്‍ തലകള്‍ ഉരുണ്ടു. പത്താമത്തെ വിക്കറ്റു വീഴ്ത്താന്‍ 10.1 ഓവര്‍ ഇന്ത്യക്ക് എറിയേണ്ടിവന്നു. ഏറ്റവും കൂടുതല്‍ നേരം ക്രീസില്‍നിന്നതും ബി.ജെ. വാറ്റ്ലിങ് -ബോള്‍ട്ട് സഖ്യത്തിന്‍െറ അവസാന വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ഒരു ഘട്ടത്തില്‍ കളി അഞ്ചാം ദിവസത്തേക്ക് കടക്കുമെന്നു തോന്നിച്ച നിമിഷം. നാലാം ദിവസത്തെ കളി അവസാനിക്കാന്‍ ഒരു പന്തുമാത്രം ശേഷിക്കെ 27 പന്ത് പ്രതിരോധിച്ചുനിന്ന ബോള്‍ട്ടിനു പിഴച്ചപ്പോള്‍ റിട്ടേണ്‍ ക്യാച്ചില്‍ ഇന്നിങ്സ് അവസാനിച്ചു. ജദേജ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. 64 പന്തില്‍ 23 റണ്‍സുമായി വാറ്റ്ലിങ് പുറത്താകാതെ നിന്നു.

നേരത്തെ, വിക്കറ്റു നഷ്ടമാകാതെ 18 റണ്‍സുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറിയും ഗൗതം ഗംഭീറിന്‍െറ അര്‍ധ സെഞ്ച്വറിയും അടിത്തറയിട്ടു. സ്കോര്‍ 32ല്‍ നില്‍ക്കെ മുരളി വിജയിന്‍െറ അമിത വിശ്വാസം ചതിച്ചു. 34ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത വിജയ് റണ്ണൗട്ടായി. തലേ ദിവസം റണ്ണെടുക്കുന്നതിനിടയില്‍ വീണ് തോളിനു പരിക്കേറ്റ് റിട്ടയര്‍ ചെയ്ത ഗംഭീര്‍ തിരിച്ചുവന്നപ്പോള്‍ മികച്ച റണ്ണൊഴുക്കായി. 56 പന്തില്‍ 50 റണ്‍സെടുത്ത് തിരിച്ചുവരവ് ഗംഭീരമാക്കി ഗംഭീര്‍ മടങ്ങി. ആദ്യ ഇന്നിങ്സില്‍ ഡബ്ള്‍ സെഞ്ച്വറി അടിച്ച ക്യാപ്റ്റന്‍ കോഹ്ലിക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ജീതന്‍ പട്ടേലിന്‍െറ പന്തില്‍ കോഹ്ലി 17 റണ്‍സിന് വീണു. അഞ്ചാമനായി ക്രീസിലത്തെിയ രഹാനെ ഏകദിന മൂഡില്‍ അടിച്ചുതകര്‍ത്തു. പൂജാര സെഞ്ച്വറി തികച്ചയുടന്‍ കോഹ്ലി 216ന് ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു.

140 റണ്‍സിന് 13 വിക്കറ്റു വീഴ്ത്തിയ അശ്വിന്‍ മാന്‍ ഓഫ് ദ മാച്ചായി. മാന്‍ ഓഫ് ദ സീരീസായി മറ്റൊരാളെ തിരയേണ്ടിവന്നില്ല. അതും അശ്വിന്‍ തന്നെ. 21ാമത്തെ തവണയാണ് അശ്വിന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തുന്നത്. ഒരു ടെസ്റ്റില്‍ പത്തു വിക്കറ്റ് വീഴ്ത്തുന്നത് ആറാം തവണ. മൂന്നാം ടെസ്റ്റിലെ വിജയം ഒന്നാം റാങ്ക് ഇന്ത്യക്ക് അരക്കിട്ടുറപ്പിച്ചു.

Tags:    
News Summary - india sweeps test series against newzealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.