സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ചരിത്രത്തിന് ഒരു പോറലുമേൽക്കാതെ ഇന്ത്യ കാത്തുസൂക്ഷിച്ചു. ചരിത്രം മാറ്റിയെഴുതി സെഞ്ചൂറിയനിൽ കന്നി വിജയം തേടിയിറങ്ങിയ ഇന്ത്യക്ക് രണ്ടാം ടെസ്റ്റിൽ 135 റൺസ് പരാജയം. വിദേശ മണ്ണിൽ കവാത്തുമറക്കുന്ന പതിവ് ഇക്കുറിയും ഇന്ത്യ കൂടെ കൂട്ടിയപ്പോൾ മൂന്ന് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പര ദക്ഷിണാഫ്രിക്ക 2-0ത്തിന് സ്വന്തമാക്കി. അരങ്ങേറ്റം കൊഴുപ്പിച്ച് ആറ്് വിക്കറ്റെടുത്ത പേസ് ബൗളർ എൻഗിഡി ലുങ്കിയാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്.
അണയാൻ പോകുന്ന വിളക്കായി ആളിക്കത്തിയ രോഹിത് ശർമയും (47) മുഹമ്മദ് ഷമിയും (28) പൊരുതിനോക്കിയെങ്കിലും ഇന്ത്യ 151 റൺസിന് ഓൾഔട്ടായി. ദക്ഷിണാഫ്രിക്കയുടെ ബൗളിങ്--ഫീൽഡിങ് മികവും ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്തമില്ലായ്മയും സമന്വയിച്ചപ്പോൾ കീഴടങ്ങൽ പ്രതീക്ഷിച്ചതിലും വേഗത്തിലായി. മൂന്നു വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഒരു പരമ്പര തോൽക്കുന്നത്. തുടർച്ചയായ ഒമ്പത് പരമ്പര വിജയങ്ങൾക്കൊടുവിലാണ് ഇന്ത്യൻ പരാജയം. സ്കോർ: ദക്ഷിണാഫ്രിക്ക: 335/10, 258/10. ഇന്ത്യ: 307/10, 151/10.
ആശകളേറെയൊന്നുമില്ലാതെയാണ് അവസാന ദിനം ഇന്ത്യ കളത്തിലിറങ്ങിയത്. 27 ഓവർ മാത്രം നീണ്ടുനിന്ന അവസാന ദിനം 116 റൺസ് കൂടി ചേർത്ത ഇന്ത്യ നേരേത്ത കളി അവസാനിപ്പിച്ച് ഉച്ചഭക്ഷണത്തിന് പോയി. ഏഴു വിക്കറ്റ് കൈയിലിരിക്കെ 252 റൺസായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ആദ്യ ഇന്നിങ്സിെൻറ തനിയാവർത്തനമായി ചേതേശ്വർ പുജാര (19) ഒരുവട്ടംകൂടി റണ്ണൗട്ടായി. ഒരു ടെസ്റ്റിലെ രണ്ടിന്നിങ്സിലും റണ്ണൗട്ടാകുന്ന ആദ്യ ഇന്ത്യൻ താരമാണ് പുജാര. റണ്ണൗട്ട് സ്പെഷലിസ്റ്റ് എന്നാണ് പുജാരയെ കമേൻററ്റർമാർ വിശേഷിപ്പിച്ചത്. 2000ത്തിനുശേഷം ഒരു ടെസ്റ്റിൽ രണ്ടു തവണ റണ്ണൗട്ടാകുന്ന ഏക താരമാണ് പുജാര. ഇന്ത്യൻ ടീമിെൻറ അവസാന ഏഴ് റണ്ണൗട്ടുകളിൽ ആറും പുജാരയുടെ വകയാണ്.
അനാവശ്യമായ മൂന്നാം റൺസിനോടിയ പുജാര ദക്ഷിണാഫ്രിക്കയുടെ ഫീൽഡിങ്ങിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ആക്രമണത്തിന് മുതിർന്ന പാർഥിവ് പട്ടേലിനെയും (19) പറഞ്ഞയച്ചത് ആതിഥേയരുടെ ഫീൽഡിങ് മികവാണ്. റബാദയെ സിക്സിലേക്ക് പറത്താനുള്ള പാർഥിവിെൻറ ശ്രമം ബൗണ്ടറി ലൈനിനരികെ മോർകലിെൻറ ഉജ്ജ്വല ക്യാച്ചിൽ അവസാനിച്ചു. പതിവ് അബദ്ധം ഒരിക്കൽകൂടി ആവർത്തിച്ച് ഹാർദിക് പാണ്ഡ്യ (ആറ്) വിക്കറ്റ് വലിച്ചെറിഞ്ഞു. ലുങ്കിയുടെ പുറത്തേക്കുപോയ പന്തിലേക്ക് അനാവശ്യമായി ബാറ്റ് നീട്ടിവെച്ച് പാണ്ഡ്യ വിക്കറ്റ് കീപ്പർക്ക് പിടികൊടുത്തു.
പാണ്ഡ്യയുടെ തനിയാവർത്തനമായിരുന്നു അശ്വിെൻറ (മൂന്ന്) വിക്കറ്റും. 87ന് ഏഴ് എന്ന നിലയിൽ മൂന്നക്കം കടക്കുമോ എന്നാശങ്കപ്പെട്ട് നിൽക്കുമ്പോഴാണ് രോഹിത്--ഷമി കൂട്ടുകെട്ടൊരുങ്ങുന്നത്. ആക്രമിച്ചു കളിച്ച ഇരുവരും ചേർന്ന് 10 ഓവറിൽ 54 റൺസ് കൂട്ടിച്ചേർത്തു. ടെസ്റ്റിലെ ഫോമില്ലായ്മക്ക് നിരന്തരം പഴികേട്ടുകൊണ്ടിരിക്കുന്ന രോഹിത് ആറ് ഫോറും ഒരു സിക്സും അടക്കമാണ് 47 റൺസെടുത്തത്. റബാദയെ ബൗണ്ടറി കടത്താൻ ശ്രമിക്കുന്നതിനിടെ ലൈനിൽ എ.ബി. ഡിവില്ലിയേഴ്സ് ഉജ്ജ്വലമായി പിടികൂടുകയായിരുന്നു. 10 റൺസ് കൂടി ചേർക്കുന്നതിനിടെ അവസാന മൂന്ന് വിക്കറ്റും നഷ്ടപ്പെടുത്തി ഇന്ത്യ മത്സരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.