കൊളംബോ: ലങ്കാദഹനം ഭാഗം രണ്ട് പൂർത്തിയായി. രണ്ടു സെഞ്ച്വറികളുമായി ചെറുത്തുനിൽപിനുള്ള ശ്രീലങ്കയുടെ ശ്രമം ഇന്ത്യൻ സ്പിന്നർമാരുടെ മുന്നിൽ വിലപ്പോയില്ല. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് പ്രകടനവുമായി ലങ്കയുടെ നടുവൊടിച്ച അശ്വിനു പിന്നാലെ രണ്ടാം ഇന്നിങ്സിൽ രവീന്ദ്ര ജദേജ അഞ്ചു വിക്കറ്റ് നേടി പന്ത് കറക്കിയതോടെ ഇന്ത്യയുടെ വിജയം ഇന്നിങ്സിനും 53 റൺസിനും. ഗാലെ ടെസ്റ്റിൽ 303 റൺസിെൻറ വമ്പൻ വിജയം കരസ്ഥമാക്കിയ ഇന്ത്യ കൊളംബോ ടെസ്റ്റിലും വിജയിച്ചതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഉറപ്പിച്ചുകഴിഞ്ഞു. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 439 റൺസെടുക്കേണ്ടിരുന്ന ലങ്ക 386 റൺസിന് ഒാൾഒൗട്ടായി. ആദ്യ ഇന്നിങ്സിൽ അർധസെഞ്ച്വറിയും (70*) രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേട്ടവും കൈവരിച്ച ജദേജയാണ് കളിയിലെ കേമൻ. സ്കോർ ഇന്ത്യ: 622/9 ഡിക്ല. ശ്രീലങ്ക: 183, 386.
കറക്കിയെറിഞ്ഞ് ജദേജ
183 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായപ്പോൾ തന്നെ ശ്രീലങ്ക തോൽവി ഉറപ്പിച്ചതാണ്. പിന്നീട്, ലങ്കയുെട ലക്ഷ്യം ഇന്നിങ്സ് തോൽവി ഒഴിവാക്കുക എന്നതു മാത്രമായിരുന്നു. രണ്ടു തകർപ്പൻ സെഞ്ച്വറിയുമായി ഡിമുത്ത് കരുണരത്നയും (141) കുശാൽ മെൻഡിസും (110) ചെറുത്തുനിൽപിന് ശ്രമം നടത്തിെയങ്കിലും ജദേജ-അശ്വിൻ സംഖ്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
രണ്ടിന് 209 എന്ന നിലയിൽ മൂന്നാം ദിനം കളി തുടർന്ന ലങ്കക്ക് ആദ്യ പ്രഹരം നൽകിയത് അശ്വിനായിരുന്നു. മലിന്ദ പുഷ്പകുമാരയെ (16) കുറ്റിതെറിപ്പിച്ചാണ് അശ്വിൻ പറഞ്ഞയച്ചത്. പിന്നാലെ വിക്കറ്റുവേട്ട ജദേജ ഏറ്റെടുത്തു. ക്യാപ്റ്റൻ ദിനേഷ് ചാണ്ഡിമലിനെ രണ്ടു റൺസിന് പറഞ്ഞുവിട്ടാണ് ജദേജ തുടങ്ങിയത്. അപ്പോഴും മറുതലക്കൽ കരുണരത്ന (141) സെഞ്ച്വറിയും കടന്ന് നിലയുറപ്പിച്ചിരുന്നു. എന്നാൽ, ഒറ്റയാൾ പോരാട്ടത്തിന് ജദേജ തന്നെ തടയിട്ടു. സ്വീപ് െചയ്യാനുള്ള കരുണരത്നെയുടെ ശ്രമം രഹാനെയുടെ കൈയിൽ അവസാനിച്ചു. 76 റൺസ് എടുക്കുന്നതിനിെട അവസാന ആറു വിക്കറ്റുകളാണ് ലങ്കക്ക് നഷ്ടമായത്. എയ്ഞ്ചലോ മാത്യൂസ് (36), ദിൽറുവാൻ പെരേര (4), ധനഞ്ജയ ഡി സിൽവ (17) എന്നിവരെ ജദേജ പുറത്താക്കിയപ്പോൾ നിരോഷൻ ഡിക്വെല്ലയെ (31) ഹാർദിക് പാണ്ഡ്യയും പറഞ്ഞയച്ചു. നുവാൻ പ്രദീപിനെ പുറത്താക്കി അവസാന വിക്കറ്റ് അശ്വിനും നേടിയതോടെ ഇന്ത്യക്ക് ഇന്നിങ്സ് വിജയമെത്തി. ഇരു ഇന്നിങ്സിലുമായി അശ്വിനും ജദേജയും ഏഴു വിക്കറ്റ് വീതം വീഴ്ത്തി. ജദേജയുടെ ഒമ്പതാം അഞ്ചു വിക്കറ്റ് പ്രകടനമാണിത്.
കരുണരത്നയും കുശാൽ മെൻഡിസും നേടിയ രണ്ടു സെഞ്ച്വറികൾ മാത്രമാണ് കൊളംബോ ടെസ്റ്റിൽ ലങ്കക്ക് ആശ്വസിക്കാനുള്ളത്. രണ്ടു മത്സരവും കൈവിട്ടതോടെ ഇന്ത്യക്കെതിരായ അവസാന മത്സരം ആതിഥേയർക്ക് അഭിമാനപ്പോരാട്ടമാണ്. ആഗസ്റ്റ് 13നാണ് മൂന്നാം ടെസ്റ്റ്.
പെരുമാറ്റദൂഷ്യം: ജദേജക്ക് വിലക്ക്
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനവുമായി മാൻ ഒാഫ് ദ മാച്ച് ആയതിനുപിന്നാലെ രവീന്ദ്ര ജദേജക്ക് ഒരു മത്സരത്തിൽ വിലക്ക്. െഎ.സി.സി പെരുമാറ്റ ചട്ടലംഘനത്തിനാണ് താരത്തിന് ഒരു മത്സരത്തിൽ വിലക്കുവീണത്. ക്രീസിലുണ്ടായിരുന്ന ലങ്കൺ ഒാപണർ ദിമുത്ത് കരുണരത്നക്കെതിരെ അപകടകരമായരീതിയിൽ പന്തെറിഞ്ഞതോടെ പെരുമാറ്റ ചട്ടലംഘനമായി െഎ.സി.സി രേഖപ്പെടുത്തുകയായിരുന്നു. രണ്ടുവർഷത്തിനിടയിലെ പെരുമാറ്റലംഘനം പരിശോധിച്ചാണ് ഒരു മത്സര വിലക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.