ഇര്‍ഫാന്‍ പത്താൻെറത് ലജ്ജാകരമായ പ്രവൃത്തിയെന്ന് മൗലാന സാജിദ് റാഷിദി

ന്യൂഡൽഹി: ഭാര്യയോടൊന്നിച്ചുള്ള ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താൻെറ നടപടി ലജ്ജാകരമായ പ്രവൃത്തിയെന്ന് മൗലാന സാജിദ് റാഷിദി.  ഇർഫാൻ പത്താന്റെ കുടുംബം മുസ്ലി പശ്ചാത്തലം ഉള്ളതാണ്. അദ്ദേഹത്തിൻെറ പിതാവ് പള്ളിയിൽ ബാങ്കുവിളിക്കുന്നയാളാണ്. തന്റെ ഭാര്യയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത ക്രിക്കറ്റ് താരത്തിൻേറത് ലജ്ജാകരമായ ഒരു പ്രവൃത്തിയാണ്.

ഒരു സ്ത്രീ തന്റെ ഭർത്താവിനു മുന്നിൽ മാത്രമേ മുഖം പ്രകടമാക്കാവൂ. ആധാർ, പാൻ കാർഡ് പോലെയുള്ള നിയമപരമായ കാര്യങ്ങളിൽ മാത്രമേ അവൾക്ക് തന്റെ മുഖം അന്യരെ കാണിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻെറ മതപശ്ചാത്തലത്തിൽ നിന്നുള്ള ആളുകൾ ഇർഫാൻ പത്താനെ ഇക്കാര്യങ്ങൾ ഓർമപ്പെടുത്താൻ തുടങ്ങിയതാണെന്നും ഇതൊരു ട്രോൾ അല്ലെന്നും അദ്ദേഹം പറഞ്ഞു.  ക്യാമറക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഇർഫാൻെറ ഭാര്യ ഒരു നടിയല്ല. അവരൊരു വീട്ടമ്മയാണ്, ഇത്തരം ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കരുത്. ഇർഫാൻെറ ഭാര്യയുടെ ചിത്രം നിരവധി പേരാണ് കാണുന്നത്. അവർ വിരലുകളിൽ നൈൽ പോളിഷ് ഉപയോഗിച്ചിരിക്കുന്നു. നൈൽ പോളിഷ് ധരിച്ചാൽ നമസ്കാരം ശരിയാവില്ല. എന്തു തരത്തിലുള്ള മുസ്ലിമാണ് അവർ- സാജിദ് റാഷിദി ചോദിക്കുന്നു.

ഇസ്ലാമിൽ അനുവദനീയമല്ലാത്ത കാര്യങ്ങൾ ചെയ്യരുതെന്ന് അദ്ദേഹം ഇർഫാനെ ഉപദേശിച്ചു. ഇന്ത്യൻ ഭരണഘടനയനുസരിച്ചാണ് സ്വാതന്ത്ര്യത്തിനുള്ള അവകാശം നിശ്ചയിച്ചിട്ടുള്ളത്, എന്നാൽ താൻ പറയുന്നത്  ഇസ്ലാമിക നിയമമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇസ്ലാമിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളിൽ സജീവമായി പങ്കെടുക്കുന്നയാളാണ് മൗലാന സാജിദ് റാഷിദി.

ഇന്നലെ ഇർഫാനെതിരെ സോഷ്യൽ മീഡിയയിൽ കടന്നാക്രമണം ഉണ്ടായിരുന്നു. ഇര്‍ഫാന്‍ പത്താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത  ചിത്രത്തിന് താഴെ കമന്‍റുകളുമായി ധാരാളം പേര്‍ എത്തി. ഇന്നലെ വൈകീട്ട് പോസ്റ്റ് ചെയ്ത ചിത്രം മതാചാരങ്ങള്‍ പൂര്‍ണമായി പാലിച്ചില്ലെന്നാണ് ചിലരുടെ ആരോപണം. പര്‍ദയിട്ട് തലമൂടിയ ഇർഫാന്‍റെ ഭാര്യ സഫ ബെയ്ഗ് കൈകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു ചിത്രത്തില്‍. മുഖം മറച്ചല്ലോ, കയ്യും കൂടി മറക്കാമായിരുന്നു എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. സഫ നെയില്‍പോളീഷ് അണിഞ്ഞിരിക്കുന്നതാണ് ചിലർക്ക് ഇഷ്ടപ്പെടാതിരുന്നത്.  ‘നെയില്‍ പോളീഷിന് പകരം മെഹന്ദി ഉപയോഗിക്കണം’ എന്നിങ്ങനെയുള്ള ഉപദേശങ്ങളുമുണ്ട്. ഉപദേശവും നീരസവും പ്രകടിപ്പിക്കുന്ന കമന്‍റുകൾക്കൊപ്പം നിരവധി പേര്‍ ചിത്രത്തിന് ആശംസകളുമായും എത്തിയിരുന്നു.
 

Tags:    
News Summary - Irfan Pathan's 'un-Islamic' post: Muslim cleric Maulana Sajid Rashidi hits out at all-rounder's 'shameful act' -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.