തിരുവനന്തപുരം: കേരള ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സചിൻ ബേബിയെ മാറ്റി സഞ്ജു വി. സാംസണെ നിയമിക്കാൻ ടീമിൽ നീക്കം. സചിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ടീം അംഗങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷന് കത്ത് നൽകി. സഞ്ജു, രോഹൻ പ്രേം, വി.എ. ജഗദീഷ് തുടങ്ങിയ സീനിയർ താരങ്ങളടക്കം 15 പേരാണ് കത്ത് നൽകിയത്. സംഭവം വിവാദമായതോടെ ഇ-മെയിൽ വഴി ലഭിച്ച കത്തിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ടീം മാനേജർ സജികുമാറിനോട് കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായർ ആവശ്യപ്പെട്ടു.
അഭിഷേക് മോഹന്‍, കെ.സി. അക്ഷയ്, കെ.എം. ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ. ജഗദീഷ്, മൊഹമ്മദ് അസ്ഹറുദ്ദീന്, എം.ഡി. നിധീഷ്, റൈഫി, രോഹന് പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു വി. സാംസണ്, സല്മാന് നിസാര്‍, സിജോമോന്‍ എന്നിവരാണ് കത്തിൽ ഒപ്പുവെച്ചത്. എന്നാൽ, കത്തില്‍ പേരുണ്ടെങ്കിലും പി. രാഹുലും വിഷ്ണു വിനോദും ഒപ്പിട്ടിട്ടില്ല. നായകനെന്ന നിലയില്‍ സചിന് ബേബിയുടെ പെരുമാറ്റം ശരിയല്ലെന്നും ടീമിലെ കളിക്കാരുടെയെല്ലാം താല്പര്യം മുന്‍നിര്‍ത്തിയാണ് കത്തെന്നും ടീമംഗങ്ങള്‍ പറയുന്നു. സചിന് ബേബി സ്വാർഥനാണ്. ജയിക്കുമ്പോള്‍ അത് സ്വന്തം നേട്ടമായി മാറ്റുകയും തോല്‍വി സഹതാരങ്ങളുടെമേല് കെട്ടിവെക്കുകയും ചെയ്യുന്നു. സചിെൻറ പെരുമാറ്റംമൂലം സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തങ്ങൾക്ക് കഴിയുന്നില്ല. സഹതാരത്തെക്കുറിച്ച് മറ്റ് താരങ്ങളോട് മോശമായി സംസാരിക്കുന്ന നായകനാണ് സചിന്. നായകെൻറ മോശം പെരുമാറ്റം കൊണ്ടാണ് പല യുവതാരങ്ങളും മറ്റ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുന്നതെന്നും ടീമിെൻറ നായകസ്ഥാനത്ത് മറ്റൊരാള്‍ വരണമെന്നാണ് എല്ലാ കളിക്കാരുടെയും ആഗ്രഹമെന്നും കത്തില്‍ പറയുന്നു.
അതേസമയം, സഞ്ജു വി. സാംസണെ വീണ്ടും നായകസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിെൻറ ഭാഗമായാണ് സചിനെതിരായ നീക്കത്തെ കെ.സി.എ കാണുന്നത്. മുമ്പും സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്നാവശ്യപ്പെട്ട് സചിനെതിരെ ടീമിലെ ഒരുവിഭാഗം രംഗത്തെത്തിയപ്പോൾ അത് മുളയിലേ നുള്ളാൻ കെ.സി.എക്ക് കഴിഞ്ഞിരുന്നു. അന്ന് സീനിയർ താരങ്ങളെയടക്കം കെ.സി.എ താക്കീത് ചെയ്തിരുന്നു. വീണ്ടും ഒരു നീക്കം ഉണ്ടായതോടെ കത്തിൽ ഒപ്പിട്ട താരങ്ങൾക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് കെ.സി.എ വൃത്തങ്ങൾ നൽകുന്ന സൂചന.
വിഭാഗീയത പൊറുപ്പിക്കില്ല-സെക്രട്ടറി
തിരുവനന്തപുരം: ടീമിൽ വിഭാഗീയത വെച്ചുപൊറുപ്പിക്കില്ലെന്ന് കെ.സി.എ സെക്രട്ടറി അഡ്വ.അഡ്വ. ശ്രീജിത്ത് വി. നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. കളിക്കാരിൽ ഭൂരിപക്ഷം ഒപ്പിട്ടെന്നപേരിൽ മാറ്റാനുള്ള ആളല്ല ക്യാപ്റ്റൻ. പല മാനദണ്ഡങ്ങളും നോക്കിയാണ് ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നത്. പരാതിയുണ്ടെങ്കിൽ ടീം മാനേജ്മെൻറിനോടോ ചീഫ് കോച്ചായായ ഡേവ് വാട്ട്മോറിനോടോ കെ.സി.എയോടുമാണ് പരാതിപറയേണ്ടത്. മെമ്മോറാണ്ടമൊന്നും അംഗീകരിക്കില്ല. കളിക്കാർ കളിക്കുക, പോകുക. അതിനപ്പുറം ടീമിൽ മറ്റൊരു പ്രവർത്തനവും നടത്തേണ്ട ആവശ്യമില്ല. നാളെ സഞ്ജു കളിേക്കണ്ടെന്ന് പറഞ്ഞ് ഒരു വിഭാഗം കത്ത് നൽകിയാൽ കെ.സി.എക്ക് അംഗീകരിച്ചുകൊടുക്കാൻ കഴിയുമോ? തിമ്മയ്യ ടൂർണമെൻറ് കഴിഞ്ഞശേഷം കത്തിൽ ഒപ്പിട്ടവരുടെ വാദങ്ങളും നിലവിലെ പെർഫോമൻസും പരിശോധിക്കും. പരാതി പറയാനുള്ളവരുടെ അർഹത നോക്കും. അതിന് ശേഷമാകും നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.