സെപ് ബ്ലാറ്ററിനും മിഷേൽ പ്ലാറ്റീനിക്കും എട്ടു വർഷം വിലക്ക്

സൂറിക്: സാമ്പത്തിക ക്രമക്കേടിന്‍െറ പേരില്‍ ഫിഫ മുന്‍ തലവന്‍ സെപ് ബ്ളാറ്റര്‍ക്കും യുവേഫ തലവന്‍ മിഷേല്‍ പ്ളാറ്റീനിക്കും എട്ടുവര്‍ഷം വിലക്ക്. ഫിഫ എത്തിക്സ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് ഫുട്ബാളുമായി ബന്ധപ്പെട്ട സകല പ്രവര്‍ത്തനങ്ങളില്‍നിന്നും ഇരുവരെയും വിലക്കിയത്. ബ്ളാറ്റര്‍ക്ക് 40,000 ഡോളറും പ്ളാറ്റീനിക്ക് 80,000 ഡോളറും പിഴയും വിധിച്ചു. ഒക്ടോബറില്‍ അന്വേഷണവിധേയമായി മൂന്നു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇരുവരും അധികാരം ദുര്‍വിനിയോഗം ചെയ്തെന്നും 2011ല്‍ ഫിഫയുടെ അക്കൗണ്ടില്‍നിന്ന് പ്ളാറ്റീനിയുടെ അക്കൗണ്ടിലേക്ക് 20 ലക്ഷം ഡോളര്‍ അനധികൃതമായി മാറ്റിയെന്നും എത്തിക്സ് കമ്മിറ്റി കണ്ടത്തെി. പണം കൈമാറ്റം നടന്നത് വാക്കാലുള്ള കരാറിന്‍െറ പുറത്താണെന്നും നിയമസാധുതയില്ളെന്നും എന്നാല്‍ കൈക്കൂലിയാണ് കൈമാറിയതെന്ന് തെളിയിക്കാന്‍ വ്യക്തമായ തെളിവില്ളെന്നും കമ്മിറ്റി വ്യക്തമാക്കി.
എന്നാല്‍, ഇരുവരും ആരോപണങ്ങള്‍ നിഷേധിച്ചു. വിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്നും കേസ് സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തുമെന്നും ബ്ളാറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. 1998 മുതല്‍ 2002 വരെ ബ്ളാറ്ററുടെ സാങ്കേതിക ഉപദേഷ്ടക ജോലി ചെയ്തതിനാണ് തുക നല്‍കിയതെന്ന് ഇരുവരും വ്യക്തമാക്കി. ഫിഫക്കും തനിക്കും വേണ്ടി നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്ളാറ്റീനിയും അപ്പീല്‍ നല്‍കിയേക്കും. ഫ്രാന്‍സിന്‍െറ മുന്‍ ക്യാപ്റ്റനായ പ്ളാറ്റീനി 2007 മുതല്‍ യുവേഫയുടെ പ്രസിഡന്‍റാണ്.
വിലക്ക് വന്നതോടെ പ്ളാറ്റീനിയുടെ യുവേഫ തലവന്‍ സ്ഥാനം അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 26ന് നടക്കുന്ന ഫിഫ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്‍റായ പ്ളാറ്റീനിക്ക് മത്സരിക്കാന്‍ സാധിക്കില്ല. 1998 മുതല്‍ ഫിഫ പ്രസിഡന്‍റായിരുന്ന 79കാരനായ ബ്ളാറ്ററുടെ ഭാവി ഏതാണ്ട് അവസാനിച്ചതായാണ് ഫുട്ബാള്‍ ലോകം വിലയിരുത്തുന്നത്. ഫിഫ അഴിമതിയില്‍ ഏഴ് ഫിഫ പ്രതിനിധികളടക്കം 39 പേര്‍ക്കെതിരെ യു.എസ് അന്വേഷണ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. 200 കോടി ഡോളറിന്‍െറ അഴിമതി നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടത്തെല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.