മഡ്രിഡ്/മാഞ്ചസ്റ്റര്‍: മാധ്യമങ്ങളില്‍നിന്ന് എന്നും ഒഴിഞ്ഞുമാറുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശൈലി. പക്ഷേ, ചാമ്പ്യന്‍സ് ലീഗിലെ രണ്ടാംപാദ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ളബ് വോള്‍ഫ്സ്ബുര്‍ഗിനെ റയല്‍ നേരിടാനൊരുങ്ങുന്നതിന് തലേന്ന് ക്രിസ്റ്റ്യാനോ പതിവ് തെറ്റിച്ചു. മാധ്യമങ്ങള്‍ക്കു മുന്നിലത്തെിയ സൂപ്പര്‍ താരം വെല്ലുവിളി പോലെ തുറന്നടിച്ചു. ‘നാളെ മാന്ത്രികരാത്രിയാവും. റയല്‍ മഡ്രിഡിന്‍െറ സമ്പൂര്‍ണ രാവ്. ആരവങ്ങളുയര്‍ത്താന്‍ മഡ്രിഡുകാര്‍ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിക്കോളൂ’. വാര്‍ത്താസമ്മേളനം നടത്തി വിളിച്ചുവരുത്തിയ ആരാധകപ്പടക്കു മുന്നില്‍ വാക്കുപാലിച്ച് റൊണാള്‍ഡോ നിറഞ്ഞാടി. ഒരാഴ്ച മുമ്പ് ജര്‍മനിയിലെ ഫോക്സ്വാഗണ്‍ അറീനയില്‍ നാണംകെടുത്തിയ വോള്‍ഫ്സ്ബുര്‍ഗ്കാരുടെ വയറുനിറച്ച് ഹാട്രിക് ഗോളുകള്‍ അടിച്ചുകയറ്റി ക്രിസ്റ്റ്യാനോ റയലിന് സെമി ടിക്കറ്റ് സമ്മാനിച്ചു. രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന് റയല്‍ വോള്‍ഫ്സ്ബുര്‍ഗിനെ വീഴ്ത്തിയപ്പോള്‍ മൂന്ന് ഗോളും പിറന്നത് ക്രിസ്റ്റ്യാനോയില്‍ നിന്ന്.

റയലിന്‍െറ കുപ്പായത്തില്‍ 37ാം ഹാട്രിക് സ്വന്തമാക്കിയ പോര്‍ചുഗീസ് താരം സീസണിലെ ആകെ ഗോള്‍ നേട്ടം 46ലത്തെിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ 16 ഗോളുമായി ഒന്നാമതും.രണ്ടു ഗോളിന് പിന്നിലായി കളത്തിലിറങ്ങിയ റയലിന്‍െറ കരുത്ത് മുന്‍നിരയിലെ ബെയ്ല്‍-ബെന്‍സേമ- ക്രിസ്റ്റ്യാനോ (ബി.ബി.സി) കൂട്ടുതന്നെയായിരുന്നു. പ്രതിരോധത്തില്‍ റാമോസ്-പെപെ-ഡാനിയേല്‍ കാര്‍വാലും കാര്യങ്ങള്‍ നോക്കിയതോടെ വിങ്ങിലൂടെ മാഴ്സലോ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ലൂകാ മോദ്രിച്ചും ടോണി ക്രൂസും ചേര്‍ന്ന് പന്ത് ബി-ബി-സിയിലേക്ക് എത്തിച്ചതോടെ ഒന്നാം മിനിറ്റില്‍ റയലിന്‍െറ റെയ്ഡ് തുടങ്ങി. ആയുധങ്ങള്‍ നഷ്ടപ്പെട്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞ വോള്‍ഫ്സ്ബുര്‍ഗിന്‍െറ വല 15ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ആദ്യമായി കുലുക്കി. എതിര്‍ പെനാല്‍റ്റി ബോക്സിന് വലതു മൂലയില്‍ നിന്നും കാര്‍വാല്‍ നല്‍കിയ ക്രോസില്‍ പോര്‍ചുഗീസ് താരത്തിന്‍െറ ഉജ്ജ്വല ഫിനിഷിങ്. സാന്‍റിയാഗോ ബെര്‍ണബ്യൂ പൊട്ടിത്തെറിച്ച നിമിഷം റയലിന്‍െറ ലീഡ്.

രണ്ടു മിനിറ്റേ കഴിഞ്ഞുള്ളൂ. രണ്ടാം തവണയും വലകുലുക്കി റയല്‍ കടംവീട്ടി. ഇക്കുറി ഇടതു മൂലയില്‍നിന്ന് ടോണി ക്രൂസ് എടുത്ത കോര്‍ണര്‍കിക്ക് ക്രിസ്റ്റ്യാനോ ഉയര്‍ന്നുചാടി തലവെക്കുമ്പോള്‍ തടുക്കാന്‍ ആരുമില്ലായിരുന്നു. ചത്തെിയിട്ടപോലെ പന്ത് വലയില്‍. 2-0.
കളമുണരും മുമ്പേ വഴങ്ങിയ രണ്ട് ഗോളിന്‍െറ ഞെട്ടലില്‍ നിന്നും ജര്‍മന്‍ ടീമിന് ഒരിക്കല്‍ പോലും തിരിച്ചുവരാന്‍ കഴിഞ്ഞില്ല. മേധാവിത്വം നിലനിര്‍ത്തി കളി തുടര്‍ന്ന റയലിനെ ഹാട്രിക് തികച്ചുകൊണ്ട് ക്രിസ്റ്റ്യാനോ 77ാം മിനിറ്റില്‍ സെമിയിലത്തെിച്ചു. ഫ്രീകിക്ക് ഷോട്ട് മഴവില്ലുകണക്കെ എതിര്‍പ്രതിരോധമതിലിനിടയിലൂടെ വലയിലേക്ക്. 3-0ത്തിന്‍െറ ജയവുമായി സ്പാനിഷ് പടയുടെ സെമി പ്രവേശം.
ചരിത്രം കുറിച്ച് സിറ്റി

ആദ്യമായി യൂറോപ്യന്‍ ക്വാര്‍ട്ടറില്‍ ഇടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി ചരിത്രക്കുതിപ്പ് സെമിയിലുമത്തെിച്ചു. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അരലക്ഷത്തിലേറെ വരുന്ന കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ഒരു ഗോളിന് പാരിസ് സെന്‍റ് ജര്‍മെയ്നെ വീഴ്ത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് സെമിയിലത്തെിയത്. പാരിസില്‍ നടന്ന ആദ്യ പാദത്തില്‍ 2-2ന് സമനിലയില്‍ പിരിഞ്ഞതോടെ നിര്‍ണായകമായി മാറിയ കളിയുടെ 76ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രുയിനാണ് വിജയഗോള്‍ കുറിച്ചത്. പ്രതിരോധ നിരയിലെ പടനായകന്‍ വിന്‍സന്‍റ് കംപനി ഗാലറിയിലെ കാഴ്ചക്കാരനായി മാറിയ മത്സരത്തില്‍ നികോളസ് ഒടമന്‍ഡിയും ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടും ദൗത്യമേറ്റെടുത്തു. പാരിസുകാരുടെ ഗോളടി യന്ത്രം സ്ളാറ്റന്‍ ഇബ്രാഹിമോവിചും എയ്ഞ്ചല്‍ ഡി മരിയയും കയറുപൊട്ടിയ കാളക്കൂറ്റനെ പോലെ കുതിച്ചത്തെിയപ്പോഴെല്ലാം ഒടമെന്‍ഡിയും ഹാര്‍ട്ടും വില്ലനായി. സ്വന്തം ഗ്രൗണ്ടിലായിരുന്നെങ്കിലും സിറ്റി പ്രതിരോധത്തിലേക്ക് വലിഞ്ഞായിരുന്നു കളിച്ചത്. സെര്‍ജിയോ അഗ്യൂറോയും സില്‍വയുമെല്ലാം സിറ്റിക്ക് പ്രതീക്ഷയേകി പന്തുമായി കുതിച്ചെങ്കിലും ബോക്സിനു മുന്നില്‍ മടങ്ങി. 30ാം മിനിറ്റില്‍ ആതിഥേയര്‍ക്ക് മുന്നിലത്തൊനൊരവസരം പെനാല്‍റ്റിയിലൂടെ പിറന്നെങ്കിലും ഷോട്ടെടുത്ത അഗ്യൂറോയുടെ കിക്ക് പുറത്തേക്ക് പറന്നു.

ഇതിനിടെ, ഇബ്രയെടുത്ത രണ്ട് ഉജ്ജ്വല ഫ്രീകിക്കുകള്‍ സിറ്റി ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിനു മുന്നില്‍ തട്ടിത്തെറിച്ചു. മാറിമറിഞ്ഞ മുന്നേറ്റങ്ങള്‍ക്കിടെയായിരുന്നു സിറ്റിയുടെ ചരിത്രനേട്ടത്തിന് ഇരട്ടി മധുരം നല്‍കിയ ഗോള്‍ പിറന്നത്. 76ാം മിനിറ്റില്‍ പി.എസ്.ജി ഗോള്‍മുഖത്ത് വട്ടമിട്ട പന്തിനിടെ പ്രതിരോധച്ചുമതല വഹിച്ച എഡിന്‍സണ്‍ കവാനിയും ഡേവിഡ് തിയാസോ സില്‍വയും അഗ്യൂറോയെ മാര്‍ക് ചെയ്യുന്ന തിരക്കിലായിരുന്നു. ഇതിനിടെ, എതിരാളികളുടെ ശ്രദ്ധതെറ്റിച്ച ബ്രൂയിന്‍ തൊടുത്ത പന്ത് ഗോളിയെയും മറികടന്ന് വലയില്‍ പതിച്ചപ്പോള്‍ ഇരിപ്പുറക്കാതെ കളികണ്ട സിറ്റി ഗാലറി അര്‍മാദത്തിലായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.