നോ റൊണാള്‍ഡോ; നോ റയല്‍ 

മാഞ്ചസ്റ്റര്‍: ഇന്ധനം തീര്‍ന്നുപോയ എന്‍ജിനായിരുന്നു കഴിഞ്ഞ രാത്രിയില്‍ റയല്‍ മഡ്രിഡ്. പക്ഷേ, പാതിവഴിയില്‍ നിലച്ചുപോവാതെ നിരങ്ങിയും തള്ളിയും മാഞ്ചസ്റ്റര്‍ എന്ന കടമ്പ പരിക്കൊന്നുമേല്‍ക്കാതെ കടന്നു. ഇനി മേയ് അഞ്ചിന് മഡ്രിഡില്‍ കാണാം. അപ്പോഴേക്കും റയലിന്‍െറ എന്‍ജിന് കുതിപ്പുപകാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന ഇന്ധനമത്തെും. പിന്നെ, എല്ലാം സിനദിന്‍ സിദാനും സാന്‍റിയാഗോ ബെര്‍ണബ്യൂവിലേക്ക് കണ്ണുംനട്ടിരിക്കുന്ന ആരാധകരും ആഗ്രഹിച്ചപോലെ.

മാഞ്ചസ്റ്റര്‍ സിറ്റി തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഒന്നാം സെമിഫൈനലിലെ ആദ്യ പാദം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ റയലിനായിരുന്നു നേട്ടം. മുന്‍നിരയിലെ സൂപ്പര്‍താരമില്ലാതെ എവേ മാച്ചിനിറങ്ങി ഇംഗ്ളണ്ടിലെ കരുത്തര്‍ക്കു മുന്നില്‍ ഗോളൊന്നും വഴങ്ങാതെ സമനില പിടിച്ചത് റയലിനാണ് ആത്മവിശ്വാസം നല്‍കുന്നത്. രണ്ടാം പാദത്തിനായി മഡ്രിഡിലത്തെുന്ന എതിരാളിയെ ഒന്നിച്ചുനിന്ന് കൂട്ടക്കശാപ്പ് നടത്തിയാല്‍ പതിനൊന്നാം യൂറോപ്യന്‍ കിരീടമെന്ന സ്വപ്നം റയലിന് ഒരു ജയമകലെ.

ജോ ഹാര്‍ട്ട്: സിറ്റിയുടെ രക്ഷകന്‍
സ്വന്തം മണ്ണില്‍ എതിരാളിയെ കൊന്നുകൊലവിളിക്കാന്‍ എല്ലാ അവസരവുമുണ്ടായിട്ടും ഗോളടിക്കാന്‍ മറന്നുപോയ മാഞ്ചസ്റ്റര്‍ സിറ്റിയെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുകയാണ് ആരാധകര്‍. ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് സെമിയിലത്തെിയവര്‍ക്ക് ഇരട്ടി സന്തോഷം നല്‍കുന്നതായിരുന്നു റയലിന്‍െറ ഗോളടിയന്ത്രം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍ കളിക്കില്ളെന്ന വാര്‍ത്ത. പക്ഷേ, സ്റ്റാര്‍ സ്ട്രൈക്കറുടെ അഭാവത്തില്‍ റയല്‍ ഒരുക്കിയ പ്രതിരോധക്കോട്ട പിളര്‍ക്കാന്‍ സെര്‍ജിയോ അഗ്യൂറോക്കും കെവിന്‍ ഡി ബ്രുയിനും ജീസസ് നവസിനുമൊന്നും കഴിഞ്ഞില്ല. 

ഗാരെത് ബെയ്ലിനും കരീം ബെന്‍സേമക്കുമൊപ്പം ക്രിസ്റ്റ്യാനോയുടെ പകരക്കാരനായി ലൂകാസ് വാസ്ക്വസായിരുന്നു എത്തിയത്. ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യം അടിമുടി നിഴലിച്ചുനിന്ന റയല്‍ സീസണിലെ ഫോമിന്‍െറ നിഴല്‍മാത്രമായി അവസാനിച്ചപ്പോള്‍ സിറ്റി പ്രതിരോധത്തില്‍ വിന്‍സെന്‍റ് കൊംപനിക്കും കൂട്ടുകാര്‍ക്കും പണികുറഞ്ഞു. അതേസമയം, വിങ്ങിലൂടെ സിറ്റി നടത്തിയ തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ പൊട്ടിവീഴുന്ന പെപെയുടെയുടെയും സെര്‍ജിയോ റാമോസിന്‍െറയും പ്രതിരോധമിടുക്കായിരുന്നു ശ്രദ്ധേയം. ആദ്യ മിനിറ്റു മുതല്‍ തുടങ്ങിയ കാഴ്ച ലോങ് വിസില്‍ വരെ നീണ്ടു. അഗ്യൂറോയെ തീര്‍ത്തും കുരുക്കിയിട്ട റയല്‍ പ്രതിരോധം രണ്ടുതവണ മാത്രമേ അര്‍ജന്‍റീന താരത്തിന് പെനാല്‍റ്റി ബോക്സിനുള്ളില്‍ പന്തുതൊടാന്‍ അവസരം നല്‍കിയുള്ളൂ. ഇതിനിടെ, ഡേവിഡ് സില്‍വ പരിക്കേറ്റു മടങ്ങിയത് ആതിഥേയരുടെ മുന്നേറ്റങ്ങള്‍ക്കും ക്ഷീണമായി.

ഇടവേളയില്‍ ബെയ്ലും ബെന്‍സേമയും തൊടുത്തുവിട്ട ഷോട്ടുകളില്‍ ഒതുങ്ങിയിരുന്നു റയലിന്‍െറ പ്രത്യാക്രമണങ്ങള്‍. എന്നാല്‍, കളിയുടെ അവസാന മിനിറ്റുകളില്‍ സിറ്റിയുടെ വലകുലുങ്ങിയെന്നുറച്ചപ്പോള്‍ ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട് രക്ഷകനായി അവതരിച്ചു. 80ാം മിനിറ്റിലായിരുന്നു ആദ്യ മുന്നേറ്റം. ഗോള്‍പോസ്റ്റിനു മുന്നില്‍നിന്ന് കാസ്മിറോ ഉതിര്‍ത്ത ഹെഡര്‍ ജോ ഹാര്‍ട്ടിനു മുന്നില്‍ കീഴടങ്ങി. സിറ്റി ഗോളി ആദ്യമായി പരീക്ഷിക്കപ്പെട്ട നിമിഷം. മൂന്നു മിനിറ്റ് പിന്നിടുമ്പോഴേക്കും രണ്ടാം രക്ഷാപ്രവര്‍ത്തനവും കണ്ടു. 83ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിലൂടെയത്തെിയ പന്ത് പെപെ പോയന്‍റ് ബ്ളാങ്ക് ഷോട്ടില്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തപ്പോള്‍ ഹാര്‍ട്ട് അവിശ്വസനീയമായി ചാടിവീണു.

നോ റൊണാള്‍ഡോ; നോ റയല്‍ 
ഗാലറിയിലെ കസേരയില്‍ അമര്‍ന്നിരുന്ന് റയലില്‍ തന്‍െറ വില എന്തെന്ന് ക്രിസ്റ്റ്യാനോയും അറിഞ്ഞു. സിറ്റിക്കെതിരെ ഏറെനേരം പന്ത് കൈവശംവെച്ചിട്ടും ഗോളടിക്കാന്‍ റയല്‍ മറന്നപ്പോള്‍ ‘റൊണാഡോയില്ളെങ്കില്‍ റയലുമില്ളെന്നായി’ ഫുട്ബാള്‍ ലോകത്തെ ചര്‍ച്ചാവിഷയം. വിങ്ങില്‍നിന്ന് മാഴ്സലോണ വഴി മധ്യനിര കടന്നത്തെുന്ന പന്തുകള്‍ എതിര്‍ പെനാല്‍റ്റി ബോക്സിലേക്ക് കണക്ട്ചെയ്യാന്‍ തന്നെ ബെയ്ലും ബെന്‍സേമയും വിയര്‍ത്തുമടങ്ങുന്നതായിരുന്നു ഏറെനേരം കണ്ട കാഴ്ച. സ്പീഡും ബോക്സിലെ മുന്നേറ്റങ്ങളും റയല്‍ താരങ്ങള്‍ മറന്നപ്പോള്‍ റാമോസും ജെസെയും പെപെയും ഹെഡറിലൂടെയും ക്ളോസ്റേഞ്ച് ഷോട്ടിലൂടെയും നടത്തിയ ഏതാനും മുഹൂര്‍ത്തങ്ങളില്‍ റയല്‍ ഒതുങ്ങിപ്പോയി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.