ശ്രീകാന്തും സിന്ധുവും മുന്നോട്ട്; തലതാഴ്ത്തി സൈന

റിയോ ഡെ ജനീറോ: ഒളിമ്പിക്സ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്വാള്‍ വെറുംകൈയോടെ മടങ്ങിയപ്പോള്‍ കിടമ്പി ശ്രീകാന്തും പി.വി. സിന്ധുവും ആദ്യ കടമ്പ പിന്നിട്ടു. വനിതാവിഭാഗം ഗ്രൂപ് ജിയില്‍ ഒരോ ജയവും തോല്‍വിയുമായാണ് സൈനയുടെ മടക്കമെങ്കില്‍ ഗ്രൂപ് എമ്മില്‍ രണ്ടു കളിയും ജയിച്ച് സിന്ധുവും പുരുഷവിഭാഗം ഗ്രൂപ് എച്ചില്‍ രണ്ടു മത്സരവും ജയിച്ച് ശ്രീകാന്തും മുന്നേറി. സ്വീഡന്‍െറ ഹെന്‍റി ഹര്‍സകൈനനെയാണ് ശ്രീകാന്ത് നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത്. 34 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-6, 21-18നായിരുന്നു ഇന്ത്യന്‍ താരത്തിന്‍െറ വിജയം. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ശ്രീകാന്ത് രണ്ടാം സെറ്റില്‍ അല്‍പം വിയര്‍ത്തെങ്കിലും ഒടുവില്‍ വിജയത്തിലേക്ക് സ്മാഷുതിര്‍ത്തു. കാനഡയുടെ മിഷേല്‍ ലീയെ 19-21, 21-15, 21-17 എന്ന സ്കോറിന് കീഴടക്കിയായിരുന്നു സിന്ധുവിന്‍െറ വിജയം. നേരത്തെ, ലണ്ടനില്‍ വെങ്കലം നേടിയിരുന്ന താരത്തിന്‍െറ നിഴല്‍മാത്രമായ പ്രകടനത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ലോക റാങ്കിങ്ങില്‍ ഏറെ പിറകിലുള്ള യുക്രെയ്നിന്‍െറ മരിയ ഉലിറ്റിനയോടാണ് സൈന തകര്‍ന്നത്. സ്കോര്‍: 18-21,19-21.

ഗ്രൂപ് ജിയില്‍ ആദ്യ മത്സരത്തില്‍ ബ്രസീലിന്‍െറ വിസെന്‍െറ ലൊഹയ്നിയെ തോല്‍പിച്ചിരുന്നുവെങ്കിലും യുക്രെയ്ന്‍ താരത്തോടുള്ള തോല്‍വി ഹൈദരാബാദുകാരിക്ക് പുറത്തേക്കുള്ള വഴിതുറക്കുകയായിരുന്നു. രണ്ടു മത്സരവും ജയിച്ച ഉലിറ്റിന അടുത്ത റൗണ്ടിലേക്ക് മുന്നേറി.
ലോക അഞ്ചാം നമ്പറായ സൈനയും 61ാം നമ്പറായ എതിരാളിയും തമ്മിലുള്ള മത്സരം ഏകപക്ഷീയമായി ഇന്ത്യ നേടുമെന്നുള്ള കണക്കുകൂട്ടലുകള്‍ ശരിവെക്കുന്ന തരത്തിലായിരുന്നു തുടക്കം. അതിവേഗം 6-1 ലീഡിലേക്ക് കുതിച്ച സൈന പക്ഷേ, പിന്നീടങ്ങോട്ട് തളരുന്നതാണ് കണ്ടത്. 8-8ന് ഒപ്പംപിടിച്ച ഉലിറ്റിന 16-15ല്‍ ലീഡ് നേടിയശേഷം തിരിഞ്ഞുനോക്കിയില്ല. തുടരത്തെുടരെ പിഴവുകള്‍ വരുത്തിയ സൈന അതിവേഗം സെറ്റ് എതിരാളിക്ക് സമ്മാനിച്ചു. രണ്ടാം സെറ്റില്‍ അല്‍പമൊന്ന് മെച്ചപ്പെട്ട ഇന്ത്യക്കാരി 11-10 ലീഡ് നേടിയത് നഷ്ടപ്പെടുത്തി 13-14 പിറകിലായി.

ഉയരക്കൂടുതല്‍ മുതലെടുത്ത് ഉലിറ്റിന മികച്ച സ്മാഷുകളും ഹാഫ് സ്മാഷുകളുമായി കളംനിറഞ്ഞപ്പോള്‍ സാനിയക്ക് സ്വതസിദ്ധമായ ഡ്രോപ്ഷോട്ടുകളും പ്ളേസിങ് ഷോട്ടുകളും പുറത്തെടുക്കാനായതുമില്ല. 17-17ല്‍ ഒപ്പംപിടിച്ചശേഷം പിടിവിട്ട സൈനക്ക് പിന്നീട് തിരിച്ചുവരാനായില്ല. തോല്‍വി ഏറെ വേദനാജനകമാണെന്ന് പറഞ്ഞ സൈന, കാല്‍മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായതായി കൂട്ടിച്ചേര്‍ത്തു. വേദന കാരണം കോര്‍ട്ടില്‍ നന്നായി നീങ്ങാനായില്ല -സൈന പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.