കാല്‍പ്പന്തിന്‍െറ കോഴിക്കോടന്‍ വസന്തകാലത്തിലേക്ക് മുസ്തഫയുടെ ഫ്രീ കിക്ക്

കോഴിക്കോട്: പാകിസ്താന്‍ പ്രതിരോധനിരയില്‍ ഉരുക്കുമതില്‍ തീര്‍ത്ത ഉമറും മധ്യനിരയില്‍നിന്ന് ആക്രമണത്തിന്‍െറ സ്കഡ് മിസൈലുകളുതിര്‍ത്ത മൂസയും ഒളിമ്പ്യന്‍ ബഷീര്‍ നയിച്ച ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റിന്‍െറ ഗോള്‍വലയിലേക്ക് ഒളിയാക്രമണം അഴിച്ചുവിട്ടപ്പോള്‍ ഗാലറിയില്‍ ഉയര്‍ന്ന ആരവങ്ങള്‍ മറന്നിട്ടില്ല പഴയകാല സംഘാടകന്‍ മുസ്തഫ. ഫുട്ബാള്‍ ഒരേസമയം കലയും കലാപവുമാണെന്ന് തെളിയിച്ച കളിക്കമ്പത്തിലേക്ക് വൈരത്തിന്‍െറ വെടിയുണ്ടകള്‍ ഉതിര്‍ത്ത കളിക്കാരുടെ പാദങ്ങള്‍ പതിഞ്ഞ കോഴിക്കോടന്‍ മണ്ണില്‍ പക്ഷേ, കളിപ്പക അതിന്‍െറ അതിര്‍ത്തിവരകള്‍ കാത്തുപോന്നു എന്നും.

ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകള്‍ ശക്തിപ്രാപിച്ചുവരുന്ന, ഇന്ത്യ- പാക് വിഭജനത്തിന്‍െറ മുറിവുണങ്ങാത്ത കാലത്ത് മാനാഞ്ചിറയിലെ പഴയ ഫുട്ബാള്‍ മൈതാനിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ‘യുദ്ധ’ത്തിന്‍െറ നടുക്കുന്ന ഓര്‍മകളുമുണ്ട് ആ മനസ്സില്‍. ഇരുടീമുകളിലും ഭൂരിപക്ഷംപേരും മുസ്ലിംകളായിരുന്നിട്ടും അന്നത്തെ കളിയെ ഹിന്ദു- മുസ്ലിം പോരെന്ന രീതിയിലായിരുന്നു വ്യാഖ്യാനം. എന്നാല്‍, കിക്കോഫിന് വിസിലുയര്‍ന്നതോടെ കോഴിക്കോടന്‍ കളിപ്രേമികള്‍ മതത്തിനും ദേശത്തിനും അതീതമായി ചാമ്പ്യന്മാരായ പാകിസ്താനെയാണ് അന്ന് പ്രോത്സാഹിപ്പിച്ചത്. ഒളിമ്പ്യന്‍ റഹ്മാന്‍െറ സഹോദരന്‍ അബുവും പി.പി. ഉമ്മര്‍കോയയും ഭാരവാഹികളായ യംങ്മെന്‍സ് ക്ളബ് സംഘടിപ്പിച്ചതായിരുന്നു ആ മത്സരം.

ഓര്‍മക്കുറവിന്‍െറയും ശാരീരിക അവശതയുടെയും 74ാം വയസ്സിലും പിതാവ് ചേരിയമ്മല്‍ അസന്‍ മാസ്റ്റര്‍ സ്ഥാപിച്ച എച്ച്.എം.സി.എ (ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ അസോസിയേഷന്‍) പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന അദ്ദേഹത്തിന് ജീവിതാവസാനം വരെ ആ സ്ഥാനത്ത് തുടരണമെന്നാണ് മോഹം. പക്ഷാഘാതം വന്ന് പാതിതളര്‍ന്ന ശരീരവുമായി ചാലിയം സ്കൂളില്‍ അധ്യാപികയായ മകള്‍ റുബീനക്കൊപ്പം കാക്കൂരില്‍ താമസിക്കുമ്പോഴും കളിയുടെ പേരില്‍തന്നെ ആരെങ്കിലും ഓര്‍ത്തല്ളോ എന്ന് സമാശ്വസിക്കുന്നു. കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയില്‍ നിന്ന് അസി. ഡിപ്പോ എന്‍ജിനീയറായി വിരമിച്ച മുസ്തഫ നെഹ്റുകപ്പ് ടൂര്‍ണമെന്‍റിന്‍െറ പബ്ളിസിറ്റി കണ്‍വീനറായിരുന്നു. 30 വര്‍ഷത്തോളം ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍െറ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെ ഭാരവാഹിയായ ആ സംഘാടകന്‍െറ മികവില്‍ നാഗ്ജി, സിസേഴ്സ് കപ്പ് തുടങ്ങി ജില്ലാ ലീഗ് ഫുട്ബാള്‍ വരെ നടന്നു.

നാഗ്ജി ടൂര്‍ണമെന്‍റില്‍നിന്ന് ഒരിക്കല്‍ മുബൈ ടീം പിന്‍വാങ്ങിയപ്പോള്‍ പകരമിറക്കിയ ഗോവന്‍ ടീമിലെ കളിക്കാരില്‍ പലരും നേരത്തേ കളിച്ചവരായിരുന്നു. എന്നാല്‍, കളി കഴിഞ്ഞ ശേഷം മാത്രമേ കാണികള്‍ അത് മനസ്സിലാക്കിയുള്ളൂ. അന്ന് അര്‍ധരാത്രിവരെ കളിക്കളത്തിന് ചുറ്റും തടിച്ചുകൂടിയ കാണികളെ തിരിച്ചയക്കാന്‍ ഏറെ പാടുപെട്ടു. നാഗ്ജി ടൂര്‍ണമെന്‍റ് തിരിച്ച് വരുന്നത് നല്ലതാണ്. കോര്‍പറേഷന്‍ ലാഭത്തില്‍ മാത്രം കണ്ണ് വെച്ചതിനാലാണ് ഇത്രയും വൈകാന്‍ കാരണമെന്നും മുസ്തഫ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.