ഐ.എസ്.എല്‍ ഫൈനലിലെ വിവാദം: എഫ്.സി ഗോവക്ക് അരക്കോടി പിഴ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബാളിന് നാണക്കേടായ ഐ.എസ്.എല്‍ രണ്ടാം സീസണ്‍ ഫൈനലിനൊടുവിലെ നാടകീയ സംഭവങ്ങളുടെ പേരില്‍ എഫ്.സി ഗോവക്ക് 50 ലക്ഷം പിഴ. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനാണ് പെരുമാറ്റച്ചട്ട ലംഘനത്തിന്‍െറ പേരില്‍ ടീമിന് പിഴചുമത്തിയത്. പത്തു ദിവസത്തിനകം തുക അടക്കണമെന്നാണ് നിര്‍ദേശം. മഡ്ഗാവില്‍ നടന്ന ഫൈനലില്‍ ചെന്നൈയിനോട് ഗോവ 3-2ന് തോറ്റിരുന്നു. ഇഞ്ചുറി ടൈമിലെ രണ്ട് ഗോളുകളില്‍ തോല്‍വി വഴങ്ങിയ നിരാശയിലായിരുന്ന ഗോവ ടീം, ചെന്നൈയിന്‍ താരങ്ങളുമായി കലഹിച്ച് സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചതാണ് നടപടിക്ക് വഴിവെച്ചത്. ഗോവ ടീം ഉടമ ദത്തരാജ് സാല്‍ഗോക്കറിനെ ചെന്നൈയിന്‍ മാര്‍ക്വീതാരം എലാനോ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു ഇരു ടീമംഗങ്ങളും ഒഫീഷ്യലുകളും ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത്. എലാനോക്കെതിരെ നടപടി സ്വീകരിച്ചില്ളെന്നാരോപിച്ച്  ടീം ഒന്നടങ്കം ചടങ്ങ് ബഹിഷ്കരിച്ച് കളംവിട്ടു. ഗോവ ടീം ഉടമയുടെ പരാതിയില്‍ എലാനോയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഇന്ത്യന്‍ ഫുട്ബാളിനും നാണക്കേടായി. തുടര്‍ന്ന് മാച്ച് കമീഷണറുടെ റിപ്പോര്‍ട്ടിലാണ് ഗോവ ടീമിനെതിരെ എ.ഐ.എഫ്.എഫ് നടപടി സ്വീകരിച്ചത്. നേരത്തെ, എഫ്.സി ഗോവക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എഫ്.സി ഗോവ ഒഫീഷ്യല്‍ രാജേഷ് മാല്‍ഗിക്ക് നാലു മത്സരങ്ങളില്‍ വിലക്കും ഒരു ലക്ഷം പിഴയും ചുമത്തി.
ഫെഡറേഷനെതിരെ പരാമര്‍ശം നടത്തിയ മോഹന്‍ ബഗാന്‍ കോച്ച് സഞ്ജോയ് സെന്നിന് എട്ടു മത്സരങ്ങളില്‍ വിലക്കും 10 ലക്ഷം പിഴയും കഴിഞ്ഞ ദിവസം ചുമത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.