?????? ??????? ????????????????????????

ഫലസ്തീന്‍ ബാലന് ആശ്വാസമായി ക്രിസ്റ്റ്യാനോ

മഡ്രിഡ്: ശരീരം നുറുങ്ങുന്ന വേദനക്കിടെ അഞ്ചു വയസ്സുകാരന്‍ അഹ്മദ് ദവാബ്ഷാ ഞെട്ടിയുണര്‍ന്ന് ഉമ്മയെ തേടുമ്പോള്‍ ആശുപത്രിയില്‍ കൂട്ടിരിക്കുന്ന അമ്മാവന്‍ ടി.വിയില്‍ അവന് ഫുട്ബാള്‍ കാണിക്കും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്തുമായി കുതിക്കുന്നത് കാണുമ്പോള്‍ കുഞ്ഞു ദവാബ് വേദനകളെല്ലാം മറക്കും. ഉമ്മയുടെയും ഉപ്പയുടെയും കുഞ്ഞനുജന്‍െറയും ഓര്‍മകളില്‍നിന്ന് അവന്‍ അകലും.
 

ദവാബ്ഷാ മഡ്രിഡിലേക്കുള്ള യാത്രാമധ്യേ
 

എട്ടു മാസമായി ഫലസ്തീനിലെ ആശുപത്രിക്കിടക്കയില്‍ ക്രിസ്റ്റ്യാനോയായിരുന്നു ദവാബിന്‍െറ കൂട്ട്. ഉറക്കമുണരുമ്പോള്‍ ഇഷ്ടതാരത്തിന്‍െറ കുപ്പായമണിയിച്ചും ചിത്രങ്ങള്‍ കാണിച്ചും ബന്ധുക്കളും അവനെ ലാളിച്ചു. ഒരിക്കല്‍ ക്രിസ്റ്റ്യാനോയെ നേരിട്ടുകാണിക്കാമെന്നു പറഞ്ഞ് അവനെ ആശ്വസിപ്പിച്ചുറക്കുമ്പോള്‍ അമ്മാവന്‍ നാസര്‍ ദവാബ്ഷാക്കും മറ്റുള്ളവര്‍ക്കും വെറുംവാക്കായിരുന്നു.പക്ഷേ, വെള്ളിയാഴ്ച ദവാബിന്‍െറ സ്വപ്നസാക്ഷാത്കാരമായി. ഒരിക്കലും സാധ്യമല്ളെന്ന് വിശ്വസിച്ച സ്വപ്നം യാഥാര്‍ഥ്യമായ നിമിഷം. വെസ്റ്റ്ബാങ്കില്‍നിന്ന് മൂന്നു ദിവസമെടുത്ത് സ്പെയിനിലെ മഡ്രിഡില്‍ വീല്‍ചെയറിലത്തെിയ അവനെ കാത്തിരുന്നത് മറ്റാരുമായിരുന്നില്ല. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒപ്പം, ഇഷ്ടതാരങ്ങളായ മാഴ്സലോണയും ഗാരെത് ബെയ്ലും.

2015 ജൂലൈയിലായിരുന്നു ദവാബിന്‍െറ ജീവിതം തീയില്‍ വെന്തുരുകിയത്. ജൂതയുവാവ് നടത്തിയ ബോംബാക്രമണത്തില്‍ കൊച്ചുബാലന് നഷ്ടമായത് സ്വന്തം മാതാപിതാക്കളെയും കുഞ്ഞനുജനെയുമായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ ദവാബ് മാത്രം രക്ഷപ്പെട്ടു. 60 ശതമാനത്തോളം പൊള്ളിയ ദവാബ് ആശുപത്രിക്കിടക്കയില്‍ ക്രിസ്റ്റ്യാനോയുടെ ജഴ്സി ധരിച്ച് കിടക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇഷ്ടതാരവുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയത്. നിലവിലെ കോച്ച് കൂടിയായ സിനദിന്‍ സിദാനിലൂടെ ക്രിസ്റ്റ്യാനോയും കുഞ്ഞു ആരാധകന്‍െറ ദീനമറിഞ്ഞു. ഇതോടെയാണ് മുറിവുകളുണങ്ങിയശേഷം മഡ്രിഡിലേക്കുള്ള യാത്രക്ക് അവസരമൊരുങ്ങിയത്. 16ന് വെസ്റ്റ്ബാങ്കില്‍നിന്ന് യാത്രപുറപ്പെട്ട ദവാബ് 18നാണ് മഡ്രിഡില്‍ ക്രിസ്റ്റ്യാനോയെ കണ്ണുനിറയെ കണ്ടത്. ദവാബിനൊപ്പം കുസൃതി കളിച്ച മാഴ്സലോ അവനെ എടുത്തുയര്‍ത്തുകയും പന്തുതട്ടിക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോക്കും ഗാരെത് ബെയ്ലിനുമൊപ്പം ഏറെസമയവും ചെലവഴിച്ചു. റയലിന്‍െറ പരിശീലന ഗ്രൗണ്ടും സാന്‍റിയാഗോ ബെര്‍ണബ്യൂവും ചുറ്റിക്കണ്ട ദവാബ് ഏതാനും മണിക്കൂര്‍ അവിടെ വിശിഷ്ടാതിഥിയായി. റയല്‍ താരങ്ങള്‍ ഒപ്പിട്ട ഫുട്ബാളും ജഴ്സിയും പതാകയും നെഞ്ചോടുചേര്‍ത്താണ് കുഞ്ഞു ആരാധകന്‍ നാട്ടിലേക്ക് മടങ്ങിയത്. മാതാപിതാക്കള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഇന്നും ദവാബിനറിയില്ല. അവനെ എങ്ങനെ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തുമെന്ന് ആശങ്കപ്പെടുന്ന ബന്ധുക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് ലോകത്തെ സൂപ്പര്‍ ക്ളബ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.