റയല്‍ മഡ്രിഡ് -മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം പാദ സെമി ഇന്ന്; റൊണാള്‍ഡോ കളിച്ചേക്കും

മഡ്രിഡ്: റയല്‍ മഡ്രിഡിന്‍െറ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ബുധനാഴ്ച സമനില തെറ്റുന്നത് റയലിന്‍െറയോ മാഞ്ചസ്റ്റര്‍ സിറ്റിയുടെയോ എന്ന് കണ്ടറിയാന്‍ ഒരു പകലിന്‍െറ ദൈര്‍ഘ്യം മാത്രം. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദത്തിലാണ് ഇന്ന് ഇരുവരും കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആദ്യ പാദത്തില്‍ ഇരു ടീമും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞിരുന്നു.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ 14ാം ഫൈനലിനാണ് സിനദിന്‍ സിദാന്‍െറ റയല്‍ മഡ്രിഡ് ലക്ഷ്യംവെക്കുന്നതെങ്കില്‍ ചരിത്രത്തില്‍ ഇടംപിടിക്കുകയാണ് മാനുവല്‍ പെല്ലിഗ്രിനിയുടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലക്ഷ്യം. അനിശ്ചിതത്വത്തിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് കളത്തിലിറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായതാണ് റയല്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ റൊണാള്‍ഡോ കളത്തിലിറങ്ങിയിരുന്നില്ല.
കളത്തിലെ കണക്കുകള്‍ മാഞ്ചസ്റ്ററുകാര്‍ക്ക് ആശ്വസിക്കാന്‍ വകയുള്ളതല്ല. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ സ്വന്തം മൈതാനത്ത് 29 മത്സരങ്ങളില്‍ ഒമ്പതെണ്ണത്തില്‍ മാത്രമേ മഡ്രിഡുകാര്‍ സമനില വഴങ്ങിയിട്ടുള്ളൂ. ഇരുവരും മുഖാമുഖം കണ്ടപ്പോള്‍ നാലില്‍ രണ്ടു വിജയം റയലിനൊപ്പം നിന്നപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു.

പക്ഷേ, അതൊന്നും പെല്ലിഗ്രിനിയെ ആശങ്കപ്പെടുത്തുന്നില്ല. മഡ്രിഡില്‍ തന്‍െറ കുട്ടികള്‍ അദ്ഭുതം പ്രവര്‍ത്തിക്കുമെന്നും മിലാനിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.പക്ഷേ, വാക്കുകള്‍പോലെ എളുപ്പമാകില്ല കളിക്കളത്തില്‍. റൊണാള്‍ഡോ കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയതോടൊപ്പം പരിക്കിലായിരുന്ന സഹതാരം കരീം ബെന്‍സേമയും കളിക്കുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. ഇരുവരുടെയും അസാന്നിധ്യത്തില്‍ ടീമിനെ തോളിലേറ്റിയ ഗാരെത് ബെയ്ലിനോടൊപ്പം ക്രിസ്റ്റ്യാനോയും ബെന്‍സേമയും കൂടി ചേരുമ്പോള്‍ റയല്‍ ആക്രമണത്തിന് മൂര്‍ച്ച കൂടും.

പ്രീമിയര്‍ ലീഗില്‍ സതാംപ്ടണെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്‍െറ ആഘാതത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. നാട്ടില്‍ കിരീടം കൈവിട്ട സ്ഥിതിക്ക് ചാമ്പ്യന്‍സ് കിരീടമാണ് ലക്ഷ്യംവെക്കുന്നത്. അര്‍ജന്‍റീനന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയുടെ ബൂട്ടിലാണ് കോച്ചിന്‍െറയും ആരാധകരുടെയും പ്രതീക്ഷ. റഹീം സ്റ്റര്‍ലിങ്ങും യായാ ടുറെയും കെലേച്ചി ഇഹാനേച്ചിയും കൂടെ ചേരുമ്പോള്‍ സിറ്റിയുടെയും നിര മോശമാകില്ല. അടുത്ത സീസണില്‍ പടിയിറങ്ങുന്ന പെല്ലിഗ്രിനിയും ആഗ്രഹിക്കുന്നത് രാജകീയ വിടവാങ്ങലാണ്. അതുകൊണ്ടുതന്നെ എന്തെല്ലാം തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് കണ്ടറിയാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.