'സഞ്ചാരികളേ, കായിക പ്രേമികളേ... ഇതുവഴി വന്നേക്കരുതേ'

റിയോ ഡി ജനീറോ: സമ്പാദ്യമെല്ലാം മുടക്കി വിമാനടിക്കറ്റും ഗാലറി ടിക്കറ്റുമെടുത്ത് ഒളിമ്പിക്സ് ആഘോഷമാക്കാന്‍ ബ്രസീലിലേക്ക് പുറപ്പെടാനൊരുങ്ങുന്ന സഞ്ചാരികളേ ഇതുവഴി വരരുത്. നിങ്ങള്‍ സ്വന്തം ജീവിതം കൊണ്ടാണ് കളിക്കുന്നത്.സ്വന്തം നാട്ടില്‍ തന്നെ തങ്ങുന്നതാവും ഏറ്റവും നല്ലത് -റിയോ ഒളിമ്പിക്സിനായി ബ്രസീലിലേക്ക് പറക്കാനൊരുങ്ങുന്ന വിദേശികള്‍ക്കാണ് ഈ മുന്നറിയിപ്പ്. ഉപദേശിക്കുന്നത് ആരെന്നല്ളേ. ബ്രസീലിന്‍െറ ഏറ്റവും മികച്ച ഫുട്ബാളര്‍മാരില്‍ ഒരാളും ലോകകപ്പ് ചാമ്പ്യന്‍ ടീമംഗവുമായ സാക്ഷാല്‍ റിവാള്‍ഡോ. കായിക ലോകം കാത്തിരിക്കുന്ന ഒളിമ്പിക്സിന് 87 ദിവസം മാത്രം ബാക്കിനില്‍ക്കെ റിവാള്‍ഡോ സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നടിച്ചത് സംഘാടകര്‍ക്കും സര്‍ക്കാറിനും ക്ഷീണമായി.

ഒളിമ്പിക് നഗരിയായ റിയോയിലെ പ്രധാന തെരുവുകളിലൊന്നില്‍ കൗമാരക്കാരി കവര്‍ച്ചാസംഘത്തിന്‍െറ വെടിയേറ്റുമരിച്ച സംഭവമാണ് റിവാള്‍ഡോയെ ഇങ്ങനെയൊരു പ്രഖ്യാപനത്തിന് പ്രേരിപ്പിച്ചത്. ഒളിമ്പിക്സ് പടിവാതില്‍ക്കലത്തെി നില്‍ക്കുമ്പോഴും ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്താനും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും പൊലീസിന് കഴിയുന്നില്ളെന്നും റിവാള്‍ഡോ വ്യക്തമാക്കുന്നു. പൗരന്മാര്‍ക്കുതന്നെ സുരക്ഷിതത്വമില്ലാത്ത നാട്ടില്‍ സഞ്ചാരികളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാനാവുമെന്ന് മുന്‍താരം ചോദിക്കുന്നു. ഞായറാഴ്ചയാണ് ബിയാട്രിസ് പെരേരയെന്ന 17കാരി റിയോ തെരുവില്‍ എട്ടംഗ സംഘത്തിന്‍െറ കവര്‍ച്ചാശ്രമത്തിനിടെ കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം സഞ്ചരിക്കവെയാണ് അക്രമി സംഘം കാര്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയത്. ചെറുക്കുന്നതിനിടെ വെടിയേറ്റാണ് കൗമാരക്കാരി മരിച്ചത്. കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു.

സംഭവം ബ്രസീലിലെങ്ങും വിവാദവുമായി. ഒളിമ്പിക്സ് നഗരിയിലെ അക്രമം വിദേശരാജ്യങ്ങളിലും വാര്‍ത്തയായി. ഇതിനിടെയാണ് റിവാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘ദൈവത്തിനു മാത്രമേ ബ്രസീലിനെ രക്ഷിക്കാനാവൂ’ എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. റിവാള്‍ഡോയുടെ വെളിപ്പെടുത്തല്‍ ബ്രസീലിന് മാനക്കേടായെങ്കിലും പിന്തുണയുമായി നാട്ടുകാര്‍ തന്നെ രംഗത്തത്തെി. ഒളിമ്പിക്സ് ഒരുക്കങ്ങളുടെ ഭാഗമായി ക്രിമിനല്‍ സംഘങ്ങളെ തുടച്ചുനീക്കാനായിരുന്നു സംഘാടകര്‍ വന്‍തുക നീക്കിവെച്ചത്. ഇതിനായി മയക്കുമരുന്നിനും കൊള്ളസംഘങ്ങള്‍ക്കുമെതിരെ റെയ്ഡുകളും സൈനിക നടപടികളും തുടരുകയും ചെയ്തു. പക്ഷേ, വര്‍ധിക്കുന്ന തൊഴിലില്ലായ്മ ക്രിമിനല്‍ സംഘങ്ങളിലേക്ക് യുവാക്കളെ എത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 60 ലക്ഷം പേര്‍ താമസിക്കുന്ന റിയോയില്‍ 2015ല്‍ മാത്രം 1202 കൊലപാതക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.