മലപ്പുറം: ഐ.എസ്.എല്‍ ടീമായ എഫ്.സി പൂണെ സിറ്റി സ്പെയിനിലേക്ക് പരിശീലനത്തിനയച്ച മലപ്പുറത്തുകാരന്‍ ആഷിഖ് കുരുണിയന്‍ ഇപ്പോള്‍ ‘സ്വപ്നലോക’ത്താണ്. ലാ ലീഗയുടെ മണ്ണില്‍ ലോകത്തെ മുന്‍നിര ക്ളബുകളിലൊന്നായ വിയ്യാറയലാണ് താരത്തെ കൊണ്ടുപോയിരിക്കുന്നത്. അതാവട്ടെ സ്പാനിഷ് പത്രങ്ങളുടെ കായിക പേജുകളില്‍ വലിയ വാര്‍ത്തയുമായി. സ്പെയിനില്‍ അരങ്ങേറ്റംതന്നെ ഗോളോടെ തുടങ്ങി പരിശീലകരുടെയും മനം കവര്‍ന്നിരിക്കുകയാണ് ആഷിഖ്.
ഇന്ത്യന്‍ താരത്തിന് കളിക്കാന്‍ അവസരമൊരുക്കി കഴിഞ്ഞദിവസം വിയ്യാറയലിന്‍െറയും സി.ഡി റോദയുടെയും സി ടീമുകള്‍ കളത്തിലിറങ്ങി. വിയ്യാറയലിന്‍െറ ജഴ്സിയിലാണ് ആഷിഖ് എത്തിയതെങ്കിലും അവരുടെ മറ്റൊരു ടീമായ റോദക്ക് വേണ്ടി കളിക്കാനായിരുന്നു നിര്‍ദേശം. സ്വന്തം ടീമാണ് എതിരാളികളെന്നൊന്നും ആഷിഖ് നോക്കിയില്ല. എട്ടാം മിനിറ്റില്‍ത്തന്നെ സ്കോര്‍ ചെയ്തു. 80 മിനിറ്റ് കളിക്കാന്‍ ഈ മുന്നേറ്റക്കാരന് അവസരം ലഭിച്ചു. വിയ്യാറയല്‍ സി ടീം 3-2ന് കളി ജയിച്ചെങ്കിലും ആഷിഖിന്‍െറ കരുത്തില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ റോദക്ക് കഴിഞ്ഞു.
സ്പെയിനിലെയും ഇന്ത്യയിലെയും ഫുട്ബാള്‍ തീര്‍ത്തും വ്യത്യസ്തമാണെന്നാണ് ആഷിഖ് പറയുന്നത്. വേഗവും കടുപ്പമുള്ളതുമാണ് അവിടുത്തെ കളി. റോദ ടീമില്‍ സ്പാനിഷ് താരങ്ങള്‍ മാത്രമേയുള്ളൂ. വിയ്യാറയലില്‍ ഇതര രാജ്യക്കാരുമുണ്ട്. രാത്രിയാണ് പരിശീലനം. വിയ്യാറയല്‍ സി ടീമിനൊപ്പംതന്നെ പരിശീലനം തുടരുമെന്ന് ആഷിഖ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.