മഡ്രിഡ്: ഗ്രീക് ചാമ്പ്യന്മാരായ ഒളിമ്പിയാകോസിന് ഗ്രൂപ് റൗണ്ട് കടക്കാനാവുമോയെന്ന് ഇന്നറിയാം. ന്യൂകാംപിൽ ബാഴ്സയോട് ഏറ്റുമുട്ടാൻ സ്പെയിനിലേക്ക് വിമാനം കയറിയ ടാകിസ് ലിമോണിസിനും സംഘത്തിനും കറ്റാലന്മാരെ തളക്കണമെങ്കിൽ തന്ത്രം പലതും പയറ്റേണ്ടിവരും. രണ്ടു മത്സരങ്ങളും തോറ്റ ഒളിമ്പിയാകോസിന് ഇന്ന് ജയിച്ചാലേ ഇനി കാര്യമുള്ളൂ. സൂപ്പർ ഫോമിലുള്ള മെസ്സിയെയും സംഘത്തെയും അതിജയിക്കാൻ നന്നായി പാടുെപടേണ്ടിവരും. അതും ന്യൂകാംപിൽ. ചരിത്രത്തിൽ ആദ്യമായാണ് ഗ്രീക് ചാമ്പ്യന്മാർ ബാഴ്സയോട് ഏറ്റുമുട്ടാൻ പോവുന്നത്.
യുവൻറസിനോട് പഴയ കണക്ക് (3-0) വീട്ടിയാണ് ചാമ്പ്യൻസ് ലീഗിന് ബാഴ്സലോണ തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തിൽ സ്പോർട്ടിങ്ങിനെയും (1-0) തോൽപിച്ച കറ്റാലൻ നിര വമ്പൻ ഫോമിലാണ്. ഏണസ്റ്റോ വാൽവർഡെയുടെ തന്ത്രങ്ങളിൽ മുന്നേറുന്ന ബാഴ്്സയെ ലാ ലിഗയിൽ ഇതുവരെ ആർക്കും തോൽപിക്കാനായിട്ടില്ല. അവസാന മത്സരത്തിൽ അത്ലറ്റികോ മഡ്രിഡിനെ അവരുടെ തട്ടകത്തിൽ 1-1ന് തളക്കുകയും ചെയ്തു. ഹോം ഗ്രൗണ്ടിലെ അവസാന 22 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല. ഒസ്മാനെ ഡംബലെയുടെ അഭാവത്തിൽ 4-4-2 ഫോർമേഷനിൽ തന്നെയായിരിക്കും വാൽവർഡെ താരങ്ങളെ അണിനിരത്തുന്നത്.
അതേസമയം, സ്പെയിനിൽനിന്ന് വേർപെട്ടു പോകാനുള്ള കാറ്റലോണിയയുടെ ശ്രമങ്ങൾക്കിടെ, ന്യൂകാംപിൽ പ്രശ്നങ്ങളുണ്ടാവുേമായെന്ന കാര്യത്തിൽ ബാഴ്സക്ക് ആശങ്കകളുണ്ട്. ന്യൂകാംപിലെ അവസാന മത്സരത്തിൽ കാണികളെ പ്രവേശിക്കാൻ അനുമതി നൽകാതെയാണ് ബാഴ്സ മത്സരം നടത്തിയത്. നേരത്തേ കാറ്റലോണിയൻ പതാക കാണികൾ ഉയർത്തിയതിന് ബാഴ്സക്ക് യുവേഫ പിഴയിട്ടിരുന്നു. മറ്റു മത്സരങ്ങളിൽ ഇംഗ്ലീഷ് വമ്പൻ ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡ് പോർചുഗീസ് ക്ലബ് ബെൻഫികയെ നേരിടുേമ്പാൾ, ബയേൺ മ്യൂണിക് സെൽറ്റികിനെയും പി.എസ്.ജി ആൻഡർലെഷ്റ്റിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.